Saturday, May 30, 2020

കമ്മൂണിസം മായുന്ന ചുമരെഴുത്തുകൾ - ഭാഗം 1

തുടക്കം ഈശ്വര പ്രാർത്ഥനയിലാവാം. അതല്ലേ നല്ലത്?!

കമ്മൂണിസം മായുന്ന ചുമരെഴുത്തുകൾ - ഭാഗം 2

കമ്യൂണിസം എന്ന വാക്കിന്റെ വരവ് കോമൺ എന്ന അർത്ഥമുള്ള ലാറ്റിൻ പദത്തിൽ നിന്നാണ്.

കമ്മൂണിസം മായുന്ന ചുമരെഴുത്തുകൾ - ഭാഗം 3


ചിത്രത്തിലുള്ളത് മിശിഹായല്ല, അപ്പോസ്തലനുമല്ല. ഇംഗ്ലീഷ് ചക്രവർത്തിമാരിൽ ഏറ്റവും ദുർബലനായ എഡ്വേഡ് രണ്ടാമനാണിത്.

സാത്താൻ ലൂയിസ്

ആദ്യ വെട്ടിൽ മഴു വിറകിൽ ആഴ്ന്നു പോയി. എത്ര വലിച്ചിട്ടും കിട്ടുന്നില്ല. ലൂയീസ് മുറുമുറുത്തു,
"ഇരുമ്പു പോലുള്ള തടിയേ ഇവറ്റയ്ക്ക് കിട്ടൂ. ഇക്കാലത്ത് ഇവറ്റയല്ലാതെ വിറകു കീറിക്കുന്നവർ ആരാനുമുണ്ടോ? ശവങ്ങൾ. "


ലൂയീസ് ഇടം കാൽ മണ്ണിൽ ഊന്നി വലം കാൽ കൊണ്ട് മരത്തെ ചവിട്ടിപ്പിടിച്ച് ആഞ്ഞു വലിച്ചു. ഹോ ഊരിക്കിട്ടി. മഴു തലയ്ക്കു മീതേ വരെ ഉയർത്തി ലൂയിസ് ആഞ്ഞു വെട്ടി ,ഹ്സ് എന്ന ശബ്ദത്തോടൊപ്പം മഴു തടിയിൽ ആഴമുണ്ടാക്കി. ഓരോ വെട്ടിനും
" ഹ്സ് ഹിസ് ഹിസ് " എന്ന ശബ്ദത്തോടെ മഴു വിറകിനെ പിളർത്തി. "ചെകുത്താൻ മറു ഭാഷ തുടങ്ങി. " ഫിലോമിനത്തള്ള കൊന്തയിൽ മുറുക്കിപ്പിടിച്ചു കൊണ്ട് പിറുപിറുത്തു.
" ലൂയി എന്റെ കൂടെപ്പടിച്ചതാ. തള്ളേ മിണ്ടാതവിടെ ഇരുന്നോ " തങ്കച്ചൻ അമ്മയെ ശാസിച്ചു.
കുഞ്ഞുങ്ങൾ ജനാലയിലൂടെ ലൂയിസിനെ നോക്കി. മണ്ണിനെ ചവിട്ടിപ്പിടിച്ച ആ പാദത്തിലെ ഏഴു വിരലും നോക്കി.'' ഹ്സ് " എന്നു ചീറ്റുമ്പോൾ ലൂയിസിന്റെ വായ തുറന്ന് ഉള്ളിലെ നാക്ക് കാണായി . അറ്റം രണ്ടായി കീറിയ നാക്ക് പാമ്പിന്റേതു പോലെ. അവന്റെ ചോരക്കണ്ണുകൾ കുഞ്ഞുങ്ങളെ നോക്കി. "സാത്താൻ ലൂയിസ് " , കുഞ്ഞുങ്ങൾ ഭയന്നു നിലവിളിച്ചു. ചോരക്കണ്ണും , കാലിൽ പതിനാലു വിരലും വായിൽ ഇരട്ട നാക്കുമുള്ള സാത്താൻ.
"എടാ പിള്ളേരെ ,അവന്റെ കണ്ണിൽ പെടണ്ട, സാത്താനാണ്. " തള്ള പിള്ളേരെ ശകാരിച്ചു.
ലൂയിസ് പണി നിർത്തി ബീഡിക്ക് തീപറ്റിച്ചു. " ലൂയിച്ചാ വലിച്ച് കേറ്റിക്കോ, ഇപ്പോ കണ്ണേ ചോന്ന്ട്ട്ള്ളൂ .ചോര തുപ്പി ചാവണ്ട" തങ്കച്ചൻ സ്നേഹത്തോടെ ഗുണദോഷിച്ചു.
തങ്കച്ചന്റെ ഭാര്യ പൊന്നിച്ചു വളർത്തുന്ന റഷ്യൻ പൂച്ച അതു ശരിവെക്കും മട്ടിൽ മുരണ്ടു.
"ഒറ്റാന്തടിയായ ഞാൻ ചോര തുപ്പിയാലെന്തേ ചത്താലെന്തേ തങ്കച്ചാ"
ലൂയിസ് ചിരിച്ചു.
എന്നിട്ട് തിരിച്ചു നടക്കുന്ന തങ്കച്ചനെ  പകയോടെ നോക്കി.
"ഭാര്യയെ ജർമ്മനിയിൽ പണിക്കു വിട്ടിട്ട് പൂച്ചയെ കളിപ്പിക്കുന്ന പോങ്ങൻ " അവൻ മനസ്സിൽ പറഞ്ഞു.
പണി തുടരവേ പൂച്ച അവന്റെ കാലിനിടയിൽ മേലുരുമ്മി .വെറുപ്പോടെ അവൻ അതിനെ ചവിട്ടിത്തെറിപ്പിച്ചു. ഓടിപ്പോകുന്ന പൂച്ചയെ അവൻ ദഹിപ്പിക്കുന്ന നോട്ടം നോക്കി. നാക്കു കൊണ്ട് ചിറി നക്കി.
വിറകു കീറിത്തീർന്ന ശേഷം ലൂയിസ് പറമ്പിന്റെ തെക്കേ മൂലയിൽ ഒരു കുഴിയെടുത്തു."എന്തിനാ ലൂയിച്ചാ ആ കുഴിച്ചത്?"തങ്കച്ചൻ ചോദിച്ചു. "വെയിസ്ട് ഇടാൻ വെട്ടിയതാ " ലൂയിസ് കൂലിയും വാങ്ങി പടിയിറങ്ങി. അപ്പോഴേ ഫിലോമിന കൊന്തയിലെ പിടി വിട്ടുള്ളൂ."എടാ നിനക്ക് വിറകു കീറാൻ ഇവനെയേ കിട്ടിയുള്ളോ? കുഴിവെട്ടി ലാസറിന്റെ മോനായ ആ സാത്താനെ ഇനി പണിക്കു കയറ്റരുത്. അവൻ നമ്മടെ ശവക്കുഴി വെട്ടും '' അവർ മകനോട് കെറുവിച്ചു.
''ഓരോരോ അന്ധവിശ്വാസങ്ങൾ'' മകൻ ചിരിച്ചു.
മുറ്റത്ത് കടി പിടിയും ബഹളവും കേട്ട് കുഞ്ഞുങ്ങൾ ഓടിപ്പോയി നോക്കി. തെരുവുനായ്ക്കൾ പൂച്ചയെ കടിച്ചു കൊന്നിരിക്കുന്നു. അവരുടെ കരച്ചിലിനിടയിൽ തങ്കച്ചൻ ചത്ത പൂച്ചയെ കുഴിച്ചിടാൻ പറമ്പിന്റെ തെക്കേ മൂലയിലേക്ക് പോയി.
ഞെട്ടലോടെ അവൻ കണ്ടു. ഒത്ത ഒരു ശവക്കുഴി. പൂച്ചയുടെ വലിപ്പം അളന്ന പോലെ , തലയ്ക്കൽ രണ്ടു മരക്കമ്പുകൾ കൂട്ടിക്കെട്ടി ഒരു കുരിശും നാട്ടിയിരിക്കുന്നു.

*      *     *    *     *       *

ലൂയിസ് കൂളിക്കുന്നിന്റെ ചെരിവിലൂടെ വീട്ടിലേക്ക് നടന്നു.ഷാപ്പിലെ കള്ളും കപ്പയും ഞണ്ടും വയറ്റിൽ കിടന്നു തുള്ളി.


എരുവച്ചാലിൽ നിന്ന് കൂളിക്കുന്നിലേക്കു നടക്കാൻ ലൂയിസ്സല്ലാതെ വേറെയാളില്ല. അവനല്ലാതെ മനാമനുഷ്യൻ ആ വഴി വരില്ല. വീട് കഴിഞ്ഞാൽ വഴി തിരിയാത്ത കാടാണ്.
ലൂയിസിന്റെ ചെറുപ്പത്തിൽ ഒരുരാത്രി വേട്ടക്കാർ ആ വഴി കാടുകയറി.കാലൊച്ച കേൾക്കുന്ന ഭാഗത്തേക്ക് നോക്കി അപ്പൻ വിളിച്ചു പറഞ്ഞു,
"ചെകുത്താൻ പാറ ചവിട്ടല്ലേടാ, കരിങ്കാളി തല ചെത്തും "
"കൂയ്.ഉവ്വേ, തല ചെത്താനിങ്ങ് വരട്ട്, അവടെ തല തെച്ചിപ്പൂവാക്കും" അവരിലൊരാൾ കാട്ടിലേക്ക് നിറയൊഴിച്ചു.
"കുഴി വെട്ടി ലാസറേ ,നിന്റെ കരിങ്കാളി ഉറങ്ങിയോടാ! പറ്റിപ്പിടിച്ച് കെടക്കെടാ നായേ" മറ്റവൻ വഷളച്ചിരി ചിരിച്ചു.
"ഇയാളിങ്ങാട്ടു വര്ന്നിണ്ടാ, അവറ്റയോട് ലഹളക്കു പോണ്ട'', ലൂസി ഭർത്താവിനെ വിളിച്ച് വീട്ടിനകത്തു കയറ്റി.
"ചെക്കന്റ ഉറക്കം ഞെട്ടിയോടീ ?" ലാസർ ലൂയീസിന്റെ തലയിൽ വിരലോടിച്ചു. അവൻ ഉറക്കം നടിച്ചു കിടന്നു.
"നിന്നെയല്യേടീ ഓല് കരിങ്കാളീന്ന് വിളിച്ചത്?"
''നിങ്ങക്ക് പിന്നെ വെള്ളച്ചീനെ കിട്ടും, കാട്ടു മാക്കാനേ'', ലൂസി ഇളകിച്ചിരിച്ചു.ചിരിയടങ്ങും മുൻപേ അവൻ ഉറങ്ങിപ്പോയിരുന്നു.
ആ രണ്ടു നായാട്ടുകാർ മലയിറങ്ങിയില്ല.
പിറ്റേന്നു പകൽ നാട്ടുകാർ മലകയറി.
അവരുടെ ശവം മലമുകളിലെ ചെകുത്താൻപാറയിൽ കണ്ടെത്തി.തലയില്ലാത്ത ശവങ്ങൾ.തലയുടെ ഭാഗത്ത് തെച്ചിപൂക്കൾ കൂനകൂട്ടിയിട്ടുണ്ടായിരുന്നു.

*    *   *    *   *    *   *    *

ലാസറിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.ജനം വേലിക്കപ്പുറത്തു നിന്ന് നാടകം കാണുകയാണ്. ലൂസി വീടിന്റെ അരഭിത്തിയിൽ ചാരി നിസ്സഹായയായി ഇരുന്നു.

ലൂയിസ് അമ്മയുടെ പിന്നിലൊളിച്ചു.ചെറുക്കൻ പേടിച്ച് ട്രവുസറിൽ മുള്ളിയതിന്റെ നനവ് അവളറിഞ്ഞു.പോലീസേമാന്മാർ ചുറ്റും നിന്ന് ലാസറിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് അവർ തന്നെ തിരിഞ്ഞു നോക്കുന്നുണ്ട്.
തടിച്ചു കുടവയറുള്ള ഇൻസ്പെക്ടർ കൈകാട്ടി അവളെ വിളിച്ചു.
ലൂസി ചെറുക്കനേയും പിടിച്ചു വലിച്ച് അവരുടെ അടുത്തേക്കു പോയി. മൂത്രച്ചൂരു സഹിക്കാതെ ഇൻസ്പെക്ടർ മുഖം ചുളിച്ചു.
പോലീസാണെങ്കിലും അയാൾക്ക് മനുഷ്യപ്പറ്റുണ്ടായിരുന്നു.
"പേടിക്കണ്ടെടാ നിന്റെ അച്ഛനെ ഞങ്ങൾ വെറുതേ വിടാം, നീ സത്യം പറഞ്ഞാൽ മാത്രം. രാത്രി നീ വെടിയൊച്ച കേട്ടിരുന്നോടാ"?
"ഉവ്വ്'' അവൻ തലയാട്ടി.
" എന്നിട്ട്?'
''ഞാൻ പേടിച്ചു കണ്ണടച്ചു കിടന്നു "
" നിന്റെ അപ്പനും ആരെങ്കിലുമായി വഴക്കുണ്ടാക്കുന്നത് കേട്ടാരുന്നോടാ ?''
'' ഇല്ല സാറേ, അപ്പനുമമ്മച്ചിയും വന്നു കെടന്നുറങ്ങി " .
ഇൻസ്പെക്ടർ എഴുന്നേറ്റു നടന്നു.
"പോയ്ക്കോടാ ലാസറേ,ചെക്കന്റെ ട്രൗസറുമാറ്റിക്കൊടുക്ക് "
ജനം പോലീസിന് വഴി മാറിക്കൊടുത്തു.പോലീസിന്റെ വഴി തടഞ്ഞു കൊണ്ട് കുറുങ്കാട്ടിൽ മാണി നിന്നു. ലൂയിസിന്റെ കൂടെ പഠിക്കുന്ന തങ്കച്ചന്റെ അപ്പൻ.
മാണി എന്ന മാനുവേൽ. ഇടവകക്കമ്മറ്റിയിലെ പ്രമുഖൻ.
'' അവൻ തന്നെയാ സാറേ കൊന്നത്. ഒറ്റയ്ക്ക് രാത്രി മല കയറാൻ മറ്റാർക്കും പറ്റില്ല. പിടിച്ചു കൊണ്ടുപോയി പറയിക്കണ്ട പോലെ പറയിച്ചാൽ കേസു തെളിയും."
ഇൻസ്പെക്ടർക്ക് അതു തീരെ രസിച്ചില്ല. കാക്കി ട്രൗസറിന്റെ താഴെ തുടയിൽ തട്ടിക്കൊണ്ട് അയാൾ മാണിയോട് വഴി മാറാൻ പറഞ്ഞു.മാണി വീണ്ടും എന്തോ പറയാൻ മുതിർന്നു .അപ്പോഴേക്കും മുഖമടച്ച് അടി വീണു. പിറകേ അടിതെറ്റി മാണിയും വീണു.
അവനെ തൂക്കിയെടുത്ത് ജീപ്പിലിട്ടു.
"ഇവനോട് ചോദിക്കണ്ടതു പോലെ ചോദിച്ചിട്ട് വിടാം.",
ഇന്സ്പെക്ടർ പ്രഖ്യാപിച്ചു.
പോലീസ് പോയതിനു പിന്നാലെ ഇടവക പ്രമാണിമാരും സ്റ്റേഷനിലേക്കു പോയി. ഇൻസ്പെക്ടറെ കാണേണ്ടതു പോലെ കണ്ടു.
''ചത്തവർ ചത്തു. വിട്ടേക്ക് സാറെ.മാണിയെ ഉപദ്രവിക്കരുത്.''
പോലീസ് മാണിയെ വിട്ടയച്ചു.പിന്നെ ആ പേരിൽ പോലീസ് ചെകുത്താൻ പാറയിലേക്ക് കയറിയില്ല.
പച്ചോല മെടഞ്ഞതിൽ പൊതിഞ്ഞ് രണ്ടു ശവങ്ങൾ മോർച്ചറിയിൽ നിന്ന് പുറപ്പെട്ടു.
"വീട്ടിൽ കയറണ്ട, തലയില്ലാത്തവരെ അങ്ങോട്ടെടുത്തിട്ട് ആർക്കു കാണാൻ? സെമിത്തേരിയിലേക്ക് വിട്. ലാസറിനെ വിളിക്ക്.കുഴി വെട്ടിക്ക്'' പ്രമാണിമാരിൽ ഒരുവൻ തിടുക്കപ്പെട്ടു.
സെമിത്തേരിയുടെ കവാടം തുറന്നു കിടക്കുന്നു. നാട്ടുകാരെല്ലാം പുറത്തു നിൽപ്പാണ്. ലാസർ എത്തിയിട്ടില്ല, വിളിക്കാൻ ആളു പോയിട്ടുണ്ട്.
" കൊന്നാൽ പാപം കുഴിച്ചിട്ടാൽ തീരും ", ആരോ തമാശ പറഞ്ഞു.
ശവങ്ങൾക്കൊപ്പം നാട്ടുകാർ സെമിത്തേരിയിൽ കയറി.
അവിടെ രണ്ടു ശവക്കുഴികൾ
അവർക്കായി കാത്തിരിപ്പുണ്ടായിരുന്നു.
ലാസർ അപ്പോഴും പോലീസ് ഇരുത്തിയ അതേയിടത്ത് ഇരിപ്പായിരുന്നു. ലിസി അവനെ വിളിച്ചു. അതൊന്നും കേൾക്കാതെ അവൻ ചെകുത്താൻ പാറയിലേക്കു നോക്കി ഏതോ ഭാഷയിൽ എന്തോ പുലമ്പി.
'' ഹ്സ് ഹ്സ് ഹ്സ്'' എന്ന ശബ്ദം മാത്രമേ അവൾക്കു മനസ്സിലായുള്ളൂ.
കുഴിവെട്ടുമ്പോൾ ലാസർ ഉണ്ടാക്കുന്ന അതേ ശബ്ദം.

*     *    *   *    *    *    *     *     *

ഫാദർ അന്റോണിനസ് ബിഷപ്പ് ഹൗസിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് രണ്ടു കുഞ്ഞാടുകളുടെ തല പോയതും മാണിയെ പോലീസു പിടിച്ചതും വിട്ടതുമെല്ലാം അറിഞ്ഞത്. ഭാവ വെത്യാസമില്ലാതെ അദ്ദേഹം തൊപ്പിയും ളോഹയും മര സ്റ്റാന്റിൽ തൂക്കി. ഒറ്റ ശ്വാസത്തിൽ സംഭവങ്ങൾ വർണ്ണിക്കുന്ന കപ്യാരെ അച്ചൻ ഒന്നു നോക്കി.

"അച്ചോ, ആ ലാസറു തന്നെയാവും കൊന്നത്. അവൻ പക്ഷെ പ്രാന്തനെപ്പോലെ വീട്ടുമുറ്റത്തിരുപ്പാണ്.പോലീസു പോയ ശേഷം അവൻ ഇരുന്നേട ത്തിരിപ്പാണ്.അച്ചോ, പക്ഷെ ആരോ സെമിത്തേരിയില് രണ്ടു കുഴികുത്തിയിരിക്കുന്നു. കണ്ടിട്ട് പുതുകുഴിയല്ലച്ചോ. കൊച്ചച്ചൻ പറഞ്ഞതുകൊണ്ട് ആ കുഴികളിൽത്തന്നെ ശവമടക്കു നടത്തി."

ഫാദർ അന്റോണിനസ് പെട്ടെന്ന് എഴുന്നേറ്റ് കൊച്ചച്ചന്റെ മുറിയിലേക്ക് നടന്നു. '' അച്ചനീ വയ്യാത്ത കാലും വെച്ച് നടക്കണോ? കൊച്ചച്ചനെ വിളിച്ചാൽ പോരെ?"
കപ്യാര് പിന്നാലെ നടന്നു കൊണ്ട് പറഞ്ഞു.
അച്ചൻ നിന്നു, '' തൊമ്മിയേ, കുശിനിയിൽ തിന്നാനെന്തുണ്ട്?''.

"അച്ചോ, ആപ്പവും സ്റ്റൂവും മുട്ടക്കറിയുമുണ്ട്.''

" നീ പോയി രണ്ടു തൂക്കുപാത്രത്തിൽ  നാലാൾക്കുള്ള ആപ്പവും സ്റ്റൂവും എടുത്തു വെക്ക്. മുട്ടക്കറി വേണ്ട. കൊച്ചച്ചനേയും കൂട്ടി ഞാൻ വരാം.''.

കൊച്ചച്ചനെ കാണാൻ കൂടെവരേണ്ട എന്നാണ് അപ്പറഞ്ഞതിന്റെ അർത്ഥമെന്ന് കപ്യാർക്ക് മനസ്സിലായി.

ഫാദർ അന്റോണിനസ് തന്റെ കൊച്ചച്ചനോട് സംസാരിക്കുമ്പോൾ എപ്പോഴും സ്വകാര്യത സൂക്ഷിച്ചു. അദ്ദേഹം കൊച്ചച്ചനോട് എല്ലാം ചോദിച്ചറിഞ്ഞു.
''കുളിച്ചതാണേലും ഒന്നു കൂടി കുളിച്ചേച്ചു വാ.നമുക്ക് ചെകുത്താൻ പാറയ്ക്ക് പോണം".
അതൊരു ആജ്ഞയായിരുന്നു. ശിഷ്യന് അനുസരിക്കാതെ വയ്യ.

രണ്ടു പാത്രത്തിൽ ആപ്പവും കറിയുമായി രണ്ടച്ചന്മാരും പുറപ്പെട്ടു. അസാധാരണമായ ഗൗരവത്തോടെയാണ് അദ്ദേഹം ജീപ്പോടിക്കുന്നതെന്ന് കൊച്ചച്ചൻ ശ്രദ്ധിച്ചു. തൊപ്പിയും വടിയും കൂടാതെ ഒരു തോൾസഞ്ചിയും ശ്രദ്ധയോടെ അദ്ദേഹം തൊട്ടടുത്ത് സീറ്റിൽ വെച്ചിരുന്നു. തന്റെയൊപ്പം ഇരിക്കേണ്ടെന്ന സന്ദേശമാണതെന്ന് പിൻസീറ്റിലിരുന്നു കൊണ്ട് കൊച്ചച്ചൻ ആലോചിച്ചു. ശിഷ്യൻ ഗുരുവിനൊപ്പം നടക്കരുത് ,ഇരിക്കരുത്. പിന്നിലേ നടക്കാവൂ, ഇരിക്കാവൂ.

ലാസറിന്റെ വേലിക്കൽ ജനം കൂടിയിട്ടുണ്ട്. ലാസറിന് പ്രാന്തിളകി.മംഗലാപുരത്ത് പള്ളിവക പ്രാന്താസ്പത്രിയുണ്ട്. കൊണ്ടു പോകാൻ ജീപ്പ് ഉടൻ വരും.ജീപ്പിന്റെ ഇരമ്പൽ കേൾക്കുന്നുണ്ട്. കയറ്റം കയറി എത്താൻ സമയമെടുക്കും. അതു പക്ഷെ പള്ളിയിലെ ജീപ്പായിരുന്നു.അവർ പുരോഹിതരെ കണ്ട് ഉപചാരം ചൊല്ലി വഴി മാറി നിന്നു. പോലീസിന്റെ അടി കൊണ്ടു നീരു വെച്ച മുഖവുമായി  കുറുങ്കാട്ടിൽ മാണിയുമുണ്ട്. ആരും പറമ്പിൽ കയറരുതെന്ന് അച്ചൻ  വിലക്കി.

അച്ചൻ ലിസ്സിയോട് നാലു നാക്കില വെട്ടിക്കൊണ്ടു വരാൻ പറഞ്ഞു. ഒരു കുടം വെള്ളവും വേണം.
ലാസർ അച്ചൻ വന്നിട്ടും അറിഞ്ഞമട്ടില്ല. അവൻ കണ്ണു മിഴിച്ച് ചെകുത്താൻ പാറ നോക്കി ഏതോ ഭാഷയിൽ പുലമ്പുകയാണ്.

ലിസ്സി നാക്കിലയും വെള്ളവും കൊണ്ടുവന്നു. അച്ചൻ ലിസ്സിയോട് എന്തോ ചെവിയിൽ പറഞ്ഞ ശേഷം നാക്കിലകൾ മാത്രം വാങ്ങി .കൊച്ചച്ചനോട് തൂക്കുപാത്രങ്ങളുമായി കൂടെ വരാൻ പറഞ്ഞ് ചെകുത്താൻ പാറയുടെ നേർക്ക് നടന്നു. അപ്പോൾ ലാസറിന്റെ ഒച്ചയുയർന്നു.കൊച്ചച്ചൻ ഭയത്തോടെ തിരിഞ്ഞു നോക്കാൻ പോയപ്പോൾ അച്ചൻ വിലക്കി.തന്റെ തലയിൽ ആരോ വലിയ ഭാരം കയറ്റി വെച്ചതു പോലെയും കാലുകളിൽ ആരോ പിടിച്ച് പുറകോട്ട് വലിക്കുന്നതായും അയാൾക്ക് തോന്നി.
" തിരിഞ്ഞുനോക്കരുത്. നിന്റെ ഭയം അവനറിയരുത്. ആരുമറിയരുത്. പാത്രങ്ങൾ നിലത്തുവെക്കൂ.'' അച്ചൻ കൊച്ചച്ചനോടു പറഞ്ഞു.

ഫാദർ അന്റോണിനസ് നടത്തം നിർത്തി. ലാസറിനെ പ്രകോപിപ്പിക്കണ്ട എന്നദ്ദേഹത്തിനു തോന്നിക്കാണും.തോൾസഞ്ചിയിൽ   നിന്നും ചുവന്ന നിറത്തിലുള്ള ബൈബിൾ പുറത്തെടുത്തു, അത് കൊച്ചച്ചനു നൽകി." തുറക്കരുത്" എന്നാജ്ഞ നൽകി. സെമിനാറി വിട്ട ശേഷം റോമൻ ലിപി കണ്ടിട്ടില്ലാത്ത താൻ ആ ബൈബിൾ തുറന്നാലും വായിക്കാനാവില്ല എന്ന് അയാൾ ഉള്ളിൽ പറഞ്ഞു. ചുവന്ന ഭംഗിയുള്ള ആ പുസ്തകം കൊച്ചച്ചന്റെ കൈയിൽ എത്തിയപ്പോൾ ഒരു ചെറുവിറയൽ അയാൾക്കുണ്ടായി.തലയുടെ ഭാരവും കാലുകൾക്കുണ്ടായിരുന്ന പിടുത്തവും അയഞ്ഞു.

ഫാദർ നാലു നാക്കിലകൾ നിലത്തു വിരിച്ചു. പാത്രങ്ങൾ തുറന്ന്  അപ്പവും സ്റ്റൂവും നാലിലയിലും വിളമ്പി. എന്നിട്ട് ചെകുത്താൻ പാറയുടെ നേരെ നോക്കി കൈകൾ ആകാശത്തേക്ക് ഉയർത്തി ഏതോ ഭാഷയിൽ പ്രാർത്ഥിച്ചു. തന്റെ സെമിനാരീ പഠനത്തിനിടയിൽ കേട്ടിട്ടുള്ള ഭാഷകളിലൊന്നും ഇതുപോലെയൊന്ന് കേട്ടിട്ടില്ലല്ലോ എന്ന് കൊച്ചച്ചൻ അമ്പരന്നു.
അച്ചൻ പ്രാർത്ഥന നിർത്തി ഇലകളിൽ ഒന്നിലെ അപ്പത്തെ കൈയിലെടുത്ത് ചെകുത്താൻ പാറയുടെ നേർക്ക് നടന്നു. പിറകിൽ ലാസറിന്റെ പുലമ്പൽ ഉച്ചത്തിലായി.അതൊന്നും ശ്രദ്ധിക്കാതെ ഫാദർ അന്റോണിനസ് മല കയറി. അത്ഭുതത്തോടെ കൊച്ചച്ചൻ കണ്ടു. അച്ചൻ തൊപ്പിയും വടിയും ഷൂസുകളും ഉപേക്ഷിച്ചാണ് മല കയറുന്നത്.തൊണ്ണൂറു കഴിഞ്ഞ ആ    വൃദ്ധൻ ഒരു വരയാടിനെപ്പോലെ അനായാസമായി മല കയറിപ്പോയി.

*     *    *   *    *    *    *     *     *

   ഒലിവുമല കയറിയ യേശുവിനെ ശിഷ്യന്മാർ പ്രതീക്ഷിച്ചു നിന്നതുപോലെ ജനം ഫാദർ അന്റോണിനസിന്റെ തിരിച്ചു വരവു കാത്തിരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും അവർക്ക് ഫാദറായിരുന്നു. ഇറ്റലിയിലെ ധനാഢ്യന്റെ ഏക മകൻ. പിതാവ് ചെറുപ്പത്തിലേ മരിച്ചതിനാൽ ആ സമ്പന്നതയിൽ വളർന്നവൻ.പ്രായപൂർത്തിയായ ദിവസം നോക്കി നടത്തിപ്പുകാരനായ റസീവർ താക്കോലുകളും കണക്കു പുസ്തകങ്ങളും അദ്ദേഹത്തെ ഏൽപ്പിച്ച് ചുമതല ഒഴിഞ്ഞു. അവ തുറന്നു നോക്കാതെ അദ്ദേഹം തന്റെ സമ്പത്തുകൾ ക്രിസ്തീയ സഭയ്ക്ക് ദാനം ചെയ്ത് യേശുവിന്റെ ദാസനായി. സഭ നിർദ്ദേശിച്ച പ്രകാരം ഇരുപതാം വയസ്സിൽ മിഷനറിയായി അദ്ദേഹം ഭാരതത്തിലെത്തി.മലനാടിനെ ക്രിസ്തീയമാക്കാൻ നിയുക്തനായ ഇടയൻ.

ജനം അച്ചന്റെ തിരിച്ചുവരവിനായി കാത്തു നിന്നു. അവരുടെ കാഴ്ച്ചയിൽ ആദ്യം  കുടവുമായി നിൽക്കുന്ന ലിസ്സിയും ചെറുക്കനും, തൊട്ടു മുന്നിൽ ഇരുന്ന് കാൽമുട്ടിൽ താടിയൂന്നി ദൂരെ ചെകുത്താൻമലയിലേക്കു നോക്കി പുലമ്പുകയും  വിറയ്ക്കുകയും ചെയ്യുന്ന ലാസർ  , മലയുടെ താഴെ മൂന്നു നാക്കിലകളിൽ അപ്പവും സ്റ്റൂവും അതിനു കാവൽ നിൽക്കുമ്പോലെ കൊച്ചച്ചനും.

    മലയിറങ്ങി ആ മലയാട് പോയ അതേ വേഗതയിൽ തിരിച്ചുവന്നു.കൊച്ചച്ചനെ ശ്രദ്ധിക്കാതെ അദ്ദേഹം ലാസറിന്റെയടുത്തേക്ക് കുതിച്ചു. വിശുദ്ധമായ ഒരു പരിമളം കൊച്ചച്ചന് അനുഭവപ്പെട്ടു.ഫാദർ ആന്റോണിനസിന്റെ കൈക്കുമ്പിളിൽ ആപ്പമല്ല കാട്ടുപൂക്കളാണ് എന്ന് അയാൾ തിരിച്ചറിഞ്ഞു.കറുത്ത വണ്ടുകൾ അദ്ദേഹത്തെ ചുറ്റുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വെളുത്ത മുഖം നിറം മാറി ഉലയിലെ സ്വർണ്ണം പോലെ തിളങ്ങി.കണ്ണുകൾ വജ്രം പോലെ മിന്നി. വജ്രക്കല്ലുകൾ പിടിപ്പിച്ച സ്വർണ്ണ മോതിരം പോലെ ആ മുഖം വിളങ്ങി. ദൈവത്തിന്റെ വിരലിലണിഞ്ഞ മോതിരം .

ഒലിവുമലയിറങ്ങി വന്ന യേശുവിനെ ശിഷ്യന്മാർ സംശയിച്ച പോലെ കൊച്ചച്ചനും സംശയിച്ചു പോയി. അദ്ദേഹം തന്നെയോ ഇത്?!

ജനക്കൂട്ടത്തിൽ നിന്നും മാണി ഉച്ചത്തിൽ പരിഹസിച്ചു, ''അച്ചനിപ്പം കുടത്തിലെ വെള്ളത്തെ വീഞ്ഞാക്കും, അപ്പത്തെക്കൊണ്ട് നമ്മളെ മുക്കുമുട്ടെ തീറ്റും''. ആരോ അവന്റെ തലയ്ക്കു കിഴുക്കി.
'' എരണക്കേടു പറയുന്നോടാ ?!''

ഫാദർ അന്റോണിനസ് ലാസറിന്റെ ഇടത്തേ ചെവിയിൽ എന്തൊക്കെയോ മന്ത്രിച്ച് ഊതി. എന്നിട്ട് ലാസറിന്റെ കണ്ണുകളിൽ ദൃഷ്ടിയുറപ്പിച്ച് കുറച്ചു നേരം നിന്നു.പതിയെ ലാസറിന്റെ വിറ ശാന്തമായി. പകരം ഫാദറുടെ കാലടികൾ മുതൽ വിറച്ചു തുടങ്ങി. അതേ പൂമണവുമായി ഒരു കാറ്റ് വീശുംപോലെ കൊച്ചച്ചന്ന് തോന്നി.ആ കാറ്റിൽ ഒരു തെച്ചിക്കോലുപോലെ ഫാദർ അന്റോണിനസ് നിന്നു വിറകൊണ്ടു. അദ്ദേഹത്തിന്റെ പൂക്കൾ നിറഞ്ഞ കൈക്കുമ്പിൾ വിറച്ചുകൊണ്ട് തലയ്ക്കു മുകളിലേക്ക് പൊങ്ങി. പൂചൂടിയ  ചെടി പോലെ ! പെട്ടെന്ന് മാന്ത്രികമായ ഒരു ചലനത്തിലൂടെ ആ പൂക്കൾ ശക്തിയായി ലാസറിന്റെ ശിരസ്സിലേക്ക് പതിച്ചു.അതേസമയം ഒരു കുടം വെള്ളവും ലാസറിന്റെ തലയിൽ വീണു. ബോധം മറഞ്ഞ് പിറകോട്ട് അവൻ  മറിഞ്ഞു വീണു. കുടം താഴെയിട്ട് അവന്റെ ലിസി അവനെ താങ്ങി. കൊച്ചച്ചനെ തള്ളി മാറ്റിക്കൊണ്ട് ഒരു കാറ്റ് മലമുകളിലേക്കു കടന്നു പോയി. അയാൾ     ഭയന്ന് വിറച്ച് ഫാദറിന്റെയടുത്തേക്ക് ഓടി .

ഫാദർ ലാസറിന്റെ നെറ്റിയിൽ മൃദുവായി തടവി.ഇടതു ചെവിയിൽ ഏതോ മന്ത്രം മൂന്നു തവണ ചൊല്ലി. ലാസർ കണ്ണുതുറന്നു.ഫാദറിനെ തിരിച്ചറിഞ്ഞ ബഹുമാനത്തിൽ ചാടി  എഴുന്നേറ്റു. ലൂയിസിന്റെ തലയിൽ തഴുകി വാത്സല്യത്തോടെ അദ്ദേഹം ലിസ്സിയോടു പറഞ്ഞു,
" ആ മൂന്നു വാഴയിലയിലേയും അപ്പവും കറിയും നിങ്ങൾക്കുള്ളതാണ്. പാവം ഇവന് വിശന്ന് പള്ള വേദനിക്കുന്നുണ്ട് ".

ലൂയിസ് അത്ഭുതത്തോടെ ഫാദറിനെ നോക്കി. തന്റെ പള്ള വേദന അദ്ദേഹം എങ്ങനെയറിഞ്ഞു?

ഫാദർ കൊച്ചച്ചന്റെ നേർക്ക് വലതു കൈ നീട്ടി. അയാൾ ആ കയ്യിൽ മുത്തി. ചിരിച്ചു കൊണ്ട് ഫാദർ തന്റെ ബൈബിളിലേക്കു നോക്കി. ജാള്യതയോടെ കൊച്ചച്ചൻ ബൈബിൾ തിരിച്ചു നൽകി. ജനം ദൈവനാമം ചൊല്ലി വഴി മാറിക്കൊടുത്തു.മാണി മാത്രം പുറം തിരിഞ്ഞു നിന്നു.

ഫാദർ ജീപ്പിൽ കയറി സ്റ്റാർട്ടു ചെയ്തു, കൊച്ചച്ചൻ പിറകിൽ കയറി. എന്തോ മറന്ന പോലെ ഫാദർ തല പുറത്തേക്കിട്ടു വിളിച്ചു, "എടാ മാണീ ,ഇങ്ങോട്ടു വാടാ". അദ്ദേഹം അടുപ്പക്കാരെപ്പോലും എടാ എന്നു വിളിക്കാത്തതാണ്. ഇതെന്തു പറ്റി എന്ന് കൊച്ചച്ചൻ അമ്പരന്നു.
മാണി കൃത്രിമ ബഹുമാനത്തോടെ ഓടി വന്നു.ഫാദറിന്റെ മുന്നിൽ കൈ കെട്ടി നിന്നു. മറ്റാരും കേൾക്കാതെ ഫാദർ അവനോടു ചോദിച്ചു, " നിന്റെ കൂട്ടാളികളാണല്ലേ ചത്തു പോയത്? വേട്ടയ്ക്കും കഞ്ചാവു നടാനും ആളെ വിടുന്നത് നിർത്തിക്കോണം ?ഇനി മല ചവിട്ടിയാൽ അവറ്റയെപ്പോലെ  നീയും തീരും!"
വിളറി വിയർത്ത മാണിയെ അവന്റെ പാട്ടിന് വിട്ട് ജീപ്പ് മലയിറങ്ങി.

''ഫാദർ ,സംശയം ചോദിച്ചോട്ടെ? അങ്ങ് ബാധയൊഴിപ്പിക്കാൻ ബൈബിൾ ഉപയോഗിക്കാഞ്ഞതെന്തേ?"

ഫാദർ ഒന്നും മിണ്ടിയില്ല. പള്ളിയിലേക്കുള്ള കവാടം കടന്ന് ജീപ്പ് ഷെഡിൽ കയറ്റി ഓഫ് ചെയ്ത ശേഷം അദ്ദേഹം കൊച്ചച്ചന്റെ കണ്ണുകളിലേക്കു നോക്കി. അദ്ദേഹം ഒന്നും മിണ്ടിയില്ല. പക്ഷെ അതേ പൂക്കളുടെ സുഗന്ധം വീണ്ടും അവിടെ നിറഞ്ഞു.ഫാദർ കരുണയോടെ പറഞ്ഞു.
'' ബാധയോ? ലാസറിനോ? അവനല്ല  നമുക്കാണ് ബാധ. എന്ന് തിരുവസ്ത്രമണിഞ്ഞോ അന്ന് തൊട്ട് നാം ബാധയാൽ ആവേശിതരാണ്. മാമോദീസ ജലത്തിൽ പുണ്യപ്പെടുത്താൻ വന്ന നാം അണക്കെട്ടു പണിതവരെപ്പോലെ മാമോദീസാ ജലത്തിൽ ഈ പ്രദേശത്തെ മുക്കിക്കളഞ്ഞു. ദൈവജനം നാം മാത്രമാണെന്നു നാം തെറ്റിദ്ധരിച്ചു.
മണ്ണിൽ പണിയെടുത്ത് ഉണ്ണുന്നവരെല്ലാം ദൈവജനമാണ്. അവരെ വിധിക്കാൻ നാമാര്?"

പള്ളിയിലേക്ക് നടക്കവേ ഫാദർ അദ്ദേഹത്തിന്റെ ബൈബിൾ കൊച്ചച്ചനു നല്കി. " ഇത് എന്റെ അപ്പൻ വായിച്ചിരുന്നതാണ്. ഇതിലെ ഓരോ വരിയും എനിക്കു മനപ്പാഠമാണ്. ഇതു ഞാൻ കരുതിയതു തന്നെ നിങ്ങൾക്കു തരാനാണ്. മുറിയsച്ചിരുന്നു രഹസ്യമായി വേണം ഇതു വായിക്കാൻ. അൾത്താരയിൽ കാണാത്ത ദൈവത്തെ ഇതിൽ കണ്ടെന്നു വരും.അത്തരം അനുഭവങ്ങൾ ഉണ്ടായാൽ എന്നോടു പോലും പറയരുത്. !"

അന്നു പകലും രാത്രിയും കൊച്ചച്ചൻ ആഹാരമൊന്നും കഴിച്ചില്ല. കുളിച്ച് ശുദ്ധനായി അയാൾ ചുവന്ന പുസ്തകം തുറന്നു. പണ്ടു സെമിനാരിയിൽ വെച്ചു പഠിച്ച ആ വിദേശ ഭാഷ താൻ ഒട്ടും മറന്നിട്ടില്ല എന്നയാൾ തിരിച്ചറിഞ്ഞു. പക്ഷെ പതിയെ അക്ഷരങ്ങൾ മാഞ്ഞു. ലാസറിന്റെ മുഖം പുസ്തകത്തിൽ തെളിഞ്ഞു. ഒരു ചലച്ചിത്രം പോലെ ആ മുഖം അതുപോലെ കറുത്ത കുറേ മുഖങ്ങളായി മാറി. പെട്ടെന്ന് വലിയ പ്രളയജലം അവരെ വന്നു മുക്കി. എങ്ങും ജീവജാലങ്ങളുടെ വിലാപം നിറഞ്ഞു.ആ പ്രളയജലധിയിൽ ഒരു ചെറുനൗകയുമായി ഫാദർ ആന്റോണിനസ് തുഴഞ്ഞെത്തി. പ്രാണരക്ഷതേടി ആയിരങ്ങൾ ആ നൗകയിൽ കയറാൻ ശ്രമിച്ചു.ഫാദർ അവരെ അതിനനുവദിച്ചു.ആളുകൾ കയറുംതോറും ആ നൗക വലുതായി വന്നു. എല്ലാവരും കയറിയ ശേഷം ആ നൗക പതിയെ യാത്രയായി.
പ്രളയജലത്തിൽ മുങ്ങാത്ത ചെകുത്താൻ പാറയിലേക്കും മലയിലേക്കും ആ നൗക ഒഴുകി. അതിനൊപ്പം കൊച്ചച്ചനും ഉറക്കത്തിലേക്ക് ഒഴുകിപ്പോയി.

പിറ്റേന്നു രാവിലെ കപ്യാർ പരിഭ്രമിച്ച് ഫാദറുടെ മുറി വാതിലിൽ മുട്ടി വിളിച്ചു. കൊച്ചച്ചനെ കാണാനില്ല. ളോഹയോ വസ്ത്രങ്ങളോ എടുത്തിട്ടില്ല. ഈ കത്ത് മേശപ്പുറത്തു നിന്നു കിട്ടിയതാണ്.

ആ തുറന്ന കത്ത് ഫാദർ ചെറുചിരിയോടെ വായിച്ചു.
" ഫാദർ. ബൈബിൾ മാത്രം ഞാൻ കൊണ്ടു പോകുന്നു. എന്റെ ഗ്രാമത്തിലേക്ക്!"

*     *    *   *    *    *    *     *     *

സൻഹേഡ്രൻ സമ്മേളിച്ചു. യഹൂദരുടെ പരമോന്നത നീതിപീഠം. എഴുപത്തി ഒന്ന് വൃദ്ധ പുരോഹിതർ ന്യായാധിപരായി. മുഖ്യ റാബി സന്നിഹിതരായ ജനത്തെ നോക്കി.
സുന്ദരനായ ഒരു യുവാവിനെ ജനം മുന്നോട്ടു തള്ളി വീഴ്ത്തി.
'' ഇവൻ മതനിന്ദ നടത്തിയിരിക്കുന്നു. നമ്മുടെ ദൈവം ദേവാലയത്തിൽ മാത്രമല്ല വിശ്വം മുഴുവൻ നിറഞ്ഞവനാണെന്ന് ഇവൻ പ്രസംഗിച്ചിരിക്കുന്നു. യേശു ദൈവപുത്രനാണെന്ന് ഇവൻ പഠിപ്പിക്കുന്നു.ഇവനെ വിധിച്ചാലും ".

മുഖ്യ റാബിയും എഴുപതു റാബിമാരും അവനെ നോക്കി. സ്റ്റീഫൻ തലയുയർത്തി അവരെയും നോക്കി.
മുഖ്യ റാബി അവനോട് പരിഹാസത്തോടെ ചോദിച്ചു, "നമ്മുടെ ദൈവം ദേവാലയത്തിലല്ലെങ്കിൽ വിശുദ്ധ ബലിപീഠമേത്? ദൈവത്തിന് നമ്മുടെ ബലി എവിടെ സമർപ്പിക്കും?"

സ്റ്റീഫൻ  സൻഹേഡ്രന് അഭിമുഖമായി നിവർന്നു നിന്നു.
മുഴങ്ങുന്ന ശബ്ദത്തിൽ അവൻ യഹൂദ ജനത്തോടു പറഞ്ഞു,
"നമ്മുടെ ദൈവം ദേവാലയങ്ങളിൽ മാത്രമല്ല വിളങ്ങുന്നത്. അവൻ മെസോപ്പൊട്ടാമിയയിൽ അബ്രഹാമിനു മുന്നിൽ പ്രത്യക്ഷനായത് ഓക്കുമരങ്ങൾക്കിടയിലത്രെ.
 തന്റെ കൂടാരം വിട്ട് അബ്രഹാം പുറത്തേക്കോടി മണ്ണിൽ കുമ്പിട്ടു.എന്റെ ദൈവമേ, എന്നെ വിട്ടു പോകരുതേ. ഈയുള്ളവൻ ഒരല്പം ജലത്താൽ അവിടുത്തെ പാദം കഴുകട്ടെ, മരത്തണലിൽ വിശ്രമിച്ചാലും, ഈയുള്ളവൻ അങ്ങയ്ക്ക് നിവേദിക്കാൻ അപ്പം തയ്യാറാക്കാം.

പറയൂ യഹൂദ ജനമേ ,ദൈവം പ്രത്യക്ഷനായത് ദേവാലയത്തിലാണോ?
ദൈവം മോസസ്സിനു മുന്നിൽ പ്രത്യക്ഷനായതും ദേവാലയത്തിലാണോ? സീനായ് മലയിലെ മേഘങ്ങൾക്കിടയിലല്ലേ നമ്മുടെ ദൈവം പ്രത്യക്ഷനായത്? അതും ജ്വലിക്കുന്ന അഗ്നിയുടെ രൂപത്തിൽ. പറയൂ യഹൂദ ജനമേ ദേവാലയങ്ങളിൽ മാത്രമാണോ നമ്മുടെ ദൈവം വസിക്കുന്നത്?"

യഹൂദ ജനം അവനെ പ്രസംഗിക്കാൻ അനുവദിച്ചില്ല. മുപ്പത്തി ഏഴു വർഷം മുമ്പ് യഹൂദ ജനം പിലാത്തോസിനോട് ചോദിച്ച അതേ ആവശ്യം ഇവരും  സൻഹേഡ്രനോട് ഉന്നയിച്ചു.സ്റ്റീഫന്റെ വധം. സൻഹേഡ്രൻ ജനവിധി ശരിവെച്ചു.സ്റ്റീഫനെ കല്ലെറിഞ്ഞു കൊല്ലുക.

ജറുസലേം ദേവാലയത്തിന്റെ കിഴക്കേ കവാടത്തിലൂടെ ജനം സ്റ്റീഫനെ ആട്ടിയും തുപ്പിയും നടത്തി.അവിടെ വഴിയരികിൽ ഫരിസേയനായ യോദ്ധാവ് അഭിമാനത്തോടെ ആ ദ്യശ്യം കണ്ടു നിന്നു. ഒരു മതനിന്ദകനെ വധിക്കുന്നത് കാണാനാവുന്നതിൽ പരം പുണ്യമെന്ത്? സാവുൾ എന്ന പോൾ കണ്ടു നിൽക്കെ ജനം അവരുടെ അംഗവസ്ത്രങ്ങൾ ഊരി അവന്റെ കാൽക്കൽ സൂക്ഷിക്കാനേൽപ്പിച്ചു. എന്നിട്ട് കല്ലുകളെടുത്ത് അവർ സ്റ്റീഫനെ എറിഞ്ഞു. ആകാശത്തിലേക്കു നോക്കി കൈകൂപ്പിക്കൊണ്ട് ശാന്തനായി സ്റ്റീഫൻ മരിച്ചുവീണു.

സാവുൾ എന്ന പോൾ മുഖ്യ റാബിയെ കാണാനെത്തിയത് ഡമാസ്ക്കസിലെ ക്രിസ്ത്യാനികളെ  പിടിച്ചുകെട്ടി കൊണ്ടുവരാനുള്ള അധികാരപത്രം വാങ്ങാനായിരുന്നു. ആണായാലും പെണ്ണായാലും താൻ പിടിച്ചുകെട്ടി ഇവിടെ ഹാജരാക്കും. കല്ലുകൾ കരുതി വെക്കുക. അധികാര പത്രവുമായി അയാൾ ഡമാസ്ക്കസിലേക്കു പുറപ്പെട്ടു. ഒരു നേർരേഖ പോലെ ഡമാസ്കസ് തെരുവ് ദൂരെ നിന്നു തന്നെ അവൻ കണ്ടു.അവിടേക്കു പ്രവേശിക്കുമ്പോൾ ദൈവപുത്രൻ മേഘപാളികളിലൂടെ ഉജ്വലമായ ഒരു വെളിച്ചമായി അവനു മുന്നിൽ വഴി തടഞ്ഞു.സാവുൾ എന്ന പോൾ  ആ വെളിച്ചത്തിൽ അന്ധനായിപ്പോയി. ജനം അയാളെ കൈപ്പിടിച്ച് നഗരിയിലെത്തിച്ചു. മൂന്നു രാവും പകലും അവൻ ജലപാനമില്ലാതെ ഉപവസിച്ചു. "എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ കൈവിട്ടതെന്ത്?" എന്ന് അവൻ വലിയ വായിൽ വിലപിച്ചു.ഇരുട്ടു നിറഞ്ഞ അവന്റെ കണ്ണിൽ കല്ലേറു കൊള്ളുമ്പോഴും ശാന്തനായി നേരിട്ട സ്റ്റീഫന്റെ മുഖം തെളിഞ്ഞു. തൂവൽ പോലെയുള്ള കരങ്ങളാൽ ആരോ അവന്റെ മുഖം തഴുകി. കണ്ണുകളിലെ പാട തൂവലാലെന്ന പോലെ ആരോ തുടച്ചെടുത്തു. യേശുവിന്റെ ശിഷ്യനായ അനനിയസിന്റെ കരങ്ങളായിരുന്നു അത്. സാവുൾ പുതിയ കാഴ്ച്ചകൾ കാണാൻ അപ്പോസ്തലനായ പോൾ ആയി കണ്ണുകൾ തുറന്നു.

ഇടവക യോഗത്തിൽ പ്രധാന കസേരയിൽ ഇരുന്ന ഫാദർ അന്റോണിനസ്  ബൈബിളിലെ കാഴ്ച്ചകളിൽ നിന്ന് കണ്ണു തുറന്ന് ചുറ്റുമിരിക്കുന്ന എഴുപത് പ്രമാണിമാരെ നോക്കി. വാതിലിനു പുറത്ത് വിധി കാത്തു നിൽക്കുന്ന ലാസറിനേയും ലൂസിയേയും ലൂയിസിനേയും നോക്കി. അവർക്കു പിറകിലായി ദൂരെ മേഘങ്ങൾ പൊതിഞ്ഞ മലയെ നോക്കി.''എന്റെ ദൈവമേ ,എന്റെ ദൈവമേ ,ഇവരെ കാത്തുകൊള്ളണേ" എന്ന് മനസ്സിൽ പ്രാർത്ഥിച്ചു.

''ഫാദർ ,ഈ കുഴി വെട്ടിലാസർക്ക്  സാത്താൻ സേവയുണ്ട്. കൊല്ലപ്പെട്ടവരുടെ തലകൾ ഇവന് തലയോട്ടിയാക്കാൻ എടുത്തുകാണും. പോലീസ് കേസെടുത്തില്ല. ഇവനെ വെറുതേ വിടാൻ നമുക്കാവില്ല. നാം വേണം ശിക്ഷിക്കാൻ!"ഒരു പ്രമാണി പറഞ്ഞു.
ഫാദർ മനസ്സിൽ സങ്കടപ്പെട്ടു. യഹൂദ ജനവും ഇവരും ഒരുപോലെ. ഹാ കഷ്ടം! മനഷ്യന് ഒരു മാറ്റവുമില്ല. എന്നിട്ട് തന്റെ അഭിപ്രായം പറഞ്ഞു,
'' ഇന്നു തൊട്ട് മൂന്നുനാൾ ഞാൻ ഉപവസിക്കും.ഞായറാഴ്ച കുർബാനയ്ക്ക് ദൈവം എനിക്കു വഴികാട്ടട്ടെ.''

"ആമേൻ " ഇടവകക്കമ്മറ്റി പിരിഞ്ഞു. ലാസർ നിർവ്വികാരനായി നിന്നു. ലൂസി കരഞ്ഞു. ലൂയിസിന് ഒന്നും മനസ്സിലായില്ല.

*     *    *   *    *    *    *     *     *



വയോവൃദ്ധനായ ഫാദർ അന്റോണിനസ് മൂന്നു രാവും പകലും ജലപാനമില്ലാതെ ഉപവസിക്കുന്ന വാർത്ത ആ ഇടവകയിൽ മാത്രമല്ല ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾക്കിടയിൽ അന്നു തന്നെ പരന്നു. അദ്ദേഹത്തിന്റെ ജീവിത ലാളിത്യവും ത്യാഗവും സഭയ്ക്കുള്ളിൽ പ്രസിദ്ധമായിരുന്നു. മാതൃകാ പൗരോഹിത്യവും പരിത്യാഗവും സ്വയം സ്വീകരിച്ച ദാരിദ്രവും ബ്രഹ്മചര്യവും അനുസരണയും പഠിക്കാൻ വൈദിക വിദ്യാർത്ഥികൾക്ക് അദ്ദേഹമായിരുന്നു മാതൃക.സഭയുടെ ആണിക്കല്ലു മുതൽ  മട്ടുപ്പാവുവരെയുള്ളവർക്ക് ഫാദർ പരിചിതനായിരുന്നു. മിഷ്യനറി ജീവിതം ആരംഭിക്കുമ്പോൾ അദ്ദേഹം സഭയ്ക്ക് സമർപ്പിച്ച സമ്പത്തിന്റെ പ്രതിഫലമായി വൈദിക ജീവിതത്തിന്റെ പടവുകൾ കയറാൻ അദ്ദേഹം ഒരുക്കമുണ്ടായിരുന്നില്ല. താൻ പ്രവർത്തനമാരംഭിച്ച ഗ്രാമത്തിൽ തന്നെ മരണം വരെ തുടരാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ സഭ സ്വീകരിക്കുകയായിരുന്നു.

ഇടവകക്കമ്മറ്റിക്കാർ പറഞ്ഞ് വിവരമറിഞ്ഞപ്പോൾ ഓരോ വീട്ടിലും ദു:ഖം നിറഞ്ഞു. പലയിടത്തും അടുക്കളകൾ പുകഞ്ഞില്ല. കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാൻ മാത്രം ചിലർ ഭക്ഷണമുണ്ടാക്കി.

അന്നു വൈകീട്ടു തന്നെ പുതിയ ഒരു കൊച്ചച്ചനെ സഭ ആ ഇടവകയിലേക്കയച്ചു.ഫാദറിന്റെ ആരോഗ്യം ശ്രദ്ധിക്കാനും അപ്പപ്പോൾ ബിഷപ്പിനെ അറിയിക്കാനും അദ്ദേഹത്തെ ശട്ടം  കെട്ടിയിരുന്നു    
ഫാദർ അന്റോണിനസ് തന്റെ ഉപവാസത്തെ അത്രയൊന്നും ഗൗരവത്തിലെടുത്തില്ല. സ്വയം നവീകരണത്തിനും ആത്മബലത്തിനും അദ്ദേഹം ഇത്തരം ഉപവാസങ്ങൾ സാധാരണ  നടത്താറുള്ളതാണ്. കുശിനിക്കാരൻ പോലും അറിയില്ലെന്നു മാത്രം. തനിക്ക് വേണ്ടുന്ന ആഹാരസാധനങ്ങൾ മുറിയിലെത്തിക്കാൻ അദ്ദേഹം നിർദ്ദേശിക്കും. കറികൾ ഒഴിവാക്കി ചപ്പാത്തിയോ പഴവർഗ്ഗങ്ങളോ മതിയെന്ന് നിർദ്ദേശിക്കും. അവ അദ്ദേഹത്തിന്റെ വായിലേക്കല്ല സഞ്ചിയിലേക്കെത്തും. പഴങ്ങൾ സായാഹ്ന സവാരിക്കിടയിൽ കാണുന്ന കുട്ടികൾക്കു നൽകും. ചപ്പാത്തി പക്ഷിക്കോ പട്ടിക്കോ നൽകും.

കുശിനിക്കാരൻ തൊമ്മി വല്ലാതെ സങ്കടപ്പെട്ടു.'' ഒരു മഹാനും സ്വന്തം കുശിനിക്കാരനാൽ സ്നേഹിക്കപ്പെടുന്നില്ല'' എന്ന പരിഹാസം തൊമ്മിക്കറിയില്ലായിരുന്നു. അവിവാഹിതനായ അദ്ദേഹത്തിന് കുശിനി വിട്ട് മറ്റൊരു ലോകമില്ലായിരുന്നു.ഫാദറിനെ സേവിക്കാൻ ദൈവമയച്ച മാലാഖയെപ്പോലെ നിർമലഹൃദയനായിരുന്നു തൊമ്മി .
അദ്ദേഹം കൊച്ചച്ചനെ സമീപിച്ചു.കൊച്ചച്ചന് വേണ്ട ഭക്ഷണമെന്തെന്ന് അന്വേഷിച്ചു.കൊച്ചച്ചൻ തന്റെ മുറിയുടെ ജനാലയ്ക്കൽ ചെന്നു നിന്ന് പുറം കാഴ്ച്ചകൾ കാണുകയായിരുന്നു.മുറിയുടെ വാതിലുകൾ തുറന്നു കിടക്കുകയായിരുന്നു. ഒളിച്ചോടിപ്പോയ കൊച്ചച്ചൻ എപ്പോഴും വാതിലടച്ചിരിക്കുന്നയാളായിരുന്നു. വലിയ ഗൗരവക്കാരൻ. കുശിനിക്കാരൻ വാതിൽക്കൽ നിന്നു മാത്രം സംസാരിച്ചാൽ മതിയെന്ന മട്ടുകാരനായിരുന്നു.

പുതിയ കൊച്ചച്ചൻ നിറഞ്ഞ ചിരിയോടെ തൊമ്മിയെ നോക്കി. ചോദിക്കും മുമ്പേ അദ്ദേഹം പറഞ്ഞു, "മൂന്നുനാൾ എനിക്കും ആഹാരം വേണ്ട, വെള്ളം വേണം. അതുമില്ലെങ്കിൽ ഞാൻ വീണുപോകും.'' ആശ്വാസത്തോടെ തൊമ്മി മടങ്ങി. കുശിനി തുറക്കാതെ തന്റെ മുറിയിൽ വിശ്രമിച്ചു. ഏതോ സമയത്ത് അദ്ദേഹം മയങ്ങിപ്പോയി. ഉറക്കത്തിൽ തൊമ്മി ഒരു ശവമഞ്ചത്തിൽ കിടക്കുന്നതായി സ്വപ്നം കണ്ടു.കൂടിനിന്നവർ പരസ്പരം പറയുന്നത് അദ്ദേഹം കേട്ടു .
" പാവം ഫാദറിന്റെ കൂടെ ഉപവസിച്ചതാണ്. ദൈവം വിളിച്ചു. "
ഞെട്ടിയുണർന്ന തൊമ്മിക്ക് വയറുവേദനിച്ചു.കട്ടിലിൽ എഴുന്നേറ്റിരുന്ന് തൊമ്മി ഛർദ്ദിച്ചു. അപ്പോൾ കുശിനിയിൽ നിന്നും ഏതോ കറിയുടെ മണം തൊമ്മിയറിഞ്ഞു.താൻ അതുവരെ അറിയാത്ത മണം. തൊമ്മി കുശിനിയിലെത്തും മുമ്പേ ഫാദർ അന്റോണിനസ് ചീസ് ചിരകിയിട്ട റൊട്ടിയും കറിയും മേശപ്പുറത്ത് എത്തിച്ചിരുന്നു. നാരങ്ങ വെള്ളവും. രണ്ടു പ്ലേറ്റുകളിൽ അദ്ദേഹം അവ വിളമ്പുകയും ചെയ്തു.
"ആദ്യം നാരങ്ങ വെള്ളം കുടിക്ക്. എന്നിട്ട് കൊച്ചച്ചനെ വിളിച്ചുകൊണ്ടു വാ '' ഫാദർ പറഞ്ഞു.
തന്റെ ക്ഷീണം ഫാദറെ അറിയിക്കാതെ തൊമ്മി കൊച്ചച്ചനെ വിളിച്ചു കൊണ്ടുവന്നു.

ഫാദർ അന്റോണിനസ് കൊച്ചച്ചനെയും തൊമ്മിയെയും ഇരുത്തി. അവരുടെ ഉപവാസം അവസാനിപ്പിച്ചു.'' ഉപവാസം ശീലമില്ലാത്തവർ ചെയ്യരുത്. മനസ്സ് പാകപ്പെട്ടാലേ ഉപവസിക്കാവൂ.'' അദ്ദേഹം ശാസിച്ചു. അവരെ ഉൗട്ടിയിട്ടേ അദ്ദേഹം മുറിയിലേക്കു പോയുള്ളൂ.
''ഇനി താൻ തന്നെ ദേഹണ്ഡിക്കണം, എന്നെ കുശിനിയിൽ കയറ്റരുത്, " അദ്ദേഹം  തമാശ പറഞ്ഞു.

ഇടവകയിലെ അടുക്കളകളും പതിയെ പുകയാനാരംഭിച്ചു.പക്ഷെ അവിടങ്ങളിലൊന്നും അധികം വറക്കലും പൊരിക്കലും ഉണ്ടായില്ല. ഒരു വീട്ടിലൊഴികെ.
മാണിയുടെ ഫിലോമിന മകനായ ബെന്നിയോടു പറഞ്ഞു, "പോയി കൂട്ടിൽ നിന്നും ഒരു കോഴിയെ കൊണ്ടു വാ.നമുക്ക് മൂന്നു ദിവസം സദ്യയുണ്ണണം. ഇന്നു കോഴി, നാളെ ആട് ,മറ്റന്നാൾ പോർക്ക്. നിന്നെ ഞാൻ കൊല്ലാൻ പഠിപ്പിക്കാം."

*     *    *   *    *    *    *     *     *

              
 തങ്കച്ചൻ  ഉറുമ്പുകളുടെ ഘോഷയാത്ര നോക്കി നിന്നു. മുറ്റത്തിന്റെ നടുവിലൂടെ വരിവരിയായി നടന്നു വന്ന ഉറുമ്പുകൾ വീട്ടിന്റെ പടിക്കലെത്തിയപ്പോൾ ഒതുങ്ങി മാറി ബഹുമാനത്തോടെ ചുമരറ്റം ചേർന്ന് അകത്തു കയറി. എന്നിട്ട് എളുപ്പവഴി പോകാതെ മുറിയുടെ തറയും ചുമരും ചേരുന്ന മൂലയിലൂടെ ചുറ്റി തെക്കോട്ട് പിന്നെ കിഴക്കോട്ട്, എന്നിട്ട് വടക്കോട്ട് പൂമുഖവാതിലിന്റെ അരികിലൂടെ അകത്തേക്ക്.ഉറുമ്പുകൾക്കു പോലും അമ്മച്ചിയെ പേടി തന്നെ. അവൻ നിക്കറിനകത്തു കൈയിട്ട് ചട്ടുകം വെച്ചു പൊള്ളിയ ചന്തി തൊട്ടു. മുറിവ് കരിഞ്ഞിട്ടുണ്ട്. അമ്മച്ചിയുടെ ചട്ടുകത്തെ പേടിച്ചാവും ഉറുമ്പുകൾ പോലും ഒളിച്ചു നടക്കുന്നത്.
തലയ്ക്ക് കിഴുക്കിക്കൊണ്ട് ബെന്നിച്ചായൻ അവനെ വിളിച്ചു, "വാടാ നമുക്ക് കോഴിയെ പിടിക്കാൻ പോവാം. അമ്മച്ചി കോഴിയെക്കൊല്ലാൻ പഠിപ്പിക്കുന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് കോഴിയെ, നാളെ ആട്ടിനെ, മറ്റന്നാൾ പന്നിയെ കൊല്ലാൻ പഠിപ്പിക്കും. വാടാ, കോഴിക്കൂട്ടിലേക്ക് പോവാം.'' 

എപ്പോഴും തല്ലുകയും, കിഴുക്കുകയും, പിച്ചുകയും ചെയ്യുന്ന ചേട്ടനെ അവന് ഇഷ്ടമായിരുന്നില്ല .
അമ്മച്ചിയ്ക്കാണെങ്കിൽ ചേട്ടനെ മാത്രമേ ഇഷ്ടമുള്ളൂ. ''എന്റെ പള്ളയിൽ നിന്നെപ്പോലെ ഒരളുങ്ക് വന്നു പെട്ടതെങ്ങനെ?" എന്നു പറയാത്ത ഒരു ദിവസം പോലും അമ്മച്ചിയ്ക്കില്ല. അതു കേട്ടു ചിരിക്കാൻ ചേട്ടനും .
'' ഞാൻ വരുന്നില്ല" അവൻ ഒഴിഞ്ഞുമാറി.

ബെന്നി കൂട്ടിൽ നിന്നും നല്ല മുഴുപ്പുള്ള ഒരു കോഴിയെ പിടികൂടി. മരണം തങ്ങളെ പിടികൂടുന്നതിൽ നിന്ന് രക്ഷപ്പെടാൻ മറ്റു കോഴികൾ ചാടി മാറി. കൂടടച്ച് തങ്ങളിലൊന്നിനെ തൂക്കിയെടുത്തു കൊണ്ടുപോകുന്ന ബെന്നിയെ  നോക്കി അവർ രോഷം കൊണ്ടു. ഏതോ തലമുറയിൽ തങ്ങളുടെ വിമോചകൻ വരുമെന്നും മനുഷ്യരെ കൊക്കു കൊണ്ടു കൊത്തിപ്പിളർത്തുമെന്നും പ്രതീക്ഷിച്ചു കൊണ്ട് അവർ തീറ്റി കൊത്തിപ്പറിക്കുകയും ഇണചേരുകയും വംശപരമ്പര നിലനിർത്തുകയും ചെയ്തു.

അടുക്കളയിൽ ഫിലോമിന കത്തിയുമായി കാത്തിരുന്നു. അരച്ച മുളകും ചേരുവകളുമെല്ലാം ഒരുക്കി വെച്ചു.ബെന്നിയുടെ പിടിയിൽപെട്ട് തലകീഴായി തൂങ്ങിക്കിടന്ന് കോഴി ആദ്യം അവളുടെ കാലുകളും ആപ്രണും കത്തിയും കണ്ടു. കാര്യം മനസ്സിലായ കോഴി പിന്നെ മുകളിലേക്കു നോക്കിയില്ല. കത്തി പിടിച്ചത് ആരായാലെന്ത്?

ഫിലോമിന കോഴിയെ പിടിച്ചു വാങ്ങി. ചിറകുകൾ വലിച്ചു തിരിച്ച് പരസ്പരം കുരുക്കി. മരണത്തിന്റെ കുരുക്കിൽ താൻ പെട്ടുവെന്ന് കോഴി അറിഞ്ഞു.ഇനി വേഗം ആ കത്തി തന്റെ കഴുത്തു കണ്ടിക്കും. കോഴികൾക്ക് കൂടാണ് നരകം, മരണമാണ് സ്വർഗ്ഗം .

ഫിലോമിന കോഴിയെ കാലിൽ പിടിച്ചു പൊക്കി എന്നിട്ടു മകനോടു ചോദിച്ചു," നീ വല്ലതിനേയും മുമ്പു കൊന്നിട്ടുണ്ടോടാ?"

'' ഇല്ലമ്മച്ചീ, ഇതാദ്യമാ" .

ചുമരിലെ പല്ലികളും പാറ്റകളും കോഴിയോടു പറഞ്ഞു, "ചെറുക്കൻ നുണ പറയുകയാണ്. ഞങ്ങളുടെ കൂട്ടരെ എപ്പോഴും അവൻ കുത്തിക്കൊല്ലാറുണ്ട്, ആദ്യമൊക്കെ  സാമ്പ്രാണിത്തിരി കൊണ്ട്, ഇപ്പോഴിപ്പോൾ ബീഡിക്കുറ്റി കൊണ്ട്.'' കോഴി ബെന്നിയെ നോക്കി. ഇത്തിരിപ്പോന്ന ഇവൻ ഇത്ര ക്രൂര നോ?

ഫിലോമിന മകന് വേദപാഠം പഠിപ്പിക്കുകയാണ്.കൂട്ടത്തിൽ കോഴിയും പഠിക്കട്ടെ.
" ആകാശത്തിന്റെ മൂട്ടിലുള്ള സകലതിനേയും ദൈവം നമുക്ക് ആഹാരമാക്കി കൽപ്പിച്ചിരിക്കുന്നു, വിലക്കപ്പെട്ട ചിലവയൊഴികെ.അതിനാൽ മകനെ നീ കൊല്ലാൻ പഠിക്കണം. കൊല്ലുന്നതിൽ ആനന്ദിക്കണം.അത് ദൈവദത്തമായ ആനന്ദമാണ്. ''

അവൾ കൊഴിയെ അറക്കത്തടിമേലെ അനുഷ്ടാനമെന്നപോലെ സ്ഥാപിച്ചു.കോഴി അപ്പോഴും അവളുടെ മുഖം നോക്കിയില്ല.തിളങ്ങുന്ന മുഖമുള്ള  ദൈവതുല്യനായ കത്തിയെ കോഴി നോക്കി.കരുണയോടെ കത്തി അതിന്റെ വായ്ത്തല കാട്ടി ചിരിച്ചു.
ഫിലോമിന കത്തി വീശി. പക്ഷെ മുറിഞ്ഞു വീണത് കോഴിയുടെ കാലുകളായിരുന്നു. അടുത്ത വെട്ടിന് തുടകളും മുറിഞ്ഞു.കോഴി വേദന കൊണ്ടു പിടഞ്ഞു. അതു കാണാൻ കരുത്തില്ലാതെ കത്തി ചോരയിൽ മുഖം പൂഴ്ത്തി.
ബെന്നി ഒന്നും മനസ്സിലാവാതെ അമ്മച്ചിയെ നോക്കി. അവൾ ചോരയുടെ മണം ഘ്രാണിച്ച് മത്തുപിടിച്ചതു പോലെ ചിരിച്ചു.കോഴി പ്രാണവേദനയോടെ പിടഞ്ഞു കരഞ്ഞു. അതിന്റെ ശബ്ദം  പ്രകൃതിയിലെ ജീവകോടികൾ കേട്ടു ."എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ വേഗം കൊല്ലത്തതെന്ത്?''

ഫിലോമിന മകനോട് പറഞ്ഞു.
" ജീവിച്ചു കൊതിതീരാത്ത ജീവികളാണ്. നാം ധിറുതി പിടിച്ചു കൊല്ലരുത്. അവറ്റ നമ്മോട് ഒന്നു കൊന്നു താടീ എന്നു കെഞ്ചണം. അങ്ങനെ സമ്മതം വാങ്ങിച്ചു വേണം കൊല്ലാൻ.''
അവൾ അരച്ച മുളക് മുറിപ്പാടിൽ തേച്ചു കൊടുത്തു.പൊള്ളിപ്പിടയുന്ന കോഴിയെ നോക്കി അവൾ ചിരിച്ചു, "മൊളക് നല്ലോണം പിടിക്കട്ടെ."

ബെന്നി കത്തി കൈയിലെടുത്തു. ഒരു വീശിന് കോഴിയുടെ തല ചെത്തി.
'' കൊറച്ചു കഴിഞ്ഞു മതിയാർന്നു. മിടുക്കൻ. നീ കൊന്നല്ലോ!" അവൾ മകനെ മുത്തി.

തങ്കച്ചൻ കോഴിയുടെ നിലവിളി കേട്ടു .ഉറുമ്പുകൾ വരിയായി നടന്ന് വല്യപ്പച്ചന്റെ മുറിയിലേക്കു പോകുകയാണ്. അവ എന്തോ കണ്ടതുപോലെ ഒന്നു നിന്ന്‌ തലപൊക്കി നോക്കി. കോഴിയുടെ ആത്മാവിനെയാവുമോ? വല്യപ്പച്ചന്റെ മുറിക്കകത്തേക്ക് ഉറുമ്പുകൾക്കേ പ്രവേശനമുള്ളൂ.തോക്കുകളും കാട്ടുപോത്തിന്റെ തലകളുമുള്ള ആ മുറി പൂട്ടിട്ടു പൂട്ടിയിരിക്കുകയാണ്.തങ്കച്ചൻ വാതിലിൽ ചെവിചേർത്തു. വല്ല്യപ്പച്ചന്റെ ഞരക്കം കേൾക്കുന്നുണ്ടോ? 
അതോ ചത്തോ?


*     *    *   *    *    *    *     *     *

  കുറുങ്കാട്ടിൽ ഐപ്പച്ചൻ തന്റെ കട്ടിലിലേക്കു നടക്കുന്ന ഉറുമ്പുകളുടെ ലോങ്ങ് മാർച്ച് കണ്ടില്ല. വാതിലിനു പുറത്ത് ചെവിയോർത്ത് വല്യപ്പച്ചൻ ചത്തോ എന്ന് ആശങ്കപ്പെടുന്ന തങ്കച്ചനെ അറിഞ്ഞില്ല. പുറം തിരിഞ്ഞ് ജനാലയ്ക്കലേക്കു നോക്കി അയാൾ കിടക്കുകയായിരുന്നു. വലിയ ജനാലയുടെ അടച്ച ചില്ലുപാളികളിലൂടെ വെയില് അയാളുടെ മുഖം മുതൽ നെഞ്ചു വരെ പൊള്ളിച്ചു. ഉടുത്ത കൈലിയുടെ മുന്നിലെ മൂത്രത്തിന്റെ നനവ് വെയിൽ നീരാവിയാക്കി. താൻ ചെറുപ്പത്തിൽ പോയ കുടിപ്പള്ളിക്കൂടത്തിലെ രാമൻപിള്ള യാശാൻ മഴയുണ്ടാവുന്ന വിധം പഠിപ്പിച്ചത് ഐപ്പിന് ഓർമ്മ വന്നു. തന്റെ മൂത്രം മുറിക്കുള്ളിൽ മേഘമായി മാറി മഴയായി തന്നെത്തന്നെ കുളിപ്പിക്കുമോ എന്ന് ചിന്തിച്ചപ്പോഴേക്കും രാമൻപിള്ളയാശാന്റെ ചൂരൽ ഐപ്പിന്റെ വലത്തേ തുടയിൽ വീണു കഴിഞ്ഞു.സ്വപ്നമോ സത്യമോ എന്നറിയാൻ ഐപ്പച്ചൻ തിരിഞ്ഞു നോക്കാൻ ശ്രമിച്ചു. കണ്ണും ചെവിയും
ഇടത്തേക്കൈയുമൊഴികെ  ഒന്നും തന്റെ വരുതിയിലല്ലല്ലോ കർത്താവേ എന്നയാൾ തേങ്ങി.

അടുത്ത അടിയോടൊപ്പം ശകാരവും വന്നു വീണപ്പോൾ അയാൾ അറിഞ്ഞു. ആശാനല്ല മാണിയുടെ ആശാട്ടിയാണ്. ചൂരലല്ല ചൂലാണ്. ഫിലോമിന കോപം കൊണ്ട്  തുള്ളുകയാണ്.കിടക്കയിൽ മുള്ളിയതിന്റെ പരുഷമാണ്. ആവതുണ്ടായ കാലത്ത് തന്റെ നിർബന്ധത്തിൽ മാണിച്ചൻ മിന്നുകെട്ടിയ മെലിഞ്ഞ പെണ്ണ് ദുർമന്ത്രവാദിനിയായ ഇസ്രായേൽ റാണി ജെസബലായി മാറുമെന്ന് അയാൾ സ്വപ്നേപി കരുതിയിരുന്നില്ല. അവളുടെ അപ്പനായ വറീതും അമ്മച്ചിയായ കാതറീനയും എന്തു നല്ല മനുഷ്യരായിരുന്നു.ഇവളോ....

ഐപ്പച്ചൻ മരുമകളെ കാണാതിരിക്കാൻ കണ്ണടച്ചു.ഉറങ്ങിയെന്നു കണ്ടാൽ അവൾ വെറുതേ വിട്ടേക്കുമെന്ന് അയാൾ പ്രതീക്ഷിച്ചു. കണ്ണടച്ചതും രാമൻപിള്ളയാശാൻ ചിരിച്ചു.കരടിയെപ്പറ്റിക്കാൻ ഉറക്കം നടിച്ചു കിടന്ന മനുഷ്യന്റെ കഥ പറഞ്ഞു. അപ്പോഴേക്കും അയാളുടെ നടുവിന് നേരെ അവളുടെ ചവിട്ടു വന്നു കഴിഞ്ഞു,
'' തിന്നും മുള്ളിയും ശല്യം ചെയ്യാതെ ഈ തന്ത ചാവുന്നുമില്ലല്ലോ '' എന്ന അവളുടെ നാക്കു കൊണ്ടുള്ള ചവിട്ട് അയാളുടെ ചെവിയിലും പതിഞ്ഞു. ചവിട്ടിച്ചവിട്ടി തന്റെ മരുമകൾ മുന്നേറുകയാണ്. അവളുടെ വഴിയിൽ ഒരു പരവതാനിയായി ആ വൃദ്ധൻ കിടന്നു.ഇവൾ തന്നെ ചവിട്ടിമെതിച്ച്   എങ്ങോട്ടാണ് പോകുന്നതെന്നറിയാൻ അയാൾ കണ്ണു തുറന്നു നോക്കി. നരകവാതിൽ അവൾ തന്നെ തട്ടിത്തുറക്കുന്നത് അയാൾ കണ്ടു. അവൾ തുറന്നത് ജനാലയായിരുന്നു. അവൾ ചവിട്ടിത്തുള്ളിക്കടന്നു പോയി.വാതിലിലൂടെ .എന്നിട്ട് വാതിൽ പൂട്ടി ഭദ്രമായി താക്കോൽ അടുക്കളയിലേക്കെടുത്തു.
നാലഞ്ചു കോടിയുടെ ഉരുപ്പടികളാണ് മുറിക്കകത്ത് .

ആ സമ്പാദ്യം സ്വരുക്കൂട്ടിയ കഠിനാധ്വാനി തുറന്ന ജനാലയിലൂടെ ദൂരെ നരകത്തെ നോക്കി. ചെകുത്താൻ പാറയും മലയും അയാളെയും നോക്കി.താനും പണിക്കാരനായ വറീതും ചേർന്ന്  കയ്യേറിയ വനഭൂമി   വീണ്ടും കാടു നിറഞ്ഞു നിൽക്കുന്നു. മരങ്ങൾ വെട്ടിവീഴ്ത്താൻ മഴുവോങ്ങിയ വലത്തേക്കൈ അതിലൊരു മരത്താൽ പണിത കട്ടിലിൽ ഞെരുങ്ങിക്കിടപ്പാണ്. കുടിപ്പക തീർക്കുംവണ്ണം കട്ടിൽ അയാളുടെ കൈകാലുകളെ തിന്നാൻ തുടങ്ങി. ഉറുമ്പുകളാണ് തന്നെ തിന്നുന്നതെന്ന് ഐപ്പച്ചൻ അറിഞ്ഞില്ല. ചെകുത്താൻ പാറയിലെ നരകവൃക്ഷങ്ങളോട് അയാൾ മാപ്പിരന്നു. തന്നെ തിന്നരുതെന്ന് ഈ കട്ടിലിനോടു പറയൂ എന്നയാൾ കെഞ്ചി. ആരു കേൾക്കാൻ ?!
വെയിൽ പോലും അയാളെ നോക്കാതെ മുറി വിട്ടു പോയി. കൈലി വീണ്ടും നനയുന്നതും കട്ടിൽ തന്നെ തിന്നാനായി കൈലിയെ തൊടുന്നതായും അയാൾ അറിഞ്ഞു.

ദൂരെ അയാളുടെ നരകത്തിൽ മേഘപാളികൾ കാണായി .അവിടെ നിന്നും ആരോ പള്ളിമേടയിലേക്കു നോക്കി. എന്നിട്ട് പതിയെ വിളിച്ചു, 
" ഫാദർ ഉണരുന്നില്ലേ? "
ഫാദർ അന്റോണിനസ് ഉണർന്നില്ല. അദ്ദേഹം എല്ലാ രാത്രിയിലേയും പോലെ തലേന്നും  വെറും നിലത്തെ  തഴപ്പായയിൽ ഉറങ്ങിയ കണ്ണുകളും ഉറങ്ങാത്ത ഹൃദയവുമായി കിടക്കുകയായിരുന്നു. ആ തഴപ്പായ അദ്ദേഹത്തിന് അത്രമേൽ പ്രിയങ്കരമായിരുന്നു. ആ ഗ്രാമത്തിൽ ആദ്യമെത്തിയ നാൾ മുതൽ അദ്ദേഹം ഉറങ്ങിയത് തഴപ്പായകളിലായിരുന്നു.പായ മെടഞ്ഞത്  അദ്ദേഹത്തിന്റെ പ്രിയങ്കരനായ സുഹൃത്തായിരുന്നു. വെറും സുഹൃത്തു മാത്രമല്ല ഗ്രാമപാതകളേയും വൃക്ഷങ്ങളേയും ഭാഷയേയും നാട്ടുകഥകളേയും നാട്ടുവൈദ്യത്തേയും മന്ത്രവിദ്യകളേയും പുറം ലോകത്തിന് അറിയാത്ത ഗോത്ര ജീവിത ദർശനങ്ങളേയും ഫാദർക്കു  പരിചയപ്പെടുത്തിയ ഗുരുനാഥൻ.

ജനാലയിൽ വന്നു തട്ടിയ കാറ്റ് ഒന്നുകൂടി മൃദുവായി തട്ടി.ഫാദർ അന്റോണിനസ്  തൂവലുപോലെ ഭാരരഹിതനായി എഴുന്നേറ്റു.മൂന്നു പകലിന്റേയും മൂന്നു രാവിന്റേയും 
ഉപവാസം നൽകിയ കരുത്തോടെ നിവർന്നിരുന്നു. കാഴ്ചയും, കേൾവിയും, വായുവും പുറത്തു നിന്ന് ദേഹം  വലിച്ചെടുക്കുന്നത് തനിക്കു വേണ്ടിയല്ല എന്ന് അദ്ദേഹം സ്വയം ഓർമ്മിപ്പിച്ചു. ഹൃദയത്തിൽ ചിന്തകളില്ലാത്ത ഒരിടത്ത്  പ്രകാശരൂപിയായ അവൻ ഇരിപ്പുണ്ട്. കാണുന്നതും കേൾക്കുന്നതും ശ്വസിക്കുന്നതും അവനല്ലോ! ആ ശരീരം എഴുന്നേറ്റു.ശരീരസ്ഥനായ ദൈവം ജനാലയിലെ കാറ്റിന്റെ മുട്ടു കേട്ടു .ജനാല തുറക്കപ്പെട്ടു.മലമുകളിൽ നിന്നുള്ള പൂമണവുമായി വായു ഫാദറിന്റെ നാസികയിലൂടെ ദൈവത്തെ പൂജിച്ചു.ഫാദറിന്റെ കണ്ണുകൾ തുറന്ന്  ദൈവം ആകാശമെന്ന പൂവിനെ കണ്ടു. മലമുകളിലെ ഗുരുവിന്റെ അഞ്ജലീബദ്ധമായ കൈകൾ കണ്ടു.''എന്റെ കരിങ്കാളീ" എന്ന് അയാൾ വിളിക്കുന്നത് ദൈവം കേട്ടു .

കൊച്ചച്ചനും കുശിനിക്കാരനും പതിയെ വാതിലിൽ മുട്ടവേ ദൈവം
ഫാദർ അന്റോണിനസിലൂടെ നടന്ന് വാതിൽ തുറന്നു. അവർ സമർപ്പിച്ച പാനപാത്രം ദൈവം രുചിച്ചു.ഭക്ഷണം ദൈവം നിരസിച്ചു. കുർബാന കഴിഞ്ഞ ശേഷം കഴിക്കാം. 

ഫാദർ അന്റോണിനസ് കൊച്ചച്ചനോടു ചോദിച്ചു,
"ജീപ്പോടിക്കാനറിയാമോ? നമുക്ക് ഒരിടം വരെ പോകണം. ഒരു രോഗി തളർന്നു കിടപ്പുണ്ട്. കൊച്ചച്ചൻ കുളിച്ച് ബ്രേക്ക് ഫാസ്ടൊക്കെ കഴിച്ച ശേഷം വരൂ.ബൈബിളും കരുതണം".

കൊച്ചച്ചൻ ആഹ്ലാദത്തോടെ സമ്മതിച്ചു.പുതിയ ഇടവകയിലെ ആദ്യത്തെ ഗൃഹസന്ദർശനം.

നമ്മുടെ ഐപ്പച്ചൻ കടിച്ചു തിന്നുന്ന ഉറുമ്പുകളെ തിരിച്ചറിയാതെ കട്ടിൽ തന്നെ തിന്നുന്നേ എന്ന് മനസ്സിൽ നിലവിളിച്ചു. കോടിയ ചുണ്ടുകൾ ആ നിലവിളി പുറത്തുവിട്ടില്ല.പക്ഷെ വാതിലിന്റെ പൂട്ട് ആരോ തുറക്കുന്ന ശബ്ദം കേൾക്കായി !

*     *    *   *    *    *    *     *     *

      ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് കട്ടിൽ കടിച്ചു തിന്നുകൊണ്ടിരുന്ന തന്റെ ഇടതു കൈയെ ഐപ്പ് രക്ഷിച്ചത്. വലതു കൈ കൊണ്ട് അയാൾ കട്ടിലിന്റെ വക്കിൽ പിടിച്ചു തള്ളി മാറ്റാൻ ശ്രമിച്ചു. സ്ഥൂലിച്ച ആ ശരീരം വല്ല വിധേനയും കട്ടിലിൽ നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമത്തിനൊടുവിൽ അയാൾ മെത്തയിലേക്ക് മലർന്നു വീണു. ആ പോരാട്ടത്തിൽ കുറച്ച് ഉറുമ്പുകൾ ചതഞ്ഞു ചത്തു. ആ നിമിഷത്തിലാണ് വാതിൽ തുറന്ന് മാണി അകത്തു വന്നത്. 
" അപ്പച്ചാ " എന്ന സ്നേഹമുള്ള വിളിയോടെ മാണി രണ്ടു ബക്കറ്റ് വെള്ളം മുറിക്കകത്തു വെച്ചു.പുറത്തു നിൽക്കുന്ന മകൻ തങ്കച്ചനോട് അപ്പൻ ഇപ്പം വരാമേ എന്നു പറഞ്ഞ് അയാൾ പുറത്തേക്കോടി. പിന്നാമ്പുറത്തെ തീയടുപ്പിൽ ചൂടാക്കിയ വെള്ളം അയാൾ മുറിക്കകത്തക്കു കൊണ്ടുവന്നു. തങ്കച്ചൻ അപ്പച്ചനേയും വല്യപ്പച്ചനേയും മുറിക്കകത്തേക്കു കയറാതെ നോക്കി നിന്നു. അകത്തു കയറരുത് എന്ന് ദേഹത്ത് അമ്മച്ചി ഏല്പിച്ച മുറിവുകൾ അവനെ വിലക്കി.
മാണി അകത്തു നിന്നും വാതിലടച്ചു. എന്നിട്ട് അയാൾക്കു മാത്രം എടുത്തു പൊക്കാനാവുന്ന ആ വലിയ ശരീരം പൊക്കിയെടുത്ത് സ്ടൂളിലിരുത്തി. ദേഹത്തെ ഉറുമ്പുകളെ തട്ടിക്കളഞ്ഞു. അപ്പച്ചൻ ഉടുത്ത കൈലിയുടെ പിൻഭാഗം അയാൾ തെറുത്തു മുകളിലേക്കു കയറ്റി .അപ്പച്ചൻ വീഴാതിരിക്കാൻ അയാളുടെ ഭാരം മുഴുവൻ മാണി  താങ്ങി. പണ്ട് അപ്പച്ചന്റെ നെഞ്ചിൽ പറ്റിക്കിടന്ന് ഉറങ്ങിയ നാളുകൾ അവനോർത്തു. മലമൂത്ര വിസർജനം കഴിഞ്ഞ് മാണി അപ്പച്ചനെ കഴുകി  വൃത്തിയാക്കി ജനലരികിലെ ചാരുകസേരയിൽ കിടത്തി.'' അപ്പച്ചാ, ചൂടുവെള്ളമുണ്ട്, ഇപ്പം കുളിപ്പിക്കാമേ'' എന്നു പറഞ്ഞു കൊണ്ട് മാണി. മെത്തയിലെ വിരികളും റബർ ഷീറ്റും തലയിണയുറകളും നീക്കി പുതിയവ വിരിച്ചു.

മുറിയുടെ മൂലയിൽ  കെട്ടിയുണ്ടാക്കിയ കുളിത്തൊട്ടി കഴുകി വൃത്തിയാക്കി. എന്നിട്ട് അപ്പച്ചനെ എടുത്തു കൊണ്ടുപോയി കുളിത്തൊട്ടിയിൽ കിടത്തി.അപ്പച്ചനെ നോക്കാതെ മാണി കൈലി മാറ്റി അര ഭാഗം തോർത്തു കൊണ്ട് മറച്ചു.എന്നിട്ട് അപ്പച്ചനോട് അവന്റെ ജീവിത വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ചു. അപ്പച്ചനായിട്ട് സമ്പാദിച്ചതൊക്കെയും താൻ വിറ്റുതുലച്ചിട്ടില്ലെന്നും, കുറച്ചൊക്കെ താനായി സമ്പാദിച്ചിട്ടുണ്ടെന്നും, പുതുതായി കഞ്ചാവു കൃഷി തുടങ്ങിയെന്നും, തന്റെ പണിക്കാരെ വിട്ട് മലയിലൂടെ ഒരു വഴി കണ്ടെത്തിയിട്ടു വേണം അയൽ സംസ്ഥാനത്തേക്ക് കടത്ത് എളുപ്പമാക്കാനെന്നും, രാത്രി നായാടാൻ പറഞ്ഞു വിട്ടവരുടെ തല ആരോ കൊണ്ടുപോയെന്നും ,
കുഴിവെട്ടിലാസറെയാണ് സംശയമെന്നും, അവനെ പിടിക്കാൻ പറഞ്ഞപ്പോൾ പോലീസ് തന്നെ പിടിച്ച് ഇടിച്ചെന്നുമൊക്കെ മാണി  അപ്പച്ചനോടു പറഞ്ഞു. പല തവണ പറഞ്ഞ വിശേഷങ്ങൾ അവൻ ആവർത്തിച്ചു. എന്നിട്ട് അപ്പച്ചനെ തുവർത്തി വൃത്തിയാക്കി. നേരെ നോക്കാതെ തോർത്തു മാറ്റി പുതിയ കൈലി ഉടുപ്പിച്ചു. പിതാവിന്റെ നഗ്നത പുത്രൻ കാണരുതെന്ന് വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നുവല്ലോ! കഞ്ചാവു നടരുതെന്നു പറഞ്ഞിട്ടുമില്ല.

മാണി ഐപ്പിനെ കട്ടിലിൽ കിടത്തി.ഇതാ കട്ടിൽ എന്നെ വീണ്ടും തിന്നുമെന്നു മകനോടു പറയാൻ അയാൾ കൊതിച്ചു.പക്ഷെ ശബ്ദമില്ലല്ലോ. അപ്പച്ചന്റെ നെറ്റിയിൽ മുത്തിയ ശേഷം മാണി മലമൂത്രവും കൈലിയും ഷീറ്റുമെല്ലാം എടുത്ത് വാതിൽ തുറന്ന് പുറത്തേക്കു പോയി.തങ്കച്ചനോട് വല്യപ്പച്ചന്റെ അനുഗ്രഹം വാങ്ങടാ എന്ന് മാണി പറഞ്ഞെങ്കിലും അവൻ മുറിക്കകത്തു കയറിയില്ല.മാണി പാത്രം കഴുകി വത്തിയാക്കിയ ശേഷം തിരിച്ചു വന്ന് സ്ടൂളിൽ സ്ഥാപിച്ചു. വർഷങ്ങളുടെ ശീലം കൊണ്ട് അവൻ അതിലെല്ലാം ഒരു ചിട്ടവരുത്തിയിരുന്നു. അപ്പനെ നോക്കാത്തവനാണ് മാണിയെന്ന് കർത്താവിന് തോന്നരുതല്ലോ!

മുറി പൂട്ടിയതും പതിവുപോലെ ഫിലോമിന താക്കോൽ കൈവശപ്പെടുത്തി. എന്നിട്ട് സ്നേഹത്തോടെ ഭർത്താവിനെ തീൻ മേശയിലേക്കു ക്ഷണിച്ചു.''ഇന്ന് അപ്പത്തിനൊപ്പം പന്നിക്കറിയാ. നമ്മുടെ ബെന്നിച്ചൻ ഞാൻ ഉണരും മുമ്പേ പന്നിയെ കല്ലു കൊണ്ടിടിച്ച് കൊന്നതറിഞ്ഞാരിന്നോ?വേട്ടക്കാരുടെ കുടുംബമല്യോ" അവൾ മകന്റെ വീരത വിളമ്പി.
മാണി വേട്ടയാടുമ്പോൾ വെടിവെച്ചു കൊല്ലുന്നതല്ലാതെ കോഴിയെയോ ആടിനേയോ പന്നിയേയോ കൊന്നിട്ടില്ല. പെട്ടിയിലായ എലിയെപ്പോലും ദൂരെ കൊണ്ടുപോയി അവൻ തുറന്നു വിടാറാണ്. എവിടെയെങ്കിലും പോയി ജീവിക്കട്ടെ.

പുറത്ത് ജീപ്പു വന്നു നിന്ന ശബ്ദം കേട്ട് അവർ ഉമ്മറത്തേക്കു നോക്കി.സുന്ദരനും സുമുഖനുമായ കൊച്ചച്ചനും ഫാദർ അന്റോണിനസും വന്നിരിക്കുന്നു.
ഫിലോമിന വേഗം ഐപ്പിന്റെ മുറി വാതിൽ തുറന്നിട്ടു. എന്നിട്ട് സ്നേഹമുള്ള മരുമകളായി അച്ചന്മാർ വരുന്നത് പ്രതീക്ഷിച്ച് ഐപ്പിന്റെ കാലുകൾ തടവിക്കൊടുത്തു.

*     *    *   *    *    *    *     *     *

കൊച്ചച്ചൻ ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി.ഫാദർ അന്റോണിനസിനെ കൈപിടിച്ച് ഇറക്കാനായി അദ്ദേഹം തിടുക്കത്തിൽ മറുഭാഗത്തേക്ക് ഓടിച്ചെന്നു. പക്ഷെ അപ്പോഴേക്കും  ഫാദർ മനോഹരമായ ഒരു ചിരി സമ്മാനിച്ചുകൊണ്ട് കൊച്ചച്ചന്റെ തോളിൽ തട്ടി. ആ സ്പർശത്തിലൂടെ ദിവ്യമായ  തേജസ് അദ്ദേഹത്തിൽ പ്രവേശിച്ചു.കൊച്ചച്ചന്  ആദ്യമായുണ്ടായ അതീന്ദ്രിയാനുഭവമായിരുന്നു അത്. പൂനിലാവ് തന്നിൽ വന്നു നിറഞ്ഞതു പോലെ അദ്ദേഹത്തിനു തോന്നി.ഫാദർ അന്റോണിനസ് ഉപവാസത്തിനു ശേഷം ആദ്യം സ്പർശിച്ച മനുഷ്യൻ കൊച്ചച്ചനായിരുന്നു. ഗുരു ശിഷ്യനെ തിരിച്ചറിഞ്ഞിരിക്കുന്നു. കൊച്ചച്ചൻ പുതുബോധത്തിന്റെ നിലാവത്ത് ദിശയറിയാതെ പെട്ട കോഴിയെപ്പോലെ ഇടറി. തലക്കു മുകളിലെ ആകാശത്തിലിരുന്ന്  ആരോ അദ്ദേഹത്തോടു പറയുന്നതായി തോന്നി.നമസ്ക്കരിക്കൂ. അദ്ദേഹം ഫാദർ അന്റോണിനസിനെ നമസ്ക്കരിക്കാൻ ഒരുങ്ങവെ തോളിൽ അമർത്തിപ്പിടിച്ച് ആ ശ്രമം തടയപ്പെട്ടു.
''നാം സന്ദർശിക്കാൻ പോകുന്ന ഈ ഭവനം സാത്താന്റെതാണ്. കരുതലോടെ പെരുമാറണം. ജിപ്പിനു പിറകിൽ ഞാൻ ഒരു കെട്ടുവെച്ചിട്ടുണ്ട് .അത് കൈയിലെടുക്കണം.ബൈബിളും."

കൊച്ചച്ചൻ തന്റെ തോൾസഞ്ചിയിൽ  നിന്നും  പഴയ തോൽച്ചട്ടയുള്ള തന്റെ ബൈബിൾ പുറത്തെടുത്തു. തലമുറകളുടെ വിരലുകൾ പതിഞ്ഞ ആ പുസ്തകം കണ്ട് ഫാദറിന്റെ കണ്ണുകൾ വിടർന്നു. പഴമയുടെ മണത്തോടൊപ്പം കൊച്ചച്ചന്റെ പൂർവ്വികരുടെ പ്രാർത്ഥനകൾ അദ്ദേഹത്തിൽ നിറഞ്ഞു.

 " കിങ്ങ് ജെയിംസ് ബൈബിൾ !" സഭയുടെ കൈയിൽ നിന്നും ബൈബിളിനെ ജനത്തിന്റെ കൈകളിലെത്തിച്ച ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമനെന്ന ചക്രവർത്തിയെ ,ഗ്രീക്കു ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ നാല്പതു പണ്ഡിതന്മാരെ 1611 ൽ ആദ്യം അച്ചു നിരത്തി അച്ചടിച്ച തൊഴിലാളികളെ അദ്ദേഹം നന്ദിയോടെ ഓർത്തു.

തന്റെ ശിഷ്യൻ യോഗ്യനാണ്. പാരമ്പര്യത്തിന്റെ  വളയത്തിലൂടെ ചാടി ശീലിച്ചവനാണ്. ഇനി വളയമില്ലാതെ ചാടാൻ പഠിപ്പിക്കണമെന്ന് ഫാദർ തീരുമാനിച്ചു. " വായിച്ചു ശീലിച്ച സ്ഥിതിക്ക് ഇനി അത് കൊണ്ടു നടക്കേണ്ടതില്ല.കീറിപ്പോകും. സഞ്ചി ജീപ്പിൽ വെച്ചേക്കൂ.'' കൊച്ചച്ചൻ അനുസരിച്ചു.

കൊച്ചച്ചൻ ആ ഇടവകയിൽ താൻ സന്ദർശിക്കുന്ന ആദ്യ വീടിനെ നോക്കി. ആ കണ്ണുകൾ ആദ്യം പതിഞ്ഞത് തങ്കച്ചന്റെ മേലായിരുന്നു. ദേവദൂതനെപ്പോലെ ഒരു ബാലൻ .ജീപ്പിനു പിറകുവശത്തു നിന്നും ഫാദർ പറഞ്ഞ കെട്ട് എടുത്ത് അദ്ദേഹം ഫാദറിനെ പിന്തുടർന്നു.മാണിയുടെ ഉപചാരങ്ങൾ ശ്രദ്ധിക്കാതെ ഫാദർ അന്റോണിനസ്  തങ്കച്ചനെ ചേർത്തു പിടിച്ച് അവനോടൊപ്പം വീട്ടിനകത്തു പ്രവേശിച്ചു എന്നിട്ട് ഐപ്പിന്റെ കിടപ്പു മുറിയിലേക്ക് നടന്നു.അവിടെ നല്ലവളായ ഫിലോമിന ഐപ്പിന്റെ പാദങ്ങൾ തിരുമ്മി ചൂടുപിടിപ്പിക്കുകയായിരുന്നു. അച്ചന്മാരെ കണ്ട് അവൾ ചാടിയെഴുന്നേറ്റ് സ്തുതി ചൊല്ലി. എന്നിട്ട് വല്ലതും വെച്ചുണ്ടാക്കാൻ അടുക്കളയിലേക്ക് ഓടി. 

ഫാദർ അന്റോണിനസ് ഐപ്പിന്റെ കിടപ്പു നോക്കി. ഉറുമ്പുകടിച്ച പാടുള്ള ദേഹം നോക്കി.ആ കണ്ണുകളിലേക്കു നോക്കി. തന്റെ പഴയ എതിരാളി, ആദ്യ കുടിയേറ്റ സംഘത്തിന്റെ നേതാവ്, വേട്ടക്കാരൻ ഐപ്പ്  !

തന്നെ പരീക്ഷിക്കാൻ വന്ന സാത്താൻ ജീവിതാന്ത്യത്തിലെത്തിയിരിക്കുന്നു. ധനസമ്പാദനത്തിനു വേണ്ടി കട്ടും കൊന്നും വെട്ടിപ്പിടിച്ചും താൻ സമ്പാദിച്ചവയുടെ ഇടയിൽ സാത്താൻ ചെരിഞ്ഞു കിടക്കുകയാണ്. അവൻ ചെയ്തു തീർത്ത പാപങ്ങൾ ഉറുമ്പുകളായി  അവനെ വേട്ടയാടുകയാണ്. ബാല്യത്തിൽ എല്ലാവരുടേയും  ലാളനമേറ്റവർ കൗമാരത്തിൽ ചിലരെ മാത്രം ലാളിക്കുന്നു,യൗവനത്തിൽ അവരെ മാത്രം ലാളിക്കുകയും  അന്യരെ ദ്രോഹിക്കുകയും ചെയ്യുന്നു ,വാർദ്ധക്യത്തിൽ അന്യരാൽ ഉപദ്രവമേറ്റു വാങ്ങുന്നു, മരിക്കുന്നു.

ഐപ്പ് ഫാദർ അന്റോണിനസിനെ കണ്ടു. തന്നെക്കാൾ രണ്ടു വയസു മൂപ്പുള്ളയാൾ എഴുപത്തിയാറു വർഷം മുമ്പ് ആദ്യം കണ്ട അതേ ചുറുചുറുക്കിൽ .''അപ്പനപ്പൂപ്പൻമാർ നെറ്റി വിയർത്തുണ്ടാക്കിയത്  കുപ്പയിൽ കമത്തിക്കളഞ്ഞ കോപ്പൻ'' എന്ന് താൻ എത്ര പരിഹസിച്ചതാണ്.       ദൈവദാനമല്ല കൈക്കരുത്താണ് ജീവിതമെന്ന് എത്രഅഹങ്കരിച്ചതാണ് !     "അച്ചോ, ഐപ്പ് ചിലന്തിയെപ്പോലെ സ്വതന്ത്രനാണ്. ഐപ്പ് വലകെട്ടും ഇര തേടും. ഐപ്പിന് വലയാണ് സ്വർഗം, അച്ചന്റെ സ്വർഗ്ഗരാജ്യത്തിലേക്ക് അച്ചൻ പോയാൽ മതി." എന്ന് ഒരിക്കൽ താൻ  പറഞ്ഞപ്പോൾ ഫാദർ പറഞ്ഞ മറുപടി അയാൾ ഓർത്തു.           '' ഐപ്പേ, പ്രകൃതിയിൽ മരച്ചില്ലകളുള്ളതുകൊണ്ടാണ് ചിലന്തിക്ക് വലകെട്ടാനാകുന്നത്.ആ വല പൊട്ടാതെ സൂക്ഷിച്ചു നടക്കുന്നതു കൊണ്ടാണ് സ്വന്തം വലയിൽ അതു കുടുങ്ങാത്തത്.ഈ ലോകം ദൈവം കെട്ടിയ ഒരു വലയാണ്. മനുഷ്യന് ദൈവാനുഗ്രഹവും സൂക്ഷ്മതയുമുണ്ടെങ്കിൽ സന്തോഷത്തോടെ കഴിയാം. അല്ലാത്തവർക്ക് ലോകം രക്ഷ കിട്ടാത്ത വലയാണ്''! ഇന്നിതാ ആ വാക്കുകൾ സത്യമായിരിക്കുന്നു.

 '' അപ്പനെ നിങ്ങൾ നന്നായി നോക്കുന്നുണ്ട് എന്നെനിക്കറിയാം. കട്ടിലിൽ ഉറുമ്പു കേറാതെ നോക്കണം."                                     ഫാദർ കൊച്ചച്ചനോട്  ആ പാക്കറ്റ് മാണിയുടെ കൈയിൽ കൊടുക്കാൻ പറഞ്ഞു. ഒരു വാട്ടർ ബെഡ്ഡാായിരുന്നു അത്.

ഫാദർ ഐപ്പിനോടു പറഞ്ഞു ," ധൃതി കാട്ടണ്ട ,ഞാൻ പോയി നാലു വർഷം കഴിഞ്ഞേ താൻ പോകൂ."

*        *       *         *     *     *      *

☘️☘️☘️☘️☘️☘️☘️☘️ 
                       (12)
              * നരകജാലകം*

 ഫിലോമിന ധൃതിപ്പെട്ട് മേശമേൽ      പ്രാതൽവിഭവങ്ങൾ നിരത്തി.
ഏറ്റവും നല്ല പാത്രങ്ങളിൽ അപ്പവും പന്നിക്കറിയും പുട്ടും പഴവും പപ്പടവും മുന്തിരിയും ആപ്പിളും സ്ഫടികക്കോപ്പകളിൽ മുന്തിരിച്ചാറും അവൾ മനോഹരമായി നിരത്തിവെച്ചു. എന്നിട്ട് അവൾ തന്റെ നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകി കെട്ടി. മെയ്ക്കപ്പ് ഒന്നും ചെയ്യാതെ തന്നെ നീ സുന്ദരിയാണെന്ന് മുന്നിലെ ചങ്ങാതി മറഞ്ഞതു കേട്ട് അവളുടെ കവിൾ ചുവന്നു. മുഷിഞ്ഞ വസ്ത്രം മാറ്റി അവൾ നല്ലതൊന്നു ധരിച്ചു. ആതിഥേയയെ കാണാൻ വൃത്തിയും മെനയുമില്ലെങ്കിൽ അതിഥികളുടെ തൊണ്ട വിലങ്ങും എന്ന് അവളുടെ അമ്മച്ചി പഠിപ്പിച്ചത് അവൾ ഓർത്തു.
            ഇടവകയിൽ പുതുയുഗം വരികയായി. വയസ്സൻറെ കാലം കഴിയാറായി. സുന്ദരനായ ഈ കൊച്ചച്ചനെ പ്രാതലിലൂടെ പ്രീതിപ്പെടുത്തണമെന്ന് അവൾ തീരുമാനിച്ചു. അവരെ പ്രാതൽ മേശയിലേക്കു ക്ഷണിക്കാൻ അവൾ ഐപ്പിന്റെ മുറിയിലേക്കു പോയി.

 അവിടെ മറ്റാരുമില്ല,കാട്ടു കിഴവൻ ഒറ്റയ്ക്കു കിടക്കുകയാണ്.മാണി അവരെ മാളികമുകളിലേക്കു കൊണ്ടു പോയിരിക്കയാണെന്നു തോന്നുന്നു. മാളികയുടെ ഹാളിന്റെ മുഖപ്പിൽ  മനോഹരമായ വിക്ടോറിയൻ ജനാലയുണ്ട്. ജനാലയിലൂടെ നോക്കിയാൽ ഇടവകയുടെ വടക്കുഭാഗം മുഴുവൻ കാണാം.ഫാദർ എപ്പോൾ വന്നാലും അവിടെ പോയി നിൽക്കാറുള്ളതാണ്.

പടികൾ ത്സടുതിയിൽ ചാടിക്കയറി അവൾ മുകളിലെത്തി. ശരിയാണ്
അവർ അവിടെ ജനലരികിൽ നിൽക്കുകയാണ്. തന്റെ കാര്യപ്രാപ്തി കാട്ടാൻ അവൾ ചൂലും ടവ്വലുമെടുത്ത് അവരുടെ ഇടയിലേക്കു ചെന്നു, "ജനാലച്ചില്ലു മുഴുവൻ മാറാലയാണ്. ഇന്നലെ തട്ടിയതേയുള്ളൂ, ഇന്നേക്ക് വീണ്ടും വന്നു. ഒന്നു തുടച്ചേച്ചു നോക്കിയാൽ ദൂരെ നീർക്കോലിച്ചോല വരെ കാണും''. അവൾ കൊച്ചച്ചനെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.

" നമുക്കു താഴോട്ടിറങ്ങി പൂന്തോട്ടം കാണാം.ഫിലോമിന തുടച്ചേച്ചും വരട്ടെ.'' എന്നു പറഞ്ഞ ശേഷം ഫാദർ അവളോട് ജനാലയുടെ വിജാഗിരികൾ ദ്രവിച്ചു തുടങ്ങിയത് കാട്ടിക്കൊടുത്തു.
"ഐപ്പിനെ ശുശ്രൂഷിക്കാനുള്ള പാടിനിടയിൽ മോളിതൊന്നും നോക്കാറില്ലല്ലേ?! അഴികളില്ലാത്ത ജനാലയാണ്. വല്ലപ്പോഴും എണ്ണയിടണം. തുറന്നു വെക്കണം. ഞാൻ ജീപ്പിൽ വരുമ്പോൾ എന്നും ആദ്യം നോക്കുക ഈ ജനലിലേക്കാണ്. തുറന്നു കണ്ടാലറിയാം ഐപ്പ് ഇവിടുണ്ടെന്ന്. മുറ്റത്തെന്നുമ്പോൾ കാണാം ഐപ്പ് ജനാലയ്ക്കൽ ചുരുട്ടും പുകച്ച് പാത്രത്തിലെ പച്ചയിറച്ചിക്കഷണങ്ങൾ താഴത്തെ വേട്ടപ്പട്ടികൾക്ക് എറിഞ്ഞു കൊടുക്കുന്ന ആ രംഗം."
ഫാദർ കൊച്ചച്ചനു നേരെ തിരിഞ്ഞു, "ഈ വീട്ടിന്റെ ഏറ്റവും മനോഹര ദൃശ്യം താഴെ നിന്നു നോക്കുമ്പോൾ തുറന്നു കിടക്കുന്ന ഈ ജനാലയുടേതാണ് .ഫിലോമിന എണ്ണയിട്ട് തുടച്ചു വൃത്തിയാക്കി തുറക്കട്ടെ, നമുക്ക് താഴെ നിന്നു കാണാം."
അവർ താഴേക്കു പടിയിറങ്ങി.ഫിലോമിന വർഷങ്ങളായി തുറക്കാത്ത ആ ജനാല തുറക്കാൻ ശ്രമിച്ചപ്പോൾ അത് പ്രതിഷേധിച്ചു.ശരിയാണ് വിജാഗിരി തുരുമ്പിച്ചിരിക്കുന്നു. അവൾ അലമാരയിൽ നിന്നും എണ്ണയെടുത്ത് വിജാഗിരിയിൽ ഒഴിച്ചു.ഏറെ പണിപ്പെട്ട് അവൾ തുരുമ്പു മാറ്റി തള്ളി നോക്കി. മുകളിലെ കൊളുത്തു മാറ്റിയാലേ തുറക്കാനാവൂ. ഒരു കസേരയെടുത്തു വെച്ച് അവൾ അതിൽ കയറി നിന്ന് കൊളുത്തു മാറ്റി. എന്നിട്ടു തള്ളിത്തുറന്നു.
കാറ്റിനൊപ്പം പുറം ലോകത്തിന്റെ ശബ്ദങ്ങളും മുറിയിലേക്കു കടന്നു വന്നു.
അതിലൊരു ശബ്ദം ഗേറ്റു കടന്നു പോകുന്ന ജീപ്പിന്റേതായിരുന്നു.

ജീപ്പിലിരുന്ന് ഫാദർ ആന്റോണിനസ് കൊച്ചച്ചനോട് ഒരു നിമിഷം വണ്ടി നിർത്താൻ പറഞ്ഞു.
"ഇനി തിരിഞ്ഞു നോക്കിയാൽ ഈ ഇടവകയിലെ ഏറ്റവും മോശം ദൃശ്യം കാണാം. അതാണ് നരകജാലകം.''

നരകജാലകത്തിലൂടെ നരക റാണി പകയോടെ അവരെ നോക്കി. എന്നിട്ട് താഴെ കൂട്ടിലെ വേട്ടപ്പട്ടികളെ നോക്കിയിട്ടു പറഞ്ഞു. ഒരു ദിവസം ഞാൻ നിങ്ങൾക്ക് നര മാംസം തിന്നാൻ തരും!
 
*    *    *     *    *    *   *    *


ഫാദർ അന്റോണിനസിന്റെ ഉപവാസ തീരുമാനം കേട്ട് ഇടവക പ്രമുഖന്മാർ പുറത്തു വന്നപ്പോൾ ലാസറും ലൂസിയും ലൂയിസും പുറത്തു നിൽക്കുകയായിരുന്നു. അവരുടെ കടുപ്പിച്ച മുഖങ്ങളിലൂടെ വെറുപ്പ്  കാർക്കിച്ചു തുപ്പാതെ തന്നെ തങ്ങളുടെ മേൽ പതിക്കുന്നതായി ലൂസിക്കു തോന്നി.

സാന്ദ്വനിപ്പിക്കാനായി അടുത്തേക്കു വന്ന ഫാദറിനോട് ഉപചാരവാക്കും സ്തുതിയും ചൊല്ലാൻ അവൾ മറന്നു പോയി. കഴിഞ്ഞ ദിവസങ്ങളിലെ ദുരിതങ്ങൾ കടുപ്പിച്ച അവളുടെ മുഖം ഒന്നുകൂടി കറുത്ത പോലെ ഫാദർക്കു തോന്നി.   ചെറുപ്പത്തിലേ അനാഥയായ തന്നെ എടുത്ത് മoത്തിൽ ഏൽപ്പിച്ചു വളർത്തിയ ഫാദറിനെ വരെ അവൾ വെറുത്തു. നശിച്ച നാടിനെയും ആളുകളേയുമെല്ലാം വിട്ട് എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ അവൾ കൊതിച്ചു. ലൂസി എന്ന്  സ്നേഹത്തോടെ ചെറുപ്പം മുതൽ വിളിച്ചിരുന്നവർ വിവാഹശേഷം കുഴിവെട്ടിയുടെ പെണ്ണ് എന്ന അവജ്ഞയിൽ അകറ്റി നിർത്തിയത് മുതൽ അവൾ ആ ഗ്രാമത്തെ വെറുത്തു തുടങ്ങിയതാണ്. ഇനി ഒരു നിമിഷം സഹിക്കാനാവില്ല എന്നവൾ ഉറപ്പിച്ചു.
ഫാദറിനെ ധിക്കരിക്കുന്ന മട്ടിൽ അവൾ ഇറങ്ങിപ്പോയി. പിന്നാലെ മകനും. ലാസർ ആ ധിക്കാരത്തിൽ ഉള്ളു പൊള്ളിക്കൊണ്ട് ഫാദറിനെ നിറകണ്ണുകളോടെ നോക്കി. ഒരു ജീവിതകാലത്തിന്റെ വേദന മുഴുവൻ അവന്റെ കണ്ണുകളിൽ നിറഞ്ഞു.
"നീ ലൂസിയോട് സത്യങ്ങളെല്ലാം പറയാത്തതെന്ത്? എല്ലാമറിയുമ്പോൾ തീരുന്ന സംശയമല്ലേ അവൾക്കുള്ളൂ."? ഫാദർ ലാസറിനെ ചേർത്തു പിടിച്ചു കൊണ്ടു ചോദിച്ചു. അവൻ മറുപടിയൊന്നും പറയാതെ ഫാദറിന്റെ പാദങ്ങളിൽ നമസ്ക്കരിച്ച ശേഷം ലൂസിയേയും മകനേയും പിന്തുടർന്നു. എല്ലാം പറയണം എന്നു തന്നെ അവൻ തീർച്ചപ്പെടുത്തി. പക്ഷെ എരുവച്ചാൽ കടന്ന് മലകയറുന്ന ലൂസി  കുറുങ്കാട്ടിൽ മാണിയുമായി സംസാരിച്ചു നിൽക്കുന്ന കാഴ്ച്ച അവനെ ഞെട്ടിച്ചു.ചെറുക്കനെ വീട്ടിലേക്ക് വിട്ടിരിക്കുന്നു. ലാസറിന്റെ കണ്ണിൽ അതാദ്യമായല്ല ഈ കാഴ്ച്ച പതിക്കുന്നത്. എരുവച്ചാലിനു പടിഞ്ഞാറേ തോട്ടം മാണിയുടേതാണ്. അവിടെ പണിക്കാരെ കാണാൻ വരുമ്പോഴെല്ലാം മാണിയുടെ കണ്ണ് ലാസറിന്റെ പുരയിടത്തിലേക്കാണ്. ഓരോരോ കാരണങ്ങളുണ്ടാക്കി മാണി ലൂസിയെ കാണാനെത്തും. ഒന്നും രണ്ടും പറഞ്ഞ് ചിരിച്ച് തിരിച്ചു പോകും. തന്റെ മകന്റെ സഹപാഠിയായ ലൂയിസിനോട് മകന്റെ പഠന കാര്യങ്ങൾ അന്വേഷിക്കും. ലാസറിന്റെ പുരയിടത്തിൽ  വാഴകൾ ഇല്ലാത്തതിനാൽ പഴങ്ങൾ കൊടുക്കും. കൊടുക്കുന്ന ദാനം നാലാൾ അറിയാൻ വേണ്ടി മാണി മിക്കവാറും പഴങ്ങൾ സഞ്ചിയിലാക്കി തങ്കച്ചന്റെ കൈവശം സ്കൂളിലേക്കു കൊടുത്തയക്കാറാണ് പതിവ്.. തങ്കച്ചൻ അത് ലൂയിസിനെ ഏൽപ്പിക്കും. അവന് പഴങ്ങൾ ഇഷ്ടമായതിനാൽ ലാസർ അത് വാങ്ങുന്നത് തടഞ്ഞിരുന്നില്ല. ലാസറിന്റെ പുരയിടം മാണിയുടെ തോട്ടം പോലെയായിരുന്നില്ല.കാടിന്റെ തണലിൽ വളർന്ന അവന്റെ തെങ്ങും പ്ലാവും കുരുമുളകു വള്ളികളുമെല്ലാം മാണിയുടേതിനേക്കാൾ ഫലമുള്ളതായിരുന്നു. ശവക്കുഴി വെട്ടുന്ന തൊഴിച്ചാൽ ലാസർ പുറംപണിക്കു പോവാറില്ലായിരുന്നു. ലൂസിയെയും പുറം പണിക്ക് വിടാറില്ല, അതിന്റെ ആവശ്യവുമില്ല. ലാസർ അവന്റെ മണ്ണിൽ പൊന്നുവിളയിച്ചു.പാപങ്ങൾ ചെയ്യാത്തതിനാൽ അവന് കുമ്പസരിക്കേണ്ടി വന്നില്ല. ലൂസിയാകട്ടെ ഒട്ടും ദൈവഭയമില്ലാത്തവളാകയാൽ ഫാദർ വിളിപ്പിച്ചാലല്ലാതെ പള്ളിയിൽ പോകാറുമില്ല.
മാണിയുമായി ലൂസി സംസാരിക്കുന്നതു കണ്ടപ്പോൾ ലാസർ തീരുമാനം മാറ്റി. തന്റെ ജീവിത രഹസ്യങ്ങൾ ഭാര്യയോടു വെളിപ്പെടുത്താൻ നേരമായിട്ടില്ല എന്നവനു തോന്നി.
ലാസറിനെ കണ്ടതും മാണി വെറുപ്പോടെ തന്റെ തോട്ടത്തിലേക്കു കയറിപ്പോയി.
ലൂസി കലി തുള്ളിക്കൊണ്ട് വീട്ടിലേക്കു പോയി. ലാസർ പിന്തുടർന്നു.വീട്ടിൽ കയറിയതും അവൾ ഒരു കാരണവുമില്ലാതെ മകനെ നാലു വീക്കു വീക്കി. അവൻ അലറിക്കരഞ്ഞു.

ഫാദർ അന്റോണിനസ് ഉപവസിച്ച ദിവസങ്ങളിലെല്ലാം ലൂസി അവൾക്കും മകനും വേണ്ടി മാത്രം ഭക്ഷണമുണ്ടാക്കി. ലാസർ ഉപവസിച്ചു.അവൾ ലാസറിനോട് മിണ്ടിയില്ല.മാണിയുടെ പണിക്കാരെ തല വെട്ടിക്കൊന്നത് തന്റെ ഭർത്താവാണെന്ന് അവൾ സംശയിച്ചു.
സംശയിക്കാൻ അവൾക്ക് കാരണങ്ങളുണ്ടായിരുന്നു.
                             
*     *      *      *       *       *      *

ലാസറിന് കുഴിവെട്ടാതെയും ജീവിക്കാനുള്ള ധനസ്ഥിതിയുണ്ടായിട്ടും നശിച്ച ഈ തൊഴിൽ വിടാത്തതെന്താവാം എന്നു  ലൂസിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. വിവാഹ ശേഷമുള്ള ആദ്യ വർഷങ്ങളിൽത്തന്നെ പള്ളിയിൽ നിന്നും വിളിക്കാൻ ആളെത്തുമ്പോൾ തിടുക്കപ്പെട്ട് സെമിത്തേരിയിലേക്ക് ഓടുന്ന ലാസറിനെ അവൾ പിന്തിരിപ്പിക്കാൻ നോക്കിയതാണ്. അവൻ അനുസരിച്ചില്ല. ഒരു കുഴിവെട്ടാൻ അന്നൊക്കെ നൂറു രൂപയായിരുന്നു കൂലി. അതു കിട്ടിയിട്ട് എന്താവാൻ?! എന്നിട്ടും ലാസർ കുഴിവെട്ടി. അവൻ വെട്ടിയൊരുക്കിയ മെത്തയിൽ നിത്യനിദ്രപൂകേണ്ടവർ അവനെ കുഴി വെട്ടിലാസറെന്നു നിന്ദിച്ചു.അതു കേട്ട് അവൻ അഭിമാനത്തോടെ ചിരിച്ചു.
തോമാശ്ലീഹ നേരിട്ടു വന്നാണ് തങ്ങളുടെ പൂർവ്വികരെ മാർഗം കൂട്ടിയതെന്നു വീമ്പു പറയാത്തവരായി ആ നാട്ടിൽ ലാസറും ലൂസിയും ലൂയിസും ഫാദർ അൻ്റോണിനസും മാത്രമേയുണ്ടായിരുന്നുള്ളൂ. കാലാകാലം പള്ളിമേടയിൽ വന്ന കൊച്ചച്ചന്മാരും കുശിനിക്കാരും പണിക്കാരും വരെ അവരുടെ പൂർവ്വികരുടെ കുലമഹിമയിൽ അഭിരമിച്ചു. അവർക്കു മുന്നിൽ അവരെക്കാൾ കറുത്തവരെല്ലാം എരണംകെട്ടവരും പാണ്ടുവന്നു വെളുത്തവർ പോലും ഐശ്വര്യമുള്ളവരുമായിരുന്നു. അത്തരമൊരു സമൂഹത്തിൽ ലാസറും ലൂസിയും ലൂയിസും അവരുടെ ഏദൻ തോട്ടത്തിൽ ഒതുങ്ങി ജീവിച്ചു. ദൈവകാരുണ്യം അവരുടെ വൃക്ഷങ്ങളിൽ കായ്ഫലം നിറച്ചു.സ്കൂളിൽ പോകുന്ന ലൂയിസും മലഞ്ചരക്ക്  വില്ക്കാൻ പോകുന്ന ലാസറും മാത്രം പുറം ലോകത്തേക്കിറങ്ങി. ലൂസി തൻ്റെ തോട്ടത്തിൽ ഒതുങ്ങി.

ലൂസിയും ലാസറും ആദ്യകാലത്ത് ഇങ്ങനെയായിരുന്നില്ല.അവർ സമൂഹത്തിൽ ഇടപെടുന്നവരായിരുന്നു. എല്ലാം നിലച്ചത് ഒരു ഗൃഹസന്ദർശനത്തിലായിരുന്നു. കുറുങ്കാട്ടിൽ ഐപ്പിൻ്റെ ഭാര്യ റോസിച്ചേടത്തി ദീനം വന്നു കിടപ്പിലായതറിഞ്ഞ് ലാസറും ലൂസിയും കാണാൻ പോയതായിരുന്നു. ജനം എമ്പാടും മാളികമുറ്റത്ത് കൂടിയിട്ടുണ്ടായിരുന്നു. അവരുടെയെല്ലാം മുന്നിൽ വെച്ച് ഐപ്പ് ലാസറെ ആട്ടി."നീ വരാറായിട്ടില്ലെടാ, ആവുമ്പോൾ വിളിപ്പിക്കാം." ലാസർ പതിവുപോലെ ചിരിച്ചു. എന്നിട്ട് മുന്നോട്ടു തന്നെ നടന്നു.ആക്ഷേപം കേട്ടു നാണംകെട്ട് ലൂസി ഭർത്താവിനെ പിടിച്ച് പുറകോട്ടു വലിച്ചു.തിരിച്ചു നടക്കവെ ലാസറിൻ്റെ ചിരി മാഞ്ഞിരുന്നു.അത് ആദ്യം കണ്ണീരായി. പിന്നെ കത്തുന്ന പകയായി.
ആ ദിവസമാണ് ലൂസി മാണിച്ചനുമായി ആദ്യം സംസാരിച്ചത്. തിരിച്ചു പോകുന്ന അവരുടെ പിന്നാലെ മാണി ഓടിയെത്തി, "അപ്പൻ പറഞ്ഞതു കേട്ട് കെറുവിക്കേണ്ട കേട്ടോ, അമ്മച്ചി കെടപ്പിലായ ശേഷം അപ്പച്ചൻ ഇങ്ങനെയാ, ഒന്നും വിചാരിക്കരുത് കേട്ടോ." മാണി വിഷമത്തോടെ പറഞ്ഞു.
" റോസിച്ചേടത്തി എനിക്ക് എന്തോരം കഞ്ഞിയും കപ്പയും തന്നിട്ടുള്ളതാ. കാണാൻ പറ്റാത്ത ദണ്ഡമേയുള്ളൂ, പോട്ടെ".
ലാസർ ലൂസിയോടൊപ്പം മടങ്ങി .
അന്നു രാത്രി ഇരുവരും ഉറങ്ങിയില്ല. കുഴിവെട്ടുപണിക്ക് ഇനി പോണ്ടെന്ന് ലൂസി പറഞ്ഞതും ലാസർ  കടുപ്പത്തിൽ ഒരു നോട്ടം നോക്കി. എന്നിട്ട് പുറത്തിറങ്ങി.
അന്നു രാത്രി എത്ര വിളിച്ചിട്ടും ലാസർ വീട്ടിനകത്ത് കയറിയില്ല. അവൻ ചെകുത്താൻ പാറയ്ക്കു നേരെ നോക്കി നിന്നു. പൗർണ്ണമി നിലാവത്ത് പാറപ്പുറം മഞ്ഞുമല പോലെ തിളങ്ങി. അന്നാദ്യമായി തൻ്റെ ഭർത്താവിൻ്റെ ഭയപ്പെടുത്തുന്ന മറ്റൊരു മുഖം അവൾ കണ്ടു. കണ്ണുകൾ മിഴിച്ച് ഇടക്കിടെ നാക്കു പുറത്തിട്ട്  ദേഹംവിറച്ച്  വിയർത്ത് ലാസർ അവൾക്കറിയാത്ത ഭാഷ പുലമ്പി. "ഹ്സ് ഹ്സ്  ഹ്സ് " എന്ന ശബ്ദമേ അവൾക്കു മനസ്സിലായുള്ളൂ. അവൻ്റെ ദേഹം പാമ്പിനെപ്പോലെ നിന്ന നിൽപ്പിൽ ഞെളിപിരി കൊണ്ടു. കൈകൾ ചുറ്റിപ്പിണഞ്ഞ് വിരലുകൾ ക്രമമില്ലാതെ കോർത്ത്  ചെകുത്താൻ പാറയെ നോക്കി ലാസർ വിളിച്ചു, "ൻ്റെ  കരിങ്കാളീ  ഹ്സ് ഹ്സ് ഹ്സ്". അങ്ങനെ പതുക്കെ അവൻ ശാന്തനായി. പഴയ ലാസറായി.പക്ഷെ അതു വെറും തോന്നലായിരുന്നു.
അവൻ കൂന്താലിയുമെടുത്ത് പുറപ്പെട്ടു.
"റോസിച്ചേടത്തി പോവാറായി. ഞാൻ കുഴിയെടുത്തേച്ചും വരാം." ഭയന്നു നിൽക്കുന്ന ലൂസിയെ നോക്കാതെ ലാസർ മലയിറങ്ങി ,സെമിത്തേരിയിലേക്ക്.
ലൂസി കതകടച്ച്  തൻ്റെ ഭർത്താവിന് ഭ്രാന്തായെന്ന് കരുതി നേരം വെളുപ്പിച്ചു.കാലത്ത് വാതിലിനു മുട്ടു കേട്ടു .തുറന്നപ്പോൾ പള്ളിയിൽ നിന്നും ആളു വന്നു നിൽക്കുന്നു." കുറുങ്കാട്ടിൽ റോസമ്മയെ കർത്താവു വിളിച്ചു.ലാസറു വന്നു കുഴിവെട്ടണം.''
ലൂസി സെമിത്തേരിയിലേക്ക് ഓടി. അവിടെ ലാസർ താൻ വെട്ടിയുണ്ടാക്കിയ കുഴിയുടെ ഉള്ളിൽ കിടന്നുറങ്ങുകയായിരുന്നു.

***** *** ***

ലൂസിയുടെ കാറിച്ച കേട്ട് ലാസർ ശവക്കുഴിയിൽ നിന്നു ഉയർത്തെഴുന്നേറ്റു മുകളിലേക്ക് കയറി വന്നു.
" എന്നാ തണുപ്പാടീ കുഴിക്കകത്ത് .ഞാൻ ചത്തു കിടന്നുറങ്ങിപ്പോയി " എന്ന അവൻ്റെ തമാശ അവൾക്കു രസിച്ചില്ല. 
ജനങ്ങൾ വരും മുമ്പ്  തിരിച്ചു പോകാൻ അവളൊരുങ്ങി. അവൻ്റെ പ്രവചനം പോലെ റോസമ്മ മരിച്ചെന്നതു കേട്ട ഞെട്ടലിൽ  അവനെ അന്വേഷിച്ചു വന്നെങ്കിലും അവൻ കുഴി വെട്ടി അതിൽ കിടന്നുറങ്ങിയത് അവൾക്കു താങ്ങാനായില്ല.
തന്റെ ഭർത്താവിന്റെ ശരീരത്തിൽ ഏതോ പേയോ പിശാചോ കയറിക്കൂടിയെന്നു തന്നെ അവൾ കരുതി. ഇത്തരമൊരാളോടൊപ്പം ജീവിക്കുന്നതെങ്ങിനെ?
 തനിക്കു തുണയായി അവനെത്തന്ന ഫാദർ അൻ്റോണിനസിനെത്തന്നെ സമീപിക്കാൻ ലൂസി തീരുമാനിച്ചു.
 ലാസറിൻ്റെ സ്വഭാവമാറ്റങ്ങളെപ്പറ്റി പറഞ്ഞപ്പോൾ ഫാദർ ചിരിച്ചു.. അദ്ദേഹം  അതു ഗൗരവത്തിലെടുത്തില്ല. 
"ലൂസിയേ! തുണി അലക്കി മുറ്റത്ത് അയലിലിട്ടാൽ മഴ വരും മുമ്പേ നീ ഓടിച്ചെന്ന് എടുക്കാറില്ലേ? അരി വെന്തുവോ എന്നു നോക്കും മുമ്പേ നീ വെന്തത് അറിയാറില്ലേ? അതുപോലെ അവന്  ഉൾവിളി പോലെ തോന്നുന്നതാവാം, നീ കാര്യമാക്കേണ്ട!" എന്ന മറുപടി അവൾക്കു ബോധിച്ചില്ല.
" ഫാദർ ,അയാളു പക്ഷെ വിറച്ചു തുള്ളി മറുഭാഷ പറയുന്നതോ?"
ഫാദർ അല്പനേരം ഒന്നും മിണ്ടിയില്ല. ദൂരെ ചെകുത്താൻ പാറയുടെ നേരെ കുറച്ചു നേരം നോക്കിയ ശേഷം അദ്ദേഹം അവളെ ആശ്വസിപ്പിക്കാൻ വേണ്ടിയെന്ന പോലെ പറഞ്ഞു. "ലാസറിനോട് എന്നെ വന്നു കാണാൻ പറയൂ, ഞാൻ നോക്കിക്കൊള്ളാം" .
തിരിച്ചു പോകവെ അവൾ ആദ്യമായി ഫാദറെ സംശയിച്ചു.ഇദ്ദേഹം തന്നിൽ നിന്നും എന്തോ മറച്ചു പിടിക്കുന്നുണ്ട്. ലാസറിൻ്റെ കഴിഞ്ഞകാലത്ത് താനറിയാത്ത എന്തോ രഹസ്യമുണ്ട്. അദ്ദേഹം ഇത്ര വലിയ പുണ്യവാളനായിട്ടും അറിഞ്ഞു കൊണ്ട് തന്നെ ഇയാളെക്കൊണ്ട് കെട്ടിച്ചതാവും. അവൾ ഫാദറെ പ്രാകി .

ഫാദർ അൻ്റോണിനസ്സിനും ലാസറിൻ്റെ മാറ്റം അത്ഭുതമുളവാക്കി.അദ്ദേഹം അതു പുറത്തു കാണിച്ചില്ല എന്നു മാത്രം.

റോസമ്മയുടെ ശവമടക്കിനു വന്ന പുരുഷാരത്തെ സാക്ഷിയാക്കി ലാസർ ഒരു തത്വചിന്തകനെപ്പോലെ പറഞ്ഞു,
" മരണത്തിനു മുമ്പേ മണ്ണിൽ നിന്റെ കുഴി കാത്തു കിടപ്പുണ്ട്.
തള്ളയുടെ ഗർഭപാത്രം നിൻ്റെ വരവിനായി ഒരുക്കിയതുപോലെ .
വയറൊരുക്കിയതു ദൈവം കുഴിയൊരുക്കിയതും ദൈവം."

"കള്ളും കുടിച്ച് ഭള്ളു പറയുന്നോടാ നായേ, "
ലാസറിനെ ചവിട്ടാൻ ഐപ്പ് കാലുയർത്തിയതാണ്. കുഴി മൂടാൻ ആളു വേണ്ടതു കൊണ്ട് മാത്രം പിൻ വാങ്ങി.

പിന്നീടങ്ങോട്ട് മരണമറിയിക്കാൻ ആരും ലാസറെ തേടേണ്ടി വന്നില്ല.തൻ്റെ കൂന്താലിയുമായി ലാസർ സെമിത്തേരിയുടെ ഭാഗത്തേക്കു നടന്നാൽ നാട്ടുകാരുടെ നെഞ്ചിടിപ്പു കൂടി.തങ്ങളിൽ ആരാവും മരിക്കുക?!

ലാസറിന് സാത്താൻ സേവയുണ്ട്. അല്ലാതെ അവനെങ്ങനെ ഇത്ര കൃത്യമായി മരണത്തെ മുൻകൂട്ടിയറിയുന്നു?! ജനം ഉറപ്പിച്ചു. അവന് കൊടുക്കേണ്ടതു കൊടുത്താൽ തീരുന്ന പിരാന്തേയുള്ളൂ എന്ന്  പ്രഖ്യാപിച്ചു കൊണ്ട് ഐപ്പ് മീശ തടവി. അതു വെറും പറച്ചിലായിരുന്നില്ല.

ഒരു രാത്രി ഐപ്പ് നിറതോക്കുമായി വേട്ടപ്പട്ടികളേയും കൂട്ടി വേട്ടയ്ക്കു പുറപ്പെട്ടു.
അപ്പാ, ഞാനും വരുന്നു എന്ന് മാണി പറഞ്ഞു.
"വേണ്ടെടാ, ഇത് എന്നെ മാത്രം കാത്തു നിൽക്കുന്ന ഒരു കാട്ടുപോത്തിനുള്ളതാണ്. മറ്റാരും വേണ്ട. നീ ഉറങ്ങിക്കോ.''
അത് ഐപ്പ് മാണിയോടു നടത്തിയ അവസാന സംഭാഷണമാണെന്ന് മാണി അറിഞ്ഞില്ല. അവൻ ആണത്തത്തിൻ്റെ ആൾരൂപമായ തന്റെ പിതാവിൻ്റെ യാത്ര അഭിമാനത്തോടെ നോക്കി നിന്നു.
" കണ്ടോടീ ഫിലോമിനേ വയസ്സുകാലത്തും അപ്പൻ്റെ നെഞ്ചൂക്ക് ".
" പോയ പോലെ വന്നാ മതി. വേട്ടയ്ക്കു പോകാൻ പറ്റിയ പ്രായം !" ഫിലോമിന ചിറി കോട്ടി.
 വേട്ടപ്പട്ടികളുമായി ഐപ്പ് എരുവച്ചാൽ ഭാഗത്തേക്കു നടന്നു പോയി.
ആ വരവു പ്രതീക്ഷിച്ചതു പോലെ അവൻ്റെ വീട്ടു മുറ്റത്ത് ലാസർ തയ്യാറായി നിൽപ്പുണ്ടായിരുന്നു.
ഈ മനുഷ്യൻ ഇന്നാരുടെ കുഴിയാണോ വെട്ടാൻ പോകുന്നത് എന്ന് ലൂസി ചിന്തിക്കവേ ലാസർ കൂന്താലിക്കു പകരം മുറിക്കകത്തു നിന്നും മലകയറാൻ പോകുമ്പോളെടുക്കുന്ന വടം ചുരുട്ടി തോളിലിട്ടു.ഈ രാത്രി മല കയറാൻ പോകുന്നോ എന്ന അവളുടെ ചോദ്യത്തിനുള്ള ഉത്തരം മുറ്റത്തു നിന്നും വേട്ടപ്പട്ടികളുടെ കുരയ്ക്കൊപ്പം ഐപ്പിൻ്റെ വിളിയായി വന്നു.
"വാടാ ലാസറെ, എനിക്ക് വേട്ടക്കൊതി,ചെറുക്കൻ വരാമെന്നു പറഞ്ഞതാ, ഞാൻ വിലക്കി. നീയുള്ളപ്പോൾ മലകേറാൻ വേറെ ആളെന്തിന്? വേട്ടമൃഗത്തിൻ്റെ  തലയും നെഞ്ചും പിൻ കാലുകളും എനിക്ക്, ബാക്കി നിനക്ക്!"
ലാസർ ചിരിച്ചു.കഴുതപ്പുലിയെപ്പോലെ ചിരിച്ചു. ജീവിതത്തിലാദ്യമായി ഐപ്പിന് ഉൾക്കിടിലമുണ്ടായി.തന്റെ വല പൊട്ടിക്കാൻ വരുന്ന വലിയ ഇരയെ കാണുമ്പോൾ ചിലന്തി ബലം പിടിക്കുന്ന പോലെ ഐപ്പ് അയാളുടെ നിറതോക്കിൽ പിടിമുറുക്കി.
             
***** *** ***

☘️☘️☘️☘️☘️☘️☘️☘️ 
                  (16)
* കാടിൻ്റെ കണ്ണുകൾ *
കാട് പൗർണ്ണമി നിലാവിനെ കുടിച്ചു മദിച്ചു മയങ്ങിയിരിപ്പായിരുന്നു.കാടിൻ്റെ മനസ്സുപോലെ ഒരു വയോവൃദ്ധൻ ചെകുത്താൻ പാറയുടെ ഉച്ചിയിൽ നിന്നു കൊണ്ട്  താഴെയ്ക്കു നോക്കി നിന്നു. ദൂരെ വെളിച്ചമണഞ്ഞിട്ടില്ലാത്ത  ഭവനങ്ങളെ മിന്നാമിനുങ്ങുകളെപ്പോലെ അദ്ദേഹം കണ്ടു. താൻ കളിച്ചു വളർന്ന ഗ്രാമഭൂമിയെ അദ്ദേഹം നോക്കി. കുടിയേറി വന്നവരുടെ അടിമകളാവാൻ തയ്യാറാവാതെ നാടു വെടിഞ്ഞു കാടു കയറിയ പഴയ കഥകൾ അദ്ദേഹം ഓർത്തു. 
പൗർണ്ണമി-അമാവാസികളിലെല്ലാം അദ്ദേഹം മലമുകളിലെ പാറയുടെ ഉച്ചിയിലെത്തും.അമാവാസി രാത്രിയിൽ അഗ്നിയാലും പൗർണ്ണമി രാത്രിയിൽ ജലത്താലും അദ്ദേഹം കരിങ്കാളിയെ പൂജിക്കും. നിഗൂഢമായ പൂജ. മൂപ്പനല്ലാതെ മറ്റാർക്കും പാറയിലേക്ക് പൂജാ വേളയിൽ പ്രവേശനമില്ല. അദ്ദേഹം ഗ്രാമത്തിൽ നിന്നു തൻ്റെ നോട്ടം പിൻവലിച്ച ശേഷം രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന പൂജയ്ക്ക് ഒരുങ്ങി. അന്നു പുലർച്ചെ കാട്ടരുവിയിൽ കുളിച്ച് ഒറ്റയ്ക്ക് തെച്ചിപ്പൂക്കളും ജലവും ശേഖരിച്ച് പാറയുടെ ഉച്ചിയിലെത്തിച്ച്  ആരംഭിച്ച പൂജയാണത്.
കാട് കണ്ണു തുറന്ന് മൂപ്പനെ നോക്കി, മൂപ്പൻ്റെ പൂജയെ നോക്കി.അപ്പനപ്പൂപ്പൻമാർ തുടർന്നു വന്ന താളത്തിലും ചലനത്തിലും ചിട്ടകളിലും പൂജ ചെയ്യുന്ന മൂപ്പൻ്റെ മുമ്പിൽ കരിങ്കാളിയായി കാട് പൂജ കൈയേറ്റു.കാടിൻ്റെ ശാസന കേട്ട മട്ടിൽ ജീവജാലങ്ങൾ നിശബ്ദരായി. വായു പോലും കാറ്റായി വീശാതെ മൂപ്പൻ്റെ ശ്വാസവും നിശ്വാസവുമായി മാറി.ഭൂഗോളത്തിൻ്റെ വിദൂര പർവ്വത സാനുക്കളിൽ ഇതേ രാവും പകലും നിരവധി മൂപ്പന്മാർ പരസ്പരമറിയാതെ തന്നെ പൂജിക്കുന്നുവെന്നത്  കാടിനു മാത്രം അറിയാവുന്ന രഹസ്യമായിരുന്നു. അവരുടെ മന്ത്രങ്ങൾക്ക്  ഒരേ ശബ്ദമായിരുന്നു. ഭാഷയില്ലാത്ത ശബ്ദം. അർത്ഥമില്ലാത്ത ശബ്ദം. നാക്കു വഴങ്ങാത്ത കുഞ്ഞുങ്ങൾ അമ്മയോടു കൊഞ്ചുന്നതു പോലെ അവരെല്ലാം കൊഞ്ചി.ആ കൊഞ്ചൽ കേട്ട് കാടിൻ്റെ മുല ചുരന്നു. നിലാവിൽ കാട്ടരുവി മുലപ്പാലായി. മനുഷ്യവംശത്തോടുള്ള വാത്സല്യം പോലെ പാലരുവികൾ ഒഴുകി.
കരിങ്കാളി കരിമ്പാറയായി ചെരിഞ്ഞു കിടന്നു. മുലകുടിക്കുന്ന ശിശുവിനെപ്പോലെ മൂപ്പനെ കരുതലോടെ താങ്ങി. 
താഴെ  മല കയറിത്തുടങ്ങിയ ഐപ്പിനും ലാസറിനും മുന്നിൽ കുതിക്കുന്ന വേട്ടപ്പട്ടികൾ എന്തോ കണ്ടു ഭയന്ന പോലെ  വാലുചുരുട്ടി നിലത്തു പതുങ്ങി.ഐപ്പിൻ്റെ ആജ്ഞകൾ അനുസരിക്കാതെ അവ പിന്തിരിഞ്ഞോടി.
ലാസർ ഐപ്പിനെ നോക്കി അതേ ചിരി ചിരിച്ചു.
"കാടിൻ്റെ  കണ്ണുകൾ നിന്നെ പരതുന്നുണ്ട്.
നിൻ്റെ തോക്കിനേക്കാൾ വലിയ ഒരു തോക്കിൽ കാടിൻ്റെ വിരൽ പരതുന്നുണ്ട്.
മല കയറാതെ മടങ്ങ്. നീ വേട്ടക്കാരനല്ല. ഇരയാണ്. കരിങ്കാളിയുടെ ഇര'', ലാസർ കഴുതപ്പുലിയെപ്പോലെ ചിരിച്ചു. അവനെ മലമുകളിലെത്തിച്ച ശേഷം കൊല്ലാമെന്ന  തീരുമാനത്തിൽ അയാൾ കാട്ടുപാതയിലൂടെ നടത്തം തുടർന്നു.
ലാസർ പിന്തുടർന്നു.
അത് കാട്ടുപാതയായിരുന്നില്ല. കാട്ടുപന്നി ഓടിക്കയറിപ്പോയ വഴിയായിരുന്നു. അതറിയുന്ന ലാസർ ഐപ്പിനെ പിന്തുടരാതെ അയാളെ കാണും വിധം വഴി വെട്ടി മല കയറി. ഐപ്പിൻ്റെ തോക്കിൻ കുഴൽ മുന്നിലേക്കല്ല തന്റെ നേർക്കാണെന്നതു ശ്രദ്ധിക്കാതെ അവൻ മലകയറി.

*      *      *     *     *      *

☘️☘️☘️☘️☘️☘️☘️☘️ 
                  (17)
     * കയറ്റം, ഇറക്കം *

ഐപ്പ് ആദ്യമായാണ്  ഒറ്റയ്ക്ക് വേട്ടയ്ക്കു പോകുന്നത്. വേട്ടനായ്ക്കളും കൂട്ടാളികളുമെല്ലാമായി ജീപ്പിൽ വെള്ളീൽ മലയിലേക്കു വേട്ടയ്ക്കു പോകുന്നതല്ലാതെ അയാൾ ഒരിക്കലും ചാത്തൻപാറയിലേക്കു പോയിരുന്നില്ല. പോവില്ല എന്നത്  ഇടവകയിലെ അലിഖിതമായ നിയമമായിരുന്നു. തദ്ദേശീയരും കുടിയേറ്റക്കാരും തമ്മിൽ പണ്ടുണ്ടായ സംഘർഷത്തിൻ്റെ അവസാനം കാണാൻ ഇരുകൂട്ടരും എത്തിച്ചേർന്ന ഉടമ്പടി അതായിരുന്നു. ഇന്നാദ്യമായി ഐപ്പ് അതു ലംഘിക്കുകയാണ്.
വേട്ടപ്പട്ടികൾ കുതിച്ചു കയറുമ്പോൾ ആ വഴി പിന്തുടരാൻ എളുപ്പമാണ്. അവറ്റ ഓടി രക്ഷപ്പെട്ടത് എന്തുകൊണ്ടെന്ന് ഐപ്പിനു മനസ്സിലായില്ല. അവരെ ഭയപ്പെടുത്തുന്ന ഏതോ വന്യമൃഗം സമീപത്തുണ്ടാവാം. ആ ചൂരടിച്ചപ്പോഴാവും അവറ്റ ഭയന്നോടിയത്. കാട്ടുപന്നി പുല്ലു വകഞ്ഞു കയറിപ്പോയ വഴിയാണതെന്നറിയാതെ ഐപ്പ്  നടന്നു കയറി. മുന്നിൽ ഇടുങ്ങിയ വഴി മാത്രം .നിലാവിൽ തിളങ്ങുന്ന നീളൻപുല്ലുകൾ കാടിൻ്റെ വാൾത്തല പോലെ തോന്നിച്ചു.
കാടിൻ്റെ കണ്ണുകൾ തന്നെ നോക്കുന്നുണ്ടെന്നും ,
വലിയ ഒരു തോക്ക് തൻ്റെ നേർക്ക് തിരിഞ്ഞിട്ടുണ്ടെന്നും, 
അതിൻ്റെ കാഞ്ചിയിൽ കാടു പരതുന്നുണ്ടെന്നും ,
കണ്ണും കുഴലും വിരലും തന്നിലേക്ക് പായിക്കാൻ വെടിമരുന്നു നിറച്ചിട്ടുണ്ടെന്നും ലാസർ പറഞ്ഞത് ഓർത്തപ്പോൾ അയാൾക്ക് ചിരി വന്നു. കരിങ്കാളിയെന്ന പേര് ഓർത്തപ്പോൾ അയാൾക്ക്  ചിരി ഏറി.
കാടന്മാരുടെ കരിങ്കാളി.
ദൈവത്തെ പേടിക്കാത്ത തനിക്ക് എന്ത് കാളിയും കൂളിയും .
നില്പിന് എദമുള്ള (സൗകര്യമുള്ള ) ഒരു തട്ടിൽ ഐപ്പ്  കയറ്റം നിർത്തി. മുന്നിലേക്ക് വഴി നീണ്ടു കിടപ്പുണ്ട്. പക്ഷെ മതി. തൻ്റെ ഇര വലതുഭാഗത്തെ ചെരിവിലൂടെ പുല്ലുവെട്ടി മല കയറുകയാണ്.   പുറം തിരിഞ്ഞ് ഐപ്പ്  വഴിയിൽ ഇരുന്നു.എന്നിട്ട് തൻ്റെ തോക്ക്  ലാസറിൻ്റെ കാൽമുട്ടിനു നേർക്ക് ഉന്നം വെച്ചു. കൊല്ലേണ്ടെന്ന് അയാൾ നേരത്തേ തീരുമാനിച്ചിരുന്നു. മുട്ടു തകർത്താൽ മതി. ഇനി അവനാരുടേയും കുഴി വെട്ടരുത്.

കാടിൻ്റെ കണ്ണുകൾ പുറം തിരിഞ്ഞിരിക്കുന്ന ഐപ്പിനെ  കണ്ടു. അവൻ ലാസറിൻ്റെ  നേർക്ക്  നീട്ടിയ തോക്കിൻ കുഴൽ കണ്ടു. അവൻ്റെ വിരലുകൾ കാഞ്ചിയിൽ അമരുന്നതു കണ്ടു. അവൻ്റെ ഇടം കണ്ണsഞ്ഞ് വലം കണ്ണ്  ലാസറിൻ്റെ മുട്ടിൽ ഏകാഗ്രമാകുന്നത് കാടു കണ്ടു. വേട്ട വല്ലാത്ത ഒരു ധ്യാനം തന്നെ. വലിയ ഒരു വെടി ശബ്ദം ഇപ്പോൾ മുഴങ്ങും.മൂപ്പൻ്റെ പൂജ മുടങ്ങും.

കാട്  ഐപ്പിനെ ഉന്നം വെച്ചു.കാഞ്ചി വലിച്ചു. നിശ്ശബ്ദമായി ആ വെടിയുണ്ട നേർരേഖയിൽ ചീറിപ്പാഞ്ഞു.   ഐപ്പിനെ തട്ടിമറിച്ചിട്ട് അതു  താഴോട്ടു കുതിച്ചു. കയറിപ്പോയ വഴിയിലൂടെ തിരിച്ചിറങ്ങി വന്ന ആ കാട്ടുപന്നിക്ക് ഐപ്പിനെ അറിയില്ലല്ലോ!
ഐപ്പിൻ്റെ ദേഹം ചരിവിലൂടെ ഉരുണ്ടു താഴേക്കു പോയി.
ലാസർ നിറകണ്ണുകളോടെ കാടിനെ നമസ്ക്കരിച്ചു. മണ്ണിനെ മുത്തി.കാടിനെ മണത്തു.മൂപ്പന്റെ പൂജ മുടക്കാതിരിക്കാൻ ലാസർ മലയിറങ്ങി. അവൻ്റെ മുതുകിൽ വടം കൊണ്ട് കെട്ടപ്പെട്ട ഐപ്പിൻ്റെ ശരീരമുണ്ടായിരുന്നു. 
എപ്പിന് ശ്വാസമുണ്ടായിരുന്നു.
പക്ഷെ ശബ്ദമുണ്ടായിരുന്നില്ല. 
ഐപ്പിൻ്റെ മുഖം കോടിപ്പോയിരുന്നു. 
ദേഹം ഒരു വശം തളർന്നു പോയിരുന്നു. തൻ്റെ ഇരട്ടി ഭാരം ചുമലിലേറ്റിയ ഉറുമ്പിനെപ്പോലെ ലാസർ മലയിറങ്ങി.

ഒരു കണ്ണു കൊണ്ട് ഐപ്പ് ആകാശം കണ്ടു, സന്ധി ബന്ധങ്ങൾ വിട്ട വേദനയിൽ ഐപ്പ്  
'' അമ്മച്ചീ " എന്നു വിളിച്ചു. ആ ശബ്ദം പുറത്തു വന്നില്ല.
കാട് ചിരിച്ചു. സ്വന്തം അമ്മയേ ജീവനുള്ളപ്പോൾ തള്ളേ എന്നു മാത്രം  വിളിച്ചു പഴകിയവൻ്റെ വിലാപം ആരു കേൾക്കാൻ ?!
  

**     **      **     **       **

ഐപ്പിനെ യാത്രയാക്കിയ ശേഷം മാണി കതകടച്ചു . തങ്കച്ചൻ അവൻ്റെ മുറിയിൽ നേരത്തേ ഉറക്കമായിരുന്നു. അവൻ കട്ടിലിൻ്റെ വക്കത്താണ് കിടക്കുന്നത്.മാണി അവനെ കട്ടിലിനു നടുവിലേക്കു നീക്കി ഇരു പുറത്തും ഓരോ തലയണ വെച്ചു കൊടുത്തു.ചെറുപ്പം മുതലേ അവന് ഉറക്കത്തിൽ വീഴ്ച പതിവുള്ളതാണ്.മാണി തങ്കച്ചന് സ്നേഹത്തോടെ നെറ്റിയിൽ മുത്തം നല്കി. ബെന്നിയുടെ മുറിയുടെ കതക് അടച്ചിരിക്കുകയാണ്. ലെറ്റ് അണഞ്ഞിട്ടില്ല. ചെറുക്കൻ വാക്ക്മാൻ ചെവിയിൽ കുത്തി പാട്ടുകേൾക്കുകയാവും.മാണി ശല്യപ്പെടുത്താൻ പോയില്ല.
അന്നു രാത്രി ഉറക്കത്തിൽ മാണി അത്ഭുതകരമായ ഒരു പ്രതിമയെ സ്വപ്നം കണ്ടു. ശിരസ് സ്വർണ്ണത്താലും, നെഞ്ചും കൈകളും വെള്ളിയാലും, വയറും തുടകളും വെള്ളോടിനാലും, കണങ്കാലുകൾ ഇരുമ്പിനാലും ,പാദങ്ങൾ പാതി ഇരുമ്പിനാലും പാതി കളിമണ്ണിനാലും പണിതിരിക്കുന്നു. ഇടവകയിലെ ഏറ്റവും ഉയരമുള്ള ആ പ്രതിമയുടെ നേരെ  മലമുകളിൽ നിന്നും ഒരു ചെറുകല്ല് പാഞ്ഞു വന്നു.അത് പ്രതിമയുടെ പാദത്തിൽ കൊണ്ടതും പാദങ്ങൾ പൊടിഞ്ഞ് പ്രതിമ നിലം പതിച്ചു. അത് വീണിടം മുഴുവൻ തകർന്നു പോയി. ഭവനങ്ങളും പള്ളിയും അതിനടിയിൽ പെട്ടു .തല തെറിച്ച് ഉരുണ്ടുവന്ന് മാണിയുടെ മുറ്റത്തെത്തി.മാണിയും ഫിലോമിനയും മക്കളും അലറിക്കരഞ്ഞു. ഭാഗ്യം ആ തല വീട്ടിനു മുകളിലേക്കു വരാതെ ചലനം നിന്നു.അവർ അത്ഭുതത്തോടെ പ്രതിമയുടെ ശിരസിനെ നോക്കി. അതിന് ഐപ്പിൻ്റെ മുഖമായിരുന്നു.
മാണി ഞെട്ടിയുണർന്ന് മെത്തയിലിരുന്നു. ഫിലോമിന ചെരിഞ്ഞു കിടന്ന് ഉറക്കമാണ്. മാണിക്ക് ഉറക്കം നഷ്ടമായി.അപ്പന് എന്തോ ആപത്തു പറ്റിയെന്ന്  അവന് തോന്നി.മാണി മാളിക മുകളിൽ കയറി ജനാല വഴി മലയിലേക്കു നോക്കി.നിലാവിൽ തിളങ്ങുന്ന മലയിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല. താഴെയിറങ്ങി അവൻ ഫാത്തിമാമാതാവിൻ്റെ പ്രതിമയ്ക്കു മുന്നിൽ മെഴുകുതിരി കത്തിച്ചു. മുട്ടിപ്പായിൽ നിന്ന് പ്രാർത്ഥിച്ചു. " ഈശോ മറിയം ഔസേപ്പേ, എൻ്റെ അപ്പനെ കാത്തരുളണമേ!".
മാണി ബൈബിൾ കൈയിലെടുത്തു. കണ്ണടച്ച്  പത്ത്, ഒമ്പത്, എട്ട്..... ഒന്നുവരെ എണ്ണി. എന്നിട്ട്  കണ്ണുതുറക്കാതെ ബൈബിൾ പകുത്തുതുറന്നു. കണ്ണുതുറന്നു വായിച്ചു.
ദാനിയേലിൻ്റെ പുസ്തകം 2:31 മുതലുള്ള ഭാഗം അവൻ വായിച്ചു.അതിൽ  വായിച്ച ഭാഗം ദാനിയേൽ കണ്ട ദു:സ്വപ്നത്തെപ്പറ്റിയായിരുന്നു. സ്വർണ്ണ ശിരസ്സും, അരയ്ക്കു മുകളിൽ വരെ വെള്ളിയും, മുട്ടുവരെ വെള്ളോടും, പാദം വരെ ഇരുമ്പും, ഇരുമ്പും കളിമണ്ണും ചേർന്ന പാദങ്ങളുമുള്ള ആ പ്രതിമയുടെ  പാദം കല്ലേറിൽ തകർന്ന് പ്രതിമ നിപതിക്കുന്നതായി ദാനിയേൽ സ്വപ്നം കാണുന്നു. ഞെട്ടലോടെ മാണി ബൈബിൾ അടച്ചു. കരിന്തിരിയുടെ നാറ്റം വരുന്നേടത്തേക്ക് അവൻ നോക്കി. മെഴുകുതിരി കെട്ടു പോയിരിക്കുന്നു. കെടുത്തിയ ചെറു വണ്ട്  മെഴുകിൽ കുടുങ്ങിക്കിടക്കുന്നു.
പുറത്ത് ജീപ്പു വന്നു നിൽക്കുന്ന ശബ്ദം മാണി കേട്ടു .ആരൊക്കെയോ വരികയാണ്.
              
***** *** ***
 
  ലൂസി തുറന്നു വെച്ച ജനാലയിലൂടെ ദൂരെ കൂളിക്കുന്നിറങ്ങി വരുന്ന ലാസറിനെ കണ്ടു. അവൻ്റെ മുതുകിൽ എന്തോകെട്ടി വച്ചതുമായി കുനിഞ്ഞിറങ്ങി വരികയാണ്. വേട്ടയാടപ്പെട്ട മൃഗത്തെ കൊണ്ടുവരുന്നതാവുമോ? 
അവൾ വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി. ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു. അത് ഐപ്പിൻ്റെ ദേഹമാണ്. വേട്ടനായ്ക്കളുമില്ല, തോക്കുമില്ല. അയാൾ മരിച്ചിട്ടുമില്ല.
ലാസർ ഐപ്പിനെ വരാന്തയിലെ കയറു കട്ടിലിൽ ഇറക്കിക്കിടത്തി. എന്നിട്ട് നിലത്തു കുത്തിയിരുന്നു കിതച്ചു. ഐപ്പിൻ്റെ ദേഹത്ത്  പോറി ചോര പൊടിഞ്ഞിട്ടുണ്ടെങ്കിലും കാര്യമായ പരിക്കൊന്നുമില്ല.പക്ഷെ എന്തോ കണ്ടു ഭയന്നതു പോലെ വായ ഒരു വശം കോടി കണ്ണു തുറിച്ച് അനങ്ങാതെ കിടക്കുകയാണ്. ലൂസി വേഗം കുറച്ചു ചൂടുവെള്ളം അനത്തിക്കൊണ്ടുവന്നു. ആറ്റിത്തണുപ്പിച്ച ശേഷം ഗ്ലാസ് ഐപ്പിൻ്റെ  ചുണ്ടിനോടു ചേർത്തു. അതു പക്ഷെ പുറത്തേക്ക് ഒഴുകിപ്പോയി.
ലാസർ ആളെ കൂട്ടാൻ വേണ്ടി  ഓടി. കൂളിക്കുന്നിറങ്ങി എരുവച്ചാൽ കടന്ന് അവൻ നാട്ടുകാരെ വിളിച്ചുകൂട്ടി. അവർ ജീപ്പുമായി വന്ന് ഐപ്പിനെ ജോർജു ഡോക്ടറുടെ വീട്ടിൽ കൊണ്ടുപോയി. അദ്ദേഹത്തിൻ്റെ ജീപ്പിൽ നഗരത്തിലേ വലിയ ആശുപത്രിയിലെത്തിച്ച് അഡ്മിറ്റ് ചെയ്തു.മാണിയെ വിവരമറിയിക്കാൻ ആളെ വിട്ടു.

പിറ്റേന്നു പകൽ നാട്ടിൽ വലിയ പുകിലായിരുന്നു. പലരും പല കഥകളും പറഞ്ഞുണ്ടാക്കി. ലാസർ  ഐപ്പിനെ വീഴ്ത്തിയതാണെന്നു വരെ പലരും പറഞ്ഞു. ലാസറിനോട് പ്രതികാരം ചെയ്യണമെന്നു ചിലർ പറഞ്ഞു. പക്ഷെ കൂളിക്കുന്നു കയറാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ഐപ്പ് മരിക്കാറായോ എന്നറിയാൻ അവർ ലാസർ കൂന്താലിയുമായി വരുന്നുണ്ടോ  എന്ന് കൂടെക്കൂടെ വഴിയിലേക്കു നോക്കി നിന്നു.
ഐപ്പിന് രണ്ടു മാസം കിടന്നിട്ടും മാറ്റമില്ല. ഇനി വീട്ടിൽ കിടത്തി പരിചരിച്ചാൽ മതിയെന്ന ഉപദേശവുമായി ആശുപത്രിക്കാർ കൈയൊഴിഞ്ഞു.
മാണി അപ്പനു വേണ്ട എല്ലാ പരിചരണങ്ങളും നല്കി. അന്നു രാത്രി അവൻ ഉറങ്ങിയില്ല.
പിറ്റേന്ന് രാവിലെ അവൻ നേരത്തേ എഴുന്നേറ്റു.എന്നിട്ട് വീടുവിട്ടിറങ്ങി. എരുവച്ചാൽ കടന്ന് കൂളിക്കുന്നു കയറി അവൻ ലാസറിൻ്റെ വീട്ടിലെത്തി. അവൻ ലൂസിയേയോ ലൂയിസിനേയോ നോക്കിയില്ല. ലാസറിനെ ബലമായി പിടിച്ച് വലിച്ച് അവൻ മലകയറി.
     
***** *** ***
☘️☘️☘️☘️☘️☘️☘️☘️ 
                  (20)
* അകക്കണ്ണ്  കാണാത്ത കാഴ്ച*

മാണി ബലമായി പിടിച്ചതുകൊണ്ടൊന്നുമല്ല ലാസർ കൂടെപ്പോയത്.മാണിയുടെ വരവ് അവൻ പ്രതീക്ഷിച്ചിരുന്നു. അപ്പന് പറ്റിയ ഏനക്കേട് ഏതു മകനാണ് സഹിക്കാനാവുക?! ചിലപ്പോൾ അക്രമിച്ചുവെന്നും വരാം.ശാരീരിക ബലം തനിക്കായതിനാൽ എത് അക്രമവും സഹിക്കാൻ താൻ ഒരുക്കവുമാണ്. 
ഭാര്യയുടേയും മകൻ്റേയും മുന്നിൽ നിന്നും മാണി  പിടിച്ചു വലിച്ചു കൊണ്ടുപോയപ്പോൾ ലാസർ ഒട്ടൊരാശ്വാസത്തോടെ കൂടെപ്പോയി.
മല കയറിത്തുടങ്ങിയപ്പോൾ മാണി പിടിയയച്ചു. ലാസർ ഒട്ടും ചെറുത്തു നിൽക്കുന്നില്ലെന്ന് അവന് മനസ്സിലായിരുന്നു. ഇരുവരും  കാട്ടുവഴിയിലൂടെ മലകയറി. ഒടുവിൽ ആളുയരത്തിലുള്ള കാട്ടു പുല്ല് വഴി തടഞ്ഞു.ഇനി എങ്ങോട്ടു കയറണമെന്നറിയാതെ  മാണി പകച്ചു. അവൻ്റെ കഞ്ചാവു തോട്ടങ്ങളുള്ള വെള്ളീൽ മലപോലെയല്ല ഇവിടം.  ഈ കാടു തികച്ചും വ്യത്യസ്ഥമാണ്. ഇവിടെ  കാടിന് ഭയപ്പെടുത്തുന്ന ചൂരാണ്. കയറുന്ന കാലുകളെ ആരോപിന്നോട്ടു തള്ളുന്നതു പോലെ മാണിക്കു തോന്നി.
അവൻ മരഞ്ചെരിവിൽ മലർന്നുവീണു.
ലാസർ അന്നുവരെ കാണാത്ത മറ്റൊരു മാണിയെ അന്നാദ്യമായി കണ്ടു. 
കണ്ണു നിറഞ്ഞ മാണി.
പൊട്ടിക്കരയുന്ന മാണി.
കാടകമാകെ അവൻ്റെ കരച്ചിൽ കേട്ടു .അപ്പാ അപ്പാ അമ്മച്ചീ ഈശോയേ കർത്താവേ എന്നൊക്കെ വിളിച്ചു കൊണ്ട് മാണി കരഞ്ഞു.
എങ്ങനെ അവനെ ആശ്വസിപ്പിക്കുമെന്നറിയാതെ ലാസർ കുഴങ്ങി.
ഒടുവിൽ ലാസർ മാണിയെ ബലമായി പിടിച്ചെഴുന്നേൽപ്പിച്ചു.ചുമലിൽ പിടിച്ച് നന്നായൊന്നു കുലുക്കിയപ്പോൾ കരച്ചിൽ ഒരല്പം അടങ്ങി.അന്നു രാത്രി നടന്ന സംഭവങ്ങൾ ലാസർ അവനെ പറഞ്ഞു മനസ്സിലാക്കി. വേട്ടപ്പട്ടികൾ ഓടിപ്പോയതും ഐപ്പ് വീണതും തോക്ക് കാട്ടിൽ എങ്ങോ തെറിച്ചു പോയതും അവൻ പറഞ്ഞു കൊടുത്തു.ഉച്ചവരെ  മാണി അവൻ്റെ ചെറുപ്പകാലത്തെപ്പറ്റിയും അമ്മച്ചി മരിച്ച ശേഷവും മറ്റൊരു പെണ്ണു കെട്ടാത്ത ഐപ്പിൻ്റെ പിടിവാശിയെപ്പറ്റിയും അവനോടുള്ള സ്നേഹത്തെപ്പറ്റിയുമൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു.
എല്ലാം പറഞ്ഞു കഴിഞ്ഞ് അവർ മലയിറങ്ങി. കൂളിക്കുന്നിറങ്ങി എരു വച്ചാലു കടക്കും വരെ ലാസർ മാണിയെ അനുയാത്ര ചെയ്തു.മാണി തൻ്റെ ഏറ്റവും അടുത്ത ഒരാളായി മാറിയതായി ലാസർ അറിഞ്ഞു.

***** *** ***
☘️☘️☘️☘️☘️☘️☘️☘️ (20) * അകക്കണ്ണ് കാണാത്ത കാഴ്ച* മാണി ബലമായി പിടിച്ചതുകൊണ്ടൊന്നുമല്ല ലാസർ കൂടെപ്പോയത്.മാണിയുടെ വരവ് അവൻ പ്രതീക്ഷിച്ചിരുന്നു. അപ്പന് പറ്റിയ ഏനക്കേട് ഏതു മകനാണ് സഹിക്കാനാവുക?! ചിലപ്പോൾ അക്രമിച്ചുവെന്നും വരാം.ശാരീരിക ബലം തനിക്കായതിനാൽ എത് അക്രമവും സഹിക്കാൻ താൻ ഒരുക്കവുമാണ്. ഭാര്യയുടേയും മകൻ്റേയും മുന്നിൽ നിന്നും മാണി പിടിച്ചു വലിച്ചു കൊണ്ടുപോയപ്പോൾ ലാസർ ഒട്ടൊരാശ്വാസത്തോടെ കൂടെപ്പോയി. മല കയറിത്തുടങ്ങിയപ്പോൾ മാണി പിടിയയച്ചു. ലാസർ ഒട്ടും ചെറുത്തു നിൽക്കുന്നില്ലെന്ന് അവന് മനസ്സിലായിരുന്നു. ഇരുവരും കാട്ടുവഴിയിലൂടെ മലകയറി. ഒടുവിൽ ആളുയരത്തിലുള്ള കാട്ടു പുല്ല് വഴി തടഞ്ഞു.ഇനി എങ്ങോട്ടു കയറണമെന്നറിയാതെ മാണി പകച്ചു. അവൻ്റെ കഞ്ചാവു തോട്ടങ്ങളുള്ള വെള്ളീൽ മലപോലെയല്ല ഇവിടം. ഈ കാടു തികച്ചും വ്യത്യസ്ഥമാണ്. ഇവിടെ കാടിന് ഭയപ്പെടുത്തുന്ന ചൂരാണ്. കയറുന്ന കാലുകളെ ആരോപിന്നോട്ടു തള്ളുന്നതു പോലെ മാണിക്കു തോന്നി. അവൻ മരഞ്ചെരിവിൽ മലർന്നുവീണു. ലാസർ അന്നുവരെ കാണാത്ത മറ്റൊരു മാണിയെ അന്നാദ്യമായി കണ്ടു. കണ്ണു നിറഞ്ഞ മാണി. പൊട്ടിക്കരയുന്ന മാണി. കാടകമാകെ അവൻ്റെ കരച്ചിൽ കേട്ടു .അപ്പാ അപ്പാ അമ്മച്ചീ ഈശോയേ കർത്താവേ എന്നൊക്കെ വിളിച്ചു കൊണ്ട് മാണി കരഞ്ഞു. എങ്ങനെ അവനെ ആശ്വസിപ്പിക്കുമെന്നറിയാതെ ലാസർ കുഴങ്ങി. ഒടുവിൽ ലാസർ മാണിയെ ബലമായി പിടിച്ചെഴുന്നേൽപ്പിച്ചു.ചുമലിൽ പിടിച്ച് നന്നായൊന്നു കുലുക്കിയപ്പോൾ കരച്ചിൽ ഒരല്പം അടങ്ങി.അന്നു രാത്രി നടന്ന സംഭവങ്ങൾ ലാസർ അവനെ പറഞ്ഞു മനസ്സിലാക്കി. വേട്ടപ്പട്ടികൾ ഓടിപ്പോയതും ഐപ്പ് വീണതും തോക്ക് കാട്ടിൽ എങ്ങോ തെറിച്ചു പോയതും അവൻ പറഞ്ഞു കൊടുത്തു.ഉച്ചവരെ മാണി അവൻ്റെ ചെറുപ്പകാലത്തെപ്പറ്റിയും അമ്മച്ചി മരിച്ച ശേഷവും മറ്റൊരു പെണ്ണു കെട്ടാത്ത ഐപ്പിൻ്റെ പിടിവാശിയെപ്പറ്റിയും അവനോടുള്ള സ്നേഹത്തെപ്പറ്റിയുമൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു. എല്ലാം പറഞ്ഞു കഴിഞ്ഞ് അവർ മലയിറങ്ങി. കൂളിക്കുന്നിറങ്ങി എരു വച്ചാലു കടക്കും വരെ ലാസർ മാണിയെ അനുയാത്ര ചെയ്തു.മാണി തൻ്റെ ഏറ്റവും അടുത്ത ഒരാളായി മാറിയതായി ലാസർ അറിഞ്ഞു. 
***** *** ***
☘️☘️☘️☘️☘️☘️☘️☘️ 
                  (21)
 പക പുകയുന്ന മനസ്സ്.
☘️☘️☘️☘️☘️☘️☘️☘️ 

കാട കരയുന്നതുപോലെ മാണി കരഞ്ഞത് 
ഉള്ളു കലങ്ങിത്തന്നെയായിരുന്നു. അപ്പൻ്റെ വീഴ്ച അവനെ അത്രമേൽ നോവിച്ചിരുന്നു. 
അവൻ്റെ മനസ്സിൽ ഐപ്പ്  
സീനായ്  മലപോലെ തലയെടുപ്പും , സാംസണേക്കാൾ കരുത്തും , സോളമനേക്കാൾ ബുദ്ധിയും ഉള്ള ആളായിരുന്നു. 
തൻ്റെ അവസാന വേട്ടയ്ക്ക് പോയതിന്  തൊട്ടു തലേ ദിവസം വരെ  ഐപ്പിൻ്റെ കരുത്ത്  അവൻ നേരിട്ട് കണ്ടതാണ്. അനുസരണക്കേട് കാട്ടിയ ഒരു വേട്ടപ്പട്ടിയെ  ഐപ്പ് പിൻകാലിൽ തൂക്കിയെടുത്ത്   നിലത്തടിച്ചത്  അവൻ നേരിട്ട് കണ്ടതാണ് .
അവൻ വട്ടം പിടിച്ചതുകൊണ്ട് മാത്രമാണ്  പട്ടിയുടെ ജീവൻ  ബാക്കിയായത്. അത്ര കരുത്തനായ അപ്പനാണ് വീണുകിടക്കുന്നത്. നന്ദിയുള്ള നായ്ക്കൾ ഒന്നുപോലും  രക്ഷയ്ക്ക് എത്തിയില്ല. അവയെ കാണാനുമില്ല. അപ്പൻ്റെ തോക്കും  നഷ്ടപ്പെട്ടിരിക്കുന്നു .

ഐപ്പിനെ വീഴ്ത്താൻ ലാസറിന് ഒറ്റയ്ക്ക് സാധിക്കുമോ?! വെറുമൊരു കുഴി വെട്ടുകാരന് വേട്ടക്കാരൻ ഐപ്പിനെ ഒറ്റയ്ക്ക് വീഴ്ത്താൻ ആവില്ല. 
അവന് ആരോ സഹായികൾ ഉണ്ട്.  അവരെ കണ്ടെത്തണം. 
മാണി ലാസറിനെ പിടിച്ച പിടിയാലേ മലമുകളിലേക്ക് കൊണ്ടുപോയത് സത്യം കണ്ടെത്താനായിരുന്നു. മലകയറ്റത്തിൻ്റെതുടക്കത്തിൽ ലാസർ മാണിയെ ഒരു ആട്ടിൻ കുട്ടിയെ പോലെ അനുസരിച്ചു. മാണിക്ക്  തൻ്റെ കൈക്കരുത്തിൽ സ്വയം മതിപ്പു തോന്നി. യഹോവയ്ക്കുള്ള ബലിമൃഗങ്ങളുമായി മലകയറിയ ആദിമ പിതാക്കളുടെ ബലം തനിക്കുമുണ്ട്. ദൈവത്തിന് സ്തോത്രം.

 മലകയറി ഒരൽപ്പം കഴിഞ്ഞപ്പോൾ മാണി കിതയ്ക്കാനും വിയർക്കാനും തുടങ്ങി. ലാസറിൻ്റെ മേലുള്ള അവൻ്റെ പിടി അയഞ്ഞു. വീഴാതിരിക്കാൻ അവൻ ലാസറിനെ പിടിക്കുന്ന സ്ഥിതിയായി. ലാസറാകട്ടെ തളർച്ച ഏതുമില്ലാതെ ഒരു കുട്ടിയെപ്പോലെ അവനെ മറികടന്ന് മല കയറുകയാണ്. രാത്രി തൻ്റെ അപ്പനോടൊപ്പം വേട്ടയ്ക്കു പോകുമ്പോൾ അവൻ അപ്പനെ ഇതുപോലെ മറികടന്നു കാണും. കിതപ്പാറ്റാൻ നിന്ന അപ്പനെ അവൻ വീഴ്ത്തിയിട്ടുണ്ടാവും.കരുത്തനായ അപ്പനെ വീഴ്ത്തിയവനോടൊപ്പമുള്ള മലകയറ്റം ആപത്താണെന്ന് മാണിക്കു ബോധ്യപ്പെട്ടു. മരണത്തിലേക്കാണ് തൻ്റെ കയറ്റം.അപ്പൻ നടന്ന അതേ വഴിയിലൂടെ. ദു:ഖവും ഭയവും നിസ്സഹായതയും ചേർന്നപ്പോൾ മാണി വീണു കിടന്ന്  കാടകരയും പോലെ കരഞ്ഞു. അത് കാടകത്തു നിറഞ്ഞു.അപ്പോഴാണ് ലാസർ അവനെ പിടിച്ചെഴുന്നേൽപ്പിച്ച് കുലുക്കിയത്. മാണിക്ക് ലാസറിൻ്റെ കൈക്കരുത്ത് ആ കുലുക്കലിൽ ബോധ്യപ്പെട്ടു. കുഴിവെട്ടി ലാസർ നിസ്സാരനല്ല. അവന് ഒറ്റയ്ക്ക് ഐപ്പിനെ കീഴടക്കാനാവും. നായ്ക്കളെ ഇവൻ കൊന്നു കാണും. അപ്പൻ്റെ തോക്ക് ഇവൻ കൈവശപ്പെടുത്തിയിട്ടുണ്ടാവും. തൽക്കാലം തിരിച്ചിറങ്ങാം. സ്വജീവൻ രക്ഷിക്കാം. നയത്തിൽ വേണം പ്രതികാരം ചെയ്യാൻ എന്ന് അവൻ തീർച്ചപ്പെടുത്തി. അപ്പനെ പറ്റിയുള്ള  നല്ല ഓർമ്മകൾ അവനോട് പങ്കുവെച്ചുകൊണ്ട് മാണി മലയിറങ്ങി. അപ്പൻറെ സ്നേഹത്തെപ്പറ്റിയുള്ള കഥകൾ അപ്പൻ്റെ ശത്രുവിനോടു പറഞ്ഞു കൊണ്ട് മലയിറങ്ങവെ അനുനിമിഷം അവൻ പ്രതികാരത്തിൻ്റെ മാർഗ്ഗങ്ങൾ തേടി. കൈയിലൊതുങ്ങുന്ന ഒരു കാട്ടുകല്ലു കിട്ടിയാൽ ലാസറിൻ്റെ തല തകർക്കണം.നായയെ കൈയിൽ കിട്ടിയിട്ടും കൊല്ലാൻ തക്കതായ കല്ലു കാൺമാനില്ല.

 കൂളിക്കുന്നിറങ്ങി എരുവച്ചാലിൽ വെച്ച് മാണിയും ലാസറും വേർപിരിഞ്ഞു.
ലാസറിനെ വിട്ട് മാണി മുന്നോട്ടേക്ക് നടക്കുന്തോറും അവൻ്റെ പക കൂർപ്പിച്ച ഒരു കുന്തമുന പോലെ പിന്നോട്ടേയ്ക്ക് തിരിഞ്ഞിരുന്നു. തൻ്റെ അമ്മച്ചി മരിക്കും മുമ്പേ കുഴി വെട്ടി കാത്തിരുന്ന ലാസറിനോട് അന്നു തുടങ്ങിയ പ്രതികാരദാഹം  പുകമാറി അവനിൽ തീപ്പിടിച്ചു.
"ലാസറെ, നിനക്കായി ഒരു കുഴി സെമിത്തേരിയിൽ കാണില്ല. നീ കുഴിയിൽ താഴില്ല. നിന്നെ തിന്നാനായി ഞാൻ വേട്ടപ്പട്ടികളെ വളർത്തും.അവരുടെ വയറായിരിക്കും നിൻ്റെ കുഴിമാടം. "

ദൂരെ നടന്നകലുന്ന മാണിയെ നോക്കി നിഷ്കളങ്കനായ ലാസർ വേദനിച്ചു. 

മനുഷ്യരെല്ലാം പാവത്താൻമാരാണ്.
സ്നഹമുള്ളവരാണ്.മാണിയെ അത്ര നാളും വെറുത്തതിൽ അവൻ പശ്ചാത്തപിച്ചു. വീട്ടിലേക്കു മടങ്ങവെ അവൻ തീരുമാനിച്ചു. ലൂസിയെ വിശ്വാസത്തിലെടുക്കണം.തൻ്റെ  രഹസ്യങ്ങൾ വെളിപ്പെടുത്തണം.
മലമുകളിൽ നിന്നും ഒരു കാറ്റ് അവൻ്റെ ചെവിയിൽ എന്തോ പറഞ്ഞു. ആ മുന്നറിയിപ്പ് കേൾക്കാൻ പറ്റാത്തവണ്ണം ലാസർ തളർന്നിരുന്നു.മാണിയുടെ കരച്ചിൽ അവനെ അത്രമേൽ സങ്കടപ്പെടുത്തിയിരുന്നു.
        
  ☘️☘️☘️☘️☘️☘️☘️ ☘️☘️☘️☘️☘️
                    
മാണിയെ യാത്രയാക്കിയ ശേഷം ലാസർ വീട്ടിലേക്ക് മടങ്ങി. തൻ്റെ ജീവിത രഹസ്യങ്ങൾ ഇനിയെങ്കിലും ഭാര്യയോട് തുറന്നു പറഞ്ഞില്ലെങ്കിൽ അപകടമാവും എന്ന് അവനു തോന്നി. എത്രനാൾ ആണ് ഇങ്ങനെ ചെയ്യാത്ത തെറ്റിന് പഴികേട്ട്   കലഹിച്ച് ജീവിക്കുക?!  വന്നുവന്ന് അത്  ലൂയിസിൻ്റെ പഠനത്തെ വരെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇനി വയ്യ. ലൂസിയോട് എല്ലാം തുറന്നു പറയാൻ തന്നെ ലാസർ തീർച്ചപ്പെടുത്തി. എല്ലാം കേൾക്കുമ്പോൾ അവൾ ചിലപ്പോൾ തന്നെ വിട്ടു പോയേക്കാം. ചിലപ്പോൾ ഇന്നുള്ളതിൻ്റെ നൂറിരട്ടി സ്നേഹിച്ചേക്കാം. ഗുണമായാലും ദോഷമായാലും സമചിത്തതയോടെ അത് സഹിക്കാൻ ലാസർ തയ്യാറായി. 
കൂളിക്കുന്നുകയറി  അവൻ വീട്ടിലേക്ക് നടക്കവെ ദൂരെനിന്നുതന്നെ ആ കാഴ്ച കണ്ടു .വീട്ടുമുറ്റത്ത് അതിഥികൾ വന്നിരിക്കുന്നു. മലയിറങ്ങി വന്ന വനവാസികൾ. തമ്മപ്പനും ചേലിച്ചിയും മുറ്റത്ത് കുത്തിയിരിക്കുകയാണ്.അവർ തണ്ടിൽ കെട്ടി ഇറക്കിയ സാധനങ്ങൾ മുറ്റത്ത് വെച്ചിട്ടുണ്ട്. കാട്ടുകദളിയുടെ കുലകളും  മലഞ്ചരക്കുകളും ഉണക്കിയെടുത്ത ഇറച്ചിയും മുളങ്കുറ്റികളിൽ നിറച്ച മദ്യവും കാട്ടുതേനുമെല്ലാമായി വിരുന്നു വന്നിരിക്കുകയാണ് തമ്മപ്പനും ചേലിച്ചിയും.കഴിഞ്ഞില്ല,  രണ്ടു കെട്ട് കൈതോലയുമുണ്ട്. 
 വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ദേശാടന പക്ഷികളെ പോലെ അവരിരുവരും മലയിറങ്ങി വരും നിറയെ സമ്മാനങ്ങളുമായി !തിരിച്ച് ഒന്നും സ്വീകരിക്കുകയും ഇല്ല .പണമോ വസ്ത്രങ്ങളോ സാധാരണ മനുഷ്യർക്ക് ആവശ്യമുള്ള മറ്റെന്തെങ്കിലുമോ അവർക്ക് ആവശ്യം ഇല്ല എന്നിട്ടും ഒരു അനുഷ്ഠാനം പോലെ തമ്മപ്പനും ചേലിച്ചിയും മലയിറങ്ങി വരും. ഒന്നോ രണ്ടോ മണിക്കൂർ വീട്ടുമുറ്റത്ത് ഇരിക്കും. അവരുടെ വരവ് ലൂസിക്കും ലൂയിസിനും ആഘോഷം തന്നെയാണ് . വനവാസികളുടെ ഭാഷ അറിയില്ലെങ്കിലെന്ത്  തനിക്കാവും വിധം അവരിരുവരുമായി ലൂസി വിശേഷങ്ങൾ പങ്കുവെക്കും.  ലാസറിനു മാത്രമേ അവരുടെ ഭാഷ അറിയാവൂ. അൽഭുതം എന്തെന്നാൽ ലൂസി പറയുന്നത് അവർക്കും അവർ പറയുന്നത് ലൂസിക്കും പരസ്പരം മനസ്സിലാവും എന്നതാണ് .സ്നേഹത്തേക്കാൾ വലിയ ഭാഷ ഏതുണ്ട്?     
കൈതോലയുടെ കെട്ടഴിച്ച് അവർ ലൂസിയെയും  ലൂയിസിനേയും  ഓലമെടയാൻ പഠിപ്പിക്കും.ഓരോ വരവിലും പുതുമയുള്ള എന്തെങ്കിലുമൊക്കെ പഠിപ്പിക്കും. പച്ചക്കറികൾ സൂക്ഷിക്കാനുള്ള കൂട്ടകളും, വട്ടികളും, വല്ലങ്ങളും, തലച്ചുമടു താങ്ങാനുള്ള തെരിയകളുമൊക്കെ ഉണ്ടാക്കാൻ ലൂസിയും ലൂയിസും പഠിച്ചത് അത്തരം വിരുന്നു വരവുകളിലാണ്. ലാസറിന് മറ്റെല്ലാ ജോലികളിലുമുള്ള അതേ കൈവഴക്കം ഓലമെടയലിലുമുണ്ട്.  
ലാസറെ കണ്ടതും തമ്മപ്പനും ചേലിച്ചിയും വേലിയ്ക്കലേക്ക് ഓടി വന്നു. എന്നിട്ട് കാട്ടുഭാഷയിൽ സംസാരിക്കാൻ തുടങ്ങി. ഇനി കുറേ നേരത്തേക്ക് ഓല മെടയൽ നടക്കില്ല. ലൂസിയും ലൂയിസും മുറ്റത്തുള്ള സമ്മാനങ്ങൾ അകത്തു വെക്കാനാരംഭിച്ചു.അപ്പോഴാണ്  വേലിയ്ക്കൽ നിന്നുള്ള അവരുടെ സംസാരത്തിൻ്റെ രീതി  മാറിയതും, മൂവരും ചേർന്നുള്ള കരച്ചിലായി മാറിയതും അവളുടെ കണ്ണിൽ പെട്ടത്.അവർ നോക്കുന്നത് ദൂരെ നീർക്കോലിച്ചോലയിലേക്കാണ്. കൈ ചൂണ്ടിയും കാണിച്ചുമെല്ലാം തമ്മപ്പൻ ലാസറിനോട് എന്തൊക്കെയോ പറഞ്ഞ് കരയുകയാണ്.കൂടെ ചേലിച്ചിയും തേങ്ങുന്നുണ്ട്. മൂവരും കരഞ്ഞും പറഞ്ഞുമെല്ലാം മുറ്റത്തേക്കു വരികയാണ്. ലൂസിയുടെ അടുത്തെത്തിയതും അവർ കരച്ചിലും സംസാരവും നിർത്തി.
തമ്മപ്പൻ തൻ്റെ വടിയിൽ കെട്ടിവെച്ചിരുന്ന ഒരു പൊതി ഏതോ നിധി കൈമാറുന്നതു പോലെ ലാസറെ ഏൽപ്പിച്ചു. ലാസർ അത് വീട്ടിനകത്ത് കൊണ്ടുപോയി വെച്ചു.വിവാഹം കഴിഞ്ഞ ആദ്യ വർഷം മുതൽ ഇരുവരും അവിടെ വിരുന്നു വരുന്നതാണ്. ഓരോ വരവിലും  കൊണ്ടുവരുന്ന സമ്മാനങ്ങൾ ലൂസി കൃത്യമായി എണ്ണമെടുക്കാറുണ്ട്. അവൾ വളർന്ന മoത്തിലെ മദർ അവളെ പഠിപ്പിച്ച പ്രധാനപാഠം ഈ കണക്കെടുപ്പാണ്. അന്യരോട് വാങ്ങുന്ന സമ്മാനങ്ങൾ അലക്ഷ്യമായി സ്വീകരിക്കരുത്. തരുന്നവർക്ക് കണക്കുണ്ടാവും. വെറുതെ തരുന്നവരെ സൂക്ഷിക്കണം.കഴിവതും  ആരിൽ നിന്നും ഒന്നും ദാനമായി വാങ്ങരുത്. വാങ്ങേണ്ടി വന്നാൽത്തന്നെ കണക്ക് എഴുതിവെക്കണം.മദറിൻ്റെ ഉപദേശത്തിൽ  ആദ്യഭാഗം പ്രവർത്തികമാക്കാൻ ലൂസിക്കു സാധിച്ചില്ല.മലമുകളിൽ നിന്ന് സ്നേഹവുമായി വരുന്ന തമ്മപ്പനും ചേലിച്ചിയും കൊണ്ടുവരുന്ന സമ്മാനങ്ങൾ വാങ്ങാതിരിക്കാനായില്ല.മാണി കൊടുത്തയക്കുന്ന പഴങ്ങളും അതുപോലെ അവൾക്ക് വാങ്ങേണ്ടി വന്നു.പക്ഷെ ലൂസി മദറിൻ്റെ രണ്ടാമത്തെ ഉപദേശം കണിശമായി അനുസരിച്ചു. സമ്മാനങ്ങളുടെ കണക്ക് കൃത്യമായി സൂക്ഷിച്ചു.ഓരോ വട്ടവും തമ്മപ്പൻ ലാസറിനു നൽകുന്ന വിശേഷപ്പെട്ട ആ സമ്മാനം മാത്രം അവളുടെ കണക്കിൽ പെട്ടില്ല. വനവാസികൾ മടങ്ങിയാലുടനെ ലാസർ ആ പൊതിയുമായി സ്ഥലം വിടും. ആർക്കു കൊടുക്കാനാണെന്ന് ഒട്ടു പറയുകയുമില്ല.

തമ്മപ്പനും ചേലിച്ചിയും തിരിച്ചു പോകും മുമ്പ്  ലൂയിസിനെ ഓമനിച്ചു.അവരോടൊപ്പം ലാസറും കുറച്ചു ദൂരം മല കയറിയാണ് യാത്രയാക്കാറ് പതിവ്. അന്ന് ലൂയിസും കൂടെ പോയി. പലതും സംസാരിച്ചുകൊണ്ട് അവർ നടന്നു നടന്ന്
ചെങ്കുത്താൻ പാറയുടെ കാൽക്കലെത്തി.തമ്മപ്പൻ കൈകൾ തലയ്ക്കു മുകളിൽ ഉയർത്തി എന്തൊക്കെയോ പ്രാർത്ഥിച്ചു. ചേലിച്ചി   പാറയിൽ നെറ്റിമുട്ടിച്ച് എന്തോ പ്രാർത്ഥിച്ചു.ഇരുവരും  ലൂയിസിൻ്റെ മൂർധാവിൽ ഉമ്മ വെച്ചു. പിരിയുമ്പോൾ അവരുടെ കണ്ണു നിറഞ്ഞിരുന്നു. ലാസറും കരയുകയായിരുന്നു. എന്തുകൊണ്ടോ ലൂയിസും കരഞ്ഞുപോയി.തമ്മപ്പനും ചേലിച്ചിയും  കാട്ടിലേക്കു കയറിപ്പോയി.കാട് അവർക്ക് വഴിമാറിക്കൊടുക്കുന്നതു  പോലെയും അവർ പോയതും കാട് വഴിയടച്ചതു പോലെയാണ് ലൂയിസിനു തോന്നിയത്. അവർ ആരാണ്, എവിടെ നിന്നു വരുന്നു എന്നൊക്കെ ലൂയിസ് അപ്പനോട് ചോദിച്ചു.
"മല കയറി ഇറങ്ങിയാൽ  കതിരവൻ മേട് എന്നൊരു ഗ്രാമമുണ്ട്. വനവാസി ഭാഷയിൽ 'ദിക്കോനാരിൻറം ' എന്നാണ് പറയുക. ആ ഗ്രാമവാസികളാണ് അവർ." ലാസർ പറഞ്ഞു.
" അപ്പാ, അവർ നമ്മളെ കാണാൻ വരുന്നതെന്തിനാണ്? മറ്റു വീടുകളിൽ പോകാത്തതെന്താണ്?'' അവൻ്റെ സംശയം തീർന്നില്ല.ലൂയിസിൻ്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ലാസറിന് മറുപടി പറയാതിരിക്കാൻ പറ്റിയില്ല.
"നിന്നെ ഒരു ദിവസം ഞാൻ ദിക്കോരിന്‌റത്തിലേക്ക് കൊണ്ടു പോകാം .ഈ നാടുപോലെയല്ല, അത് സ്വർഗ്ഗമാണ്. ആ വന്നവർ നിൻ്റെ അമ്മച്ചിയുടെ അച്ഛനമ്മമാരാണ്. ആ വിവരം ആർക്കുമറിയില്ല. ലൂസിക്കും അത് അറിയില്ല .നീയും ആരോടും പറയരുത്".
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൻ്റെ ഭാരം ഒഴിഞ്ഞതായി ലാസറിനു തോന്നി .അപ്പനും മകനും മലയിറങ്ങി. സൂര്യൻ അവരോടൊപ്പം മലയിറങ്ങി. മണ്ണിലൂടെ നടന്ന് വീട്ടിലെത്താൻ അവർക്ക്  അര മണിക്കൂർ മതി. സൂര്യന്  എരുവച്ചാലു കടക്കാൻ നാലു മണിക്കൂറു വേണമെന്ന് ലൂയിസ് കണക്കുകൂട്ടി.അപ്പനും മകനും നല്ല ' തിടുക്കപ്പെട്ട് മലയിറങ്ങി.

☘️☘️☘️☘️☘️☘️☘️ ☘️☘️☘️☘️
                       23
ചുരുൾനിവർത്താനാവാത്ത
                  ജീവിതം.
☘️☘️ ☘️☘️☘️☘️☘️☘️☘️ ☘️☘️
  ലൂസി തെളിഞ്ഞ മനസ്സുള്ളവളാണ്. രഹസ്യങ്ങളില്ലാത്തവളാണ്. കുമ്പസരിക്കാത്തവളാണ്. കുമ്പസരിക്കേണ്ട പാപങ്ങളൊന്നും ചെയ്യാത്തവളാണ്.മഠത്തിൽ വളർന്ന കാലം മുതൽ അവൾ അങ്ങനെയാണ്. കറുത്തു മെലിഞ്ഞ് ഉയരം കുറഞ്ഞ് ചുരുണ്ട മുടിയും ചുറുചുറുക്കുമുള്ള പെണ്ണ്.
മഠം ഒരു ചെറിയ കെട്ടിടമായിരുന്നു.മദറും  പത്തു പതിനെട്ടു സിസ്റ്റർമാരും  ഒരു ആയയും അവിടെ കഴിഞ്ഞു.കുട്ടികൾക്ക് വലിയ ഒരു ഹാൾ. ആ ഹോളിനെ പല ചതുരക്കള്ളികളാക്കി തിരിച്ചിരിക്കുന്നു. ഓരോന്നിനും പ്രത്യേക താഴും താക്കോലും .നിത്യകർമ്മങ്ങളും പഠനവും പ്രാർത്ഥനയും ഒരുമിച്ചു വേണ്ട. പെൺകുട്ടികൾക്ക് വേണ്ടത്ര സ്വകാര്യതയും സ്വാതന്ത്യവും അവരവരുടെ മുറിക്കകത്ത് അനുവദിക്കപ്പെട്ടിരുന്നു. കന്യാസ്ത്രീകളും ആയയുമെല്ലാം കനിവും ,ദൈവ ഭയവും ഉള്ളവരായിരുന്നു.പക്ഷെ അതൊന്നും ലൂസിയൊഴികെയുള്ള അനാഥർക്ക് സന്തോഷമുണ്ടാക്കിയില്ല. തങ്ങളുടെ അനാഥത്വത്തിൻ്റെ അപകർഷതയെ മറികടക്കാൻ അവർ പരസ്പരം മത്സരിച്ചു. നാക്കും നഖവും പല്ലുമെല്ലാമുപയോഗിച്ച് അന്യോന്യം പൊരുതി. തങ്ങളെ പോറ്റുന്ന മാലാഖമാരിൽ ആരെങ്കിലുമാവും തങ്ങളെ പെറ്റതെന്ന് ഓരോരുത്തരും സംശയിച്ചു. നിറവും മുഖവും നീളവുമെല്ലാം നോക്കി അവർ കഥകൾ മെനഞ്ഞു.എന്നിട്ട് തങ്ങളനുഭവിക്കുന്ന ജീവിത സൗകര്യങ്ങളോട് നിരന്തരമായ അതൃപ്തി കാട്ടി.  മഠത്തിൽ അതിനും മാത്രം കൊച്ചുങ്ങളൊന്നുമില്ല. ഉള്ളവരിൽ അവൾ മാത്രമായിരുന്നു അത്ര കറുത്തവൾ. അവിടെ കറുത്ത കന്യാസ്ത്രീകളില്ലാത്തതിനാൽ ലൂസിയുടെ മാതൃത്വം ആരിലും ആരോപിക്കാൻ അവർക്കായില്ല.
തങ്ങളെപ്പോലെ ഒരനാഥയായിട്ടു പോലും ലൂസിയെ 'കരിമ്പി, കള്ളി' എന്നൊക്കെ വിളിച്ച് അവർ നോവിക്കും.

മoത്തിലെ മദർ ലൂസിയെ മകളെപ്പോലെ സ്നേഹിച്ചു.സ്ത്രീ ജീവിതങ്ങളെപ്പറ്റിയും ക്രിസ്തീയ ജീവിതത്തെപ്പറ്റിയും മദർ അവളോട് സംസാരിച്ചു. 'ചെവിക്കുമ്പസാരം' സ്ത്രീകൾ ചെയ്യരുതെന്നും തെറ്റു ചെയ്തു പോയാൽ കതക് അടച്ചിരുന്ന്  ദൈവത്തോട് "എൻ്റെ തെറ്റ്, എന്റെ തെറ്റ് ,എൻ്റെ വലിയ തെറ്റ് " എന്ന് ഏറ്റു പറഞ്ഞ് കരഞ്ഞാൽ മതി, കരയുമ്പോൾ നെഞ്ചത്തടിക്കേണ്ട കാര്യമില്ല എന്ന് അവർ പഠിപ്പിച്ചു.കൊച്ചു കൊച്ചു കഥകളിലൂടെ മദർ ലൂസിയെ നന്മ നിറഞ്ഞവളാക്കി. മറ്റുള്ളവർ പെരുമാറുന്നതു ശ്രദ്ധിക്കേണ്ട അവനവൻ നന്നായാൽ മതിയെന്ന് മദർ പഠിപ്പിച്ചു. ലാസറിൻ്റെ പെണ്ണായി മാറും വരെ മഠത്തിൻ്റെ മതിലുകൾക്കുള്ളിൽ അവൾ തൃപ്തിയോടെ ജീവിച്ചു.വിവാഹശേഷം ലാസറിൻ്റെ പുരയിടം അവളുടെ മഠമായി. മതിലില്ലാത്ത മഠം. ലൂയിസ് പിറക്കും വരെ ആ പുരയിടം മറ്റ് അന്തേവാസികളില്ലാത്ത മറ്റൊരനാഥാലയമായി മാറി..ലാസറും അനാഥനായിരുന്നു.തന്നെ മoത്തിൽ ഏൽപ്പിച്ചതു പോലെ ഫാദർ അൻ്റോണിനസ് ചെയ്ത മറ്റൊരു പുണ്യ പ്രവൃത്തി .ഫാദർ ലാസറിനെ അടിമയാക്കിയില്ല. ഇടവകയിൽ മറ്റാർക്കും കൊടുക്കാത്ത ഒരവകാശം ഫാദർ ലാസറിനു നൽകി.കൂളിക്കുന്നിൻ്റെ ചെരിവിലെ ഭൂമി അവന് ചാർത്തിക്കൊടുത്തു. അത് പള്ളിവകയായിരുന്നില്ല. ആരോ പുണ്യ പ്രവൃത്തി ചെയ്യാൻ ഏൽപ്പിച്ച പണം കൊണ്ടാവാം എന്നോ അദ്ദേഹത്തിൻ്റെ പേരിൽ വാങ്ങിച്ച ഭൂമിയായിരുന്നു അത്. എരുവച്ചാലിനു കിഴക്ക് വശത്തേക്ക്   ഇടവകക്കാർ കുടി പാർക്കരുതെന്ന വിലക്ക് ഓർമ്മിപ്പിച്ച്  ഐപ്പും ,വറീതും കൂട്ടരും അന്ന് ഫാദറിനെതിരെ ഒച്ചയിട്ടു. അവർക്ക് എരുവച്ചാലിൻ്റെ പടിഞ്ഞാറ് തോട്ടങ്ങളുണ്ട്.ഫാദർ വിലക്കിയതുകൊണ്ടാണ് അവർ കാടുകയ്യേറാത്തത്.എന്നിട്ട് അതേ ഫാദർ തൻ്റെ പേരിൽ അവിടെ വസ്തു കൈവശം വെച്ചതും ലാസറിനു കൈമാറിയതും അവരെ ക്ഷുഭിതരാക്കി.അരമനയെമുതൽ റോമയിലെ സിംഹാസനത്ത വരെ പരാതികളയച്ച് ശല്യപ്പെടുത്തി.ഫാദർ അൻ്റോണീനസിൻ്റെ കീർത്തിക്ക് അതൊന്നും മങ്ങൽ വീഴ്ത്തിയില്ല.
" പള്ളീലച്ചന് സ്വകാര്യ സ്വത്തു പാടില്ല.പോക്രിത്തരമാണ് ഫാദർ കാണിച്ചത്." ഇടവക യോഗത്തിൽ ഐപ്പ് കയർത്തു.
" അത് എൻ്റെ ഭൂമിയല്ല. ലാസർ ഈ ഇടവകയിൽ പെട്ടതല്ല. പേര് ലാസർ എന്നിട്ടുവെങ്കിലും അവനെ മാമോദീസാ മുക്കിയിട്ടില്ല. അവനെയെന്നല്ല അനാഥ കുട്ടികളിൽ ആരെയും മാമോദീസ ചെയ്തിട്ടില്ല.പ്രായപൂർത്തിയായി അവർ സ്വയം തയ്യാറായാലേ  അവരെ ഇടവകയിലെ അംഗങ്ങളാക്കൂ. കുടിയേറ്റക്കാലത്ത് നടന്ന കുഴപ്പങ്ങൾ നിങ്ങൾക്കറിവുള്ളതല്ലേ?അന്ന് സഭാ നേതൃത്വം എനിക്ക് തന്ന അനുമതിയാണ് അത്. ആരെങ്കിലും നന്മയുള്ളവർ തയ്യാറായാൽ എൻ്റെ പേരിൽ സ്വത്തു വാങ്ങാം. അത് അനാഥർക്ക് എഴുതി നൽകണം. നമ്മുടെ മാർഗത്തിൽ കൂടിയാലും ഇല്ലെങ്കിലും അവർ ആ ഭൂമിയിൽ പണിയെടുത്ത് ജീവിക്കണം. ലാസറിൻ്റെ കാര്യത്തിൽ ഒരു പ്രത്യേകതയുണ്ട്. നിങ്ങൾക്കറിയുന്നതല്ലേ? അവനെ എനിക്കു കിട്ടിയത് ആ മണ്ണിൽ നിന്നാണ്. ഇന്നാട്ടുകാർ ഉപേക്ഷിച്ചു പോയ കുടിലുകളിലൊന്നിൻ്റെ മുറ്റത്തു നിന്നും ഐപ്പേ ,നിൻ്റെ പണിക്കാരല്ലേ അവനെ എടുത്ത് എന്നെ ഏൽപ്പിച്ചത്? അന്നേ വിവരം ഞാൻ എൻ്റെ ഒരു ധനികനായ ബന്ധുവിന് എഴുതി. അദ്ദേഹമാണ് ആ പുരയിടം തന്നെ അവനു വേണ്ടി വാങ്ങാൻ പണം അയച്ചു തന്നത്.ഇന്നാട്ടു കാർ പലരും കർണ്ണാടകത്തിലേക്ക് കുടിയേറിയതാണ്. ചിലരൊക്കെ ഇപ്പോഴും മലയിലുണ്ടെന്നും കേൾക്കുന്നു.ഞാൻ അവരുടെ മൂപ്പനെ ചെന്നു കണ്ട് രേഖചെയ്തു വാങ്ങി. ഇനി എനിക്ക് ഭൂമിയില്ല. വാങ്ങാൻ തടസ്സവുമില്ല.അനാഥർക്ക് ഭൂമി നൽകേണ്ടി വന്നാൽ ഇനിയും വാങ്ങും, കൊടുക്കും. ഇടവകയുടെ സ്വത്തല്ല അതിന് ചിലവാക്കുന്നത്. "
ഫാദറിൻ്റെ വിശദീകരണത്തിൽ വിവാദം അവസാനിച്ചു.
അങ്ങനെയാണ് ലാസറിനും ലൂസിക്കും പിന്നീട് വാഴാനുള്ള സ്വർഗ്ഗം കൈവന്നത്.

തമ്മപ്പനേയും ചേലിച്ചിയേയും യാത്രയാക്കാൻ ലാസറും ലൂയിസും പോയ ശേഷം ലൂസി അടുക്കളയിലെ തിരക്കിലായി. ഇടയിലെപ്പോഴോ അവളുടെ മൂക്കിലേക്ക്  പരിചിതമല്ലാത്ത ഒരു പൂവിൻ്റെ മണം വന്നു.അത് തിരഞ്ഞ് അവൾ എത്തിപ്പെട്ടത് തമ്മപ്പൻ ലാസറിനെ ഏൽപ്പിച്ച പൊതിയുടെ അടുത്താണ്. പനമ്പു കൊണ്ട് വരമ്പിട്ട പനയോല മെടഞ്ഞ ഒരു കൗതുകപ്പെട്ടി. അത്തരമൊരു പെട്ടി അവൾ ആദ്യമായി കാണുകയായിരുന്നു.അതു തുറക്കാൻ അവൾ ശ്രമിച്ചു.പക്ഷെ പനമ്പിൻ്റെ അരികുകളിലൊന്നും അടപ്പു കാണാനില്ല. പുറത്തു വെയിലത്തു പോയാൽ പഴുതുകണ്ടേക്കാം. അവൾ കൗതുകത്തോടെ അതുമായി മുറ്റത്തു ചെന്നു. സൂക്ഷ്മമായി നോക്കി അവളതു കണ്ടെത്തി. മൊട്ടുസൂചിയോളം പോന്ന ഒരു മുളയാണി. ഏതോ ശില്പിയുടെ കരവിരുത്. ലൂസി നഖം കൊണ്ട് ആണി വലിച്ചെടുത്തു. പാമ്പു ചീറ്റുന്നതുപോലുള്ള ഒരു സീൽക്കാരത്തോടെ പെട്ടിയുടെ അരികുകളിലെ പനമ്പുകൾ തെറിച്ചു പോയി.പെട്ടി ഒരു വലിയ പരവതാനിപോലെ വിടർന്നു വന്നു. കുറേ കാട്ടുപൂക്കൾ തെറിച്ച് അവളുടെ മുഖത്തു വീണു. മനോഹരമായ ഒരു കിടക്കപ്പായ. അതിൻ്റെ നടുവിൽ ഒരു വലിയ ആമയുടെ ചിത്രം .നാലരികിലും നാല്‌ മൃഗങ്ങളുടെ തലകൾ .ആന, സിംഹം, പോത്ത്, പന്നി എന്നിവയുടെ തലകൾ .അതൊക്കെ വരച്ചിരിക്കുകയല്ല. മനോഹരമായി മെടഞ്ഞുണ്ടാക്കിയിരിക്കുന്നു.
ഇതു വെറും കിടക്കപ്പായയല്ല. ഏതോ മാന്ത്രികപ്പരവതാനിയാണ്. ഞെട്ടലോടെ അവൾ പായ തിരിച്ചു മടക്കാൻ ശ്രമിച്ചു.അതിൻ്റെ മടക്കുകൾ കണാനില്ല. ചുരുണ്ടു കിടക്കുകയാണ് .നിവർത്തും തോറും അത് ജീവനുള്ള ഒന്നിനെപ്പോലെ തിരിച്ചു ചുരുണ്ടു!
(തുടരും)