Saturday, May 30, 2020

കമ്മൂണിസം മായുന്ന ചുമരെഴുത്തുകൾ - ഭാഗം 2

കമ്യൂണിസം എന്ന വാക്കിന്റെ വരവ് കോമൺ എന്ന അർത്ഥമുള്ള ലാറ്റിൻ പദത്തിൽ നിന്നാണ്.



രാഷ്ട്രീയ ചിന്ത എന്ന നിലയിലും ഭരണ സംവിധാനമെന്ന നിലയിലും കോമൺ എന്ന പദത്തിന്റെ നിരന്തരമായ പ്രയോഗം ഒരൊറ്റ രാഷ്ട്രത്തിലേ കാണപ്പെടുന്നുള്ളൂ. അത് ഇംഗ്ലണ്ട് മാത്രമാണ്. ഹൗസ് ഓഫ് കോമൺസ്, കോമൺവെൽത്ത്, എന്നിങ്ങനെ നിരന്തരമായി ആ പദം ഇംഗ്ലീഷ് വ്യവസ്ഥിതിയിൽ ആവർത്തിക്കപ്പെട്ടു വന്നു.
1642 മുതൽ 1652 വരെ വളരെ ചെറിയ ഒരു കാലയളവിൽ മാത്രം പരീക്ഷിക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് ജീവിതം ഡിഗ്ഗേർസ് അഥവാ ട്രൂലവലേർസ് നടപ്പാക്കിയതാണ്.അതിന്റെ അധിക വായന താഴെയുള്ള ലിങ്കിൽ നൽകിയിട്ടുണ്ട്.
1649 ലാണ് അവർ ആദ്യ സമൂഹ ജീവിതം ആരംഭിച്ചത്. അന്നത്തെ ഭൂവുടമകളെ ഞെട്ടിച്ചു കൊണ്ട് അവർ ഒഴിഞ്ഞ പറമ്പുകൾ കൈവശപ്പെടുത്തി കൃഷിയിറക്കി. വിളവുകൾ കൂട്ടമായി ശേഖരിച്ച് വീതം വെച്ചു. ചരിത്രത്തിലാദ്യമായി സ്വയം പര്യാപ്തമായ ഒരു കാർഷിക സമൂഹം ആവിർഭവിച്ചു.പുറം ലോകത്തിന്റെ കമ്പോളങ്ങളെയോ അധികാരകേന്ദ്രങ്ങളേയോ ഒട്ടും ആശ്രയിക്കാതെ ഒരു സമൂഹം പിച്ചവെച്ചു നടന്നു.
ഒന്നാം ആഭ്യന്തര യുദ്ധത്തിലൂടെ ബ്രിട്ടീഷ് രാജഭരണം അടിയറവു പറയുകയും ഒലിവർ ക്രോംവെല്ലിന്റെ കിരാത ഭരണം വിജയിക്കുകയും ചെയ്ത കാലമായിരുന്നു അത്. അന്നത്തെ ഭൂവുടമകൾ ട്രൂലെവലേർസിനെതിരെ ക്രോം വെല്ലിന്റെ സഹായം തേടി. ലോകത്തെവിടേയും വിപ്ലവങ്ങളെ അടിച്ചമർത്താൻ ഭരണകൂടം ഉപയോഗിക്കുന്ന തന്ത്രം തന്നെ ക്രോംവെൽ നിർദ്ദേശിച്ചു. ഭൂവുടമകളുടെ ഗുണ്ടകൾ ട്രൂലെവലേർസിനെ ആക്രമിച്ചു. കൃഷിയിടങ്ങൾ തീയിട്ടു, വാസസ്ഥലം കൈയേറി. അവരുടെ പരാതികൾ ഭരണകൂടം ആദ്യം അവഗണിച്ചു. പിന്നിട് ശക്തമായി ഇടപെട്ടു.
ട്രൂലെവലേർസ് എന്ന ആദ്യ കമ്യൂൺ മണ്ണിനടിയിലായി.
പിന്നീടൊരിക്കലും ഉയിർക്കാത്ത ക്രിസ്ത്യൻ കമ്മ്യൂണിസം എന്നാണ് ഞാൻ അതിനെ വിളിക്കാൻ ഇഷ്ടപ്പെടുന്നത്.
പക്ഷെ ബാല്യത്തിലേ മരണപ്പെട്ട ആ പരീക്ഷണം പിന്നീട് കാൾ മാർക്സിനേയും എംഗൽസിനേയും ബ്രിട്ടനിലേക്ക് ആകർഷിച്ച വലിയ ഒരു രാഷ്ട്രീയ പോരാട്ടത്തിന് വഴിമരുന്നിട്ടു. സമത്വം എന്നത് എന്താണെന്നും സമത്വസുന്ദരമായ ഒരു സമൂഹം എങ്ങനെയായിരിക്കുമെന്നും ചൂണ്ടിക്കാണിക്കാൻ ഒരു ഉദാഹരണമായി ട്രൂലെവലേർസ് നടത്തിയ പോരാട്ടം പ്രകീർത്തിക്കപ്പെട്ടു.
(നാളെ :ബ്രിട്ടീഷ് തൊഴിലാളികളുടെ പോരാട്ടം)
ട്രൂ ലെവലേർസിനെ കൂടുതലറിയേണ്ടവർക്ക് ഈ ലിംഗ് നോക്കാവുന്നതാണ്.

No comments:

Post a Comment